ബിഎംഡബ്ല്യു നൂറ്റാണ്ടിന്റെ നിറവില്‍

bmwമ്യൂണിക്: ലോകത്തെ ഏറ്റവും വലിയ കാര്‍ കമ്പനികളിലൊന്നായ ബിഎംഡബ്ല്യു ഒരു നൂറ്റാണ്ടിന്റെ നിറവില്‍. മാര്‍ച്ച് ഏഴിനായിരുന്നു നൂറാം പിറന്നാള്‍. ഒരു റൗണ്ടിനുള്ളില്‍ നീലയും വെള്ളയും കലര്‍ന്ന കമ്പനിയുടെ ഐക്കണ്‍ പോലെ കത്തിനില്‍ക്കുന്ന സൂര്യതേജസായി ബവേറിയന്‍ സംസ്ഥാനത്തിന്റെ സിരാകേന്ദ്രമായ മ്യൂണിച്ചിലാണ് കമ്പനിയുടെ ആസ്ഥാനം നിലകൊള്ളുന്നത്. ആഗോള തലത്തില്‍ പതിനഞ്ചാമത്തെ വലിയ കാര്‍ കമ്പനിയാണു ബിഎംഡബ്ല്യു.

ബവേറിയന്‍ എന്‍ജിന്‍ മാനുഫാക്ചറര്‍ (ബൈറിഷെ മോട്ടോര്‍ വര്‍ക്‌സ്) എന്നതിന്റെ ചുരുക്കപ്പേരാണ് ഇന്നു ലോകമാകെ അറിയപ്പെടുന്ന ബിഎംഡബ്ല്യു. വിമാന എന്‍ജിനുകള്‍ നിര്‍മിച്ചായിരുന്നു തുടക്കം.

ഇന്നു ജര്‍മനിയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ബിഎംഡബ്ല്യുവില്‍ 1,16,000 പേര്‍ ജോലി ചെയ്യുന്നു. 80 ബില്യന്‍ യൂറോയുടേതാണ് വാര്‍ഷിക അറ്റാദായം. വിമാന എന്‍ജിനുകള്‍ക്കു പിന്നാലെ മോട്ടോര്‍ ബൈക്കുകള്‍ നിര്‍മിച്ചു തുടങ്ങിയ ബിഎംഡബ്ല്യു 1928 ലാണ് ആദ്യമായൊരു കാര്‍ പുറത്തിറക്കുന്നത്. ഡിക്‌സി 3/15 എന്നായിരുന്നു അതിന്റെ പേര്. കരുത്തുറ്റ 15 എച്ച്പി എന്‍ജിനാണ് ഉപയോഗിച്ചത്.

പിന്നാലെ രണ്ടാം ലോക മഹായുദ്ധമെത്തി. ബിഎംഡബ്ല്യുവിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അത്. യുദ്ധത്തിന്റെ അവസാനകാലത്ത് കമ്പനിയിലെ ജോലിക്കാരില്‍ വലിയൊരു ഭാഗം അടിമപ്പണിക്കാരായിരുന്നു.

കമ്പനി ബൈക്ക്, കാര്‍ നിര്‍മാണം വെട്ടിക്കുറച്ച് ജര്‍മന്‍ വ്യോമസേനയ്ക്ക് വിമാനം നിര്‍മിക്കുന്നത് പ്രധാനമാക്കിയിരുന്നു. കാല്‍ ലക്ഷത്തോളം പേരാണ് ഈ യുദ്ധകാല ജോലിക്കായി അടിമപ്പണി ചെയ്തത്. എല്ലാവരും കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍നിന്നു റിക്രൂട്ട് ചെയ്യപ്പെട്ടവര്‍.

യുദ്ധാനന്തര ജര്‍മനിയില്‍ മറ്റു കമ്പനികളെപോലെ ബിഎംഡബ്ല്യുവും പഴയ അടിമപ്പണിക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കി. പതിറ്റാണ്ടുകളായി ഗുന്തര്‍ ക്വാണ്ട് കുടുംബത്തിന്റെ അധീനതയിലാണു കമ്പനി പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും കമ്പനി തുടങ്ങിയത് 1913ല്‍ കാള്‍ റാപ്പ് എന്നയാളാണ്. പിന്നീട് ബിഎംഡബ്ല്യു എന്ന പേരു സ്വീകരിക്കുകയായിരുന്നു.

യുദ്ധം കഴിഞ്ഞപ്പോള്‍ കമ്പനിയുടെ ശ്രദ്ധ വീണ്ടും കാറുകളില്‍ തന്നെയായി. ചെറുകാറുകളുടെയും വലിയ കാറുകളുടെയും കാര്യത്തില്‍ വിജയിച്ച കമ്പനിക്ക് മീഡിയം കാറുകളുടെ കാര്യത്തില്‍ ക്ലച്ച് പിടിക്കാന്‍ കുറച്ചു കൂടി കാക്കേണ്ടിവന്നു. 1959ല്‍ പുറത്തു വന്ന ബിഎംഡബ്ല്യു 1500 ആയിരുന്നു അതിനുത്തരം. അപ്പോഴേക്കും പാപ്പരത്തം നേരിട്ട കമ്പനിയെ ഡെയിംലര്‍ ഏറ്റെടുത്തിരുന്നു.

ഹാറാള്‍ഡ് ക്രൂഗറാണ് കമ്പനിയുടെ ഇപ്പോഴത്തെ ചെയര്‍മാന്‍. 1970-1993 കാലഘട്ടത്തിലെ മികച്ച പ്രകടനം കമ്പനിയെ രാജ്യത്തെ ഒന്നാം സ്ഥാനക്കാരും ലോകത്തെ ഒന്നാം നിരക്കാരുമാക്കി. ആ സമയത്ത് ലോകമാകെ നിര്‍മാണ കേന്ദ്രങ്ങളും തുടങ്ങിയ കമ്പനിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ഏറ്റവും ഒടുവില്‍ ഡ്രൈവറില്ലാതെ ഓടുന്ന കാറും ഇപ്പോള്‍ ഇലക്ടിക് കാറുകളും നിര്‍മിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഹൈഡ്രൈ് പോലുള്ള നൂതന സാങ്കേതിക വിദ്യയുമായി അത്യന്താധുനികയുടെ പാതയിലാണ് ബിഎംഡബ്ല്യു. മ്യൂണിക്കിലെ കമ്പനിയുടെ ആസ്ഥാനത്ത് വിവിധ മേഖലകളില്‍ ഒട്ടനവധി മലയാളികളും ഇപ്പോള്‍ ജോലിചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts