ബാക്കി കൊടുക്കാന്‍ ചില്ലറയില്ല; 2000ത്തിന്റെ കറന്‍സി പല കടക്കാരും എടുക്കുന്നില്ല; ക്യൂ നിന്നു വാങ്ങിയ 2000ന്റെ നോട്ട് നോക്കി അന്തംവിട്ടു ജനം

rsകോട്ടയം: 500 രൂപ, 1000 രൂപ കറന്‍സികള്‍ റദ്ദാക്കിയതിനു പിന്നാലെ പകരം കിട്ടിയ രണ്ടായിരത്തിന്റെ നോട്ട് ജനങ്ങള്‍ക്കു പൊതിയാത്തേങ്ങയായി. സാധാരണ ക്രയവിക്രയങ്ങള്‍ക്ക് 2000 രൂപയുടെ കറന്‍സി ഒരു വിധത്തിലും സഹായിക്കില്ല എന്നതാണു പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. പുതിയ 2000ത്തിന്റെ കറന്‍സി എടുക്കാന്‍ പല കടക്കാരും തയാറല്ല. കാരണം ബാക്കി കൊടുക്കാന്‍ ചില്ലറയില്ല. ബാങ്കില്‍ മണിക്കൂറുകള്‍ ക്യൂ നിന്നു വാങ്ങിയ 2000ത്തിന്റെ കറന്‍സിയും കൈയില്‍ പിടിച്ച് നെടുവീര്‍പ്പിടുകയാണു ജനം.

രണ്ടായിരത്തിന്റെ കറന്‍സിക്കു പകരം സര്‍ക്കാര്‍ 500ന്റെയും നൂറിന്റെയും കറന്‍സിയായിരുന്നു എത്തിക്കേണ്ടിയിരുന്നതെന്നു നാട്ടുകാര്‍ പറയുന്നു. 300 രൂപയുടെ സാധനം വാങ്ങിയിട്ട് എങ്ങനെ 2000ന്റെ നോട്ട് നല്‍കുമെന്നതാണ് അവരുടെ ചോദ്യം. 100ന്റെ നോട്ട് ബാങ്കുകളില്‍ പോലും കണികാണാന്‍ കിട്ടാത്ത അവസ്ഥയാണ്. നൂറു രൂപ കൈയിലുള്ളവര്‍ അതു ചെലവഴിക്കാനും മടിക്കുന്നു. എന്തെങ്കിലും അത്യാവശ്യം നേരിട്ടാന്‍ ഉപയോഗിക്കാന്‍ മറ്റു കറന്‍സികളില്ല എന്നതുതന്നെ കാരണം. ഇതോടെ എല്ലാ മേഖലയിലും കച്ചവടം കുത്തനെ ഇടിഞ്ഞു. കട തുറന്നുവയ്ക്കുന്നതു നഷ്ടം വരുത്തുകയാണെന്നു വ്യാപാരികള്‍ പറയുന്നു. പെട്ടെന്നു ചീത്തയാവുന്ന പഴം, പച്ചക്കറി, മീന്‍ തുടങ്ങിയവ വില്‍ക്കുന്നവരാണ് ഏറെ നട്ടംതിരിഞ്ഞത്.

അഞ്ഞൂറില്‍ കുറഞ്ഞ തുകയ്ക്കു പെട്രോള്‍ അടിക്കാന്‍ കഴിയാത്തതാണു മറ്റൊരു പ്രതിസന്ധി. പെട്രോള്‍ ബങ്കുകളില്‍ നിരോധിച്ച കറന്‍സികള്‍ സ്വീകരിക്കാമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, 500ല്‍ കുറഞ്ഞ തുകയ്ക്കു പെട്രോള്‍ നല്‍കാന്‍ പമ്പുകള്‍ക്കു കഴിയുന്നില്ല. ബാക്കി നല്‍കാന്‍ ചില്ലറ ഇല്ലെന്ന് അവര്‍ പറയുന്നു. ബൈക്കിലും സ്കൂട്ടറിലുമൊക്കെ 100 രൂപയ്ക്കും 200 രൂപയ്ക്കുമൊക്കെ പെട്രോള്‍ നിറയ്ക്കാമെന്നു വച്ചാല്‍ നടക്കില്ലെന്നു ചുരുക്കം. ഇരുചക്രവാഹന ഉടമകള്‍ ശരിക്കും വെട്ടിലായിരിക്കുന്നു.

രണ്ടായിരത്തിന്റെ പുതിയ നോട്ട് ബാങ്കുവഴി മാത്രമേ ഇപ്പോള്‍ ലഭ്യമാകുന്നുള്ളൂ. 2000 രൂപയുടെ നോട്ടുകള്‍ നിറയ്ക്കാനുള്ള സാങ്കേതിക സംവിധാനം എടിഎമ്മുകളിലില്ല. 100 രൂപ, 50 രൂപ കറന്‍സികളാണ് ഇപ്പോള്‍ നിറച്ചിരിക്കുന്നത്. ഇത്തരത്തില്‍ പരമാവധി നാലു ലക്ഷം രൂപ മാത്രമാണു മെഷീനുകളില്‍ നിറയ്ക്കാന്‍ കഴിയുക. ഈ പണം ലോഡ് ചെയ്തു മണിക്കൂറുകള്‍ക്കകം തീരുന്ന സ്ഥിതിയും. എത്രയും വേഗം കുറഞ്ഞ തുകയ്ക്കുള്ള നോട്ടുകള്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related posts