പുതുനഗരം: നാട്ടുകാരെ ഭീതിയിലാക്കിയ കാട്ടുപോത്തിനെ യുവാക്കളുടെ സംഘം പിടിച്ചുകെട്ടി. വടവന്നൂര്‍ ഊട്ടറപ്രദേശത്ത്് നാട്ടുകാര്‍ കണ്ട കാട്ടുപോത്താണ് പുതുനഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ കറങ്ങി പുതുനഗരം പള്ളി ബസാറിലെത്തിയത്. കൊല്ലങ്കോട്ടില്‍ നിന്നും വനംവകുപ്പും കൊല്ലങ്കോട്, പുതുനഗരം പോലീസും ഇന്നലെ രാവിലെ ആറുമണിമുതല്‍ കാട്ടുപോത്തിനെ പിടികൂടാന്‍ നടത്തിയ ശ്രമം വിഫലമായിരുന്നു. അഞ്ച് വയസ് തോന്നുന്ന കാട്ടുപോത്ത് അവസാനം ബസാര്തെരുവിലെത്തി തമ്പടിച്ചു. കാട്ടുപോത്തിനെ പിടികൂടാന്‍ വനംവകുപ്പും പോലീസും നടപടിയെടുക്കാത്തതിനാല്‍ ഇറച്ചി വില്പനകേന്ദ്രത്തിലെ യുവാക്കളെത്തിയാണ് കാട്ടുപോത്തിനെ പിടിച്ചുകെട്ടിയത്. ഇതിനുള്ള ശ്രമത്തില്‍ ഷനോജ്(30),സലീമിന്റെ മകന് ഷാജഹാന്(28) എന്നിവര്‍ക്ക് പരിക്കേറ്റു.
അബൂതാഹിര്‍(27),ഷമീര്‍(31),തന്‍സീര്‍(29),ഷാജഹാന്(32),റാഫി(28),ഫാറൂഖ്(29)അമര്‍(28) റഹ്മത്തുള്ള(30) എന്നിവരടങ്ങുന്ന സംഘമാണ് കാട്ടുപോത്തിനെ കയറുകള്‍ ഉപയോഗിച്ച് കെണിയുണ്ടാക്കി കെട്ടിയിട്ടത്. തുടര്‍ന്ന് പോത്തിന് പോറലേല്‍ക്കാതെ വനംവകുപ്പിന്റെ സഹായത്തോടെ വാഹനത്തിലെത്തിച്ചു. കാട്ടുപോത്തിനെ പിടികൂടിയതറിഞ്ഞ് എത്തിയ ജനകൂട്ടത്തെ പിരിച്ചുവിടുവാന്‍ പോലീസിന് ചെറുതായി ലാത്തിവീശേണ്ടി വന്നു. വൈകുന്നേരം മൂന്നരയോയെ പിടിച്ചുകെട്ടിയ കാട്ടുപോത്തിനെ അഞ്ച്മണിയോടെ നെല്ലിയാമ്പതിയിലെ വനത്തില്‍ വിട്ടു.
ആലത്തൂര്‍ ഭാഗത്ത് നാട്ടുകാര്‍ കണ്ട കാട്ടുപോത്താണ് പുതുനഗരത്ത് എത്തിയതെന്നും വെള്ളംതേടിയെത്തിയ കാട്ടുപോത്ത് ജനങ്ങളുടെ ബഹളം മൂലം പുതുനഗരത്തിലെത്തിപെടുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കൊല്ലങ്കോട് റേഞ്ച് ഓഫീസര്‍ മുഹമ്മദ് സഹീര്‍, റാപ്പിഡ് ആക്ഷന്‍ ടീമിലെ ഹാഷിം, ,നെല്ലിയാമ്പതി ഫ്ളയിംഗ് സ്ക്വാഡിലെ സുമേഷ് , സെക്ഷന്‍ ഫോറസ്റ്റര്‍ ഷാജഹാന് പുതുനഗരം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.