മകരച്ചാല്‍ പാടത്തെ നെല്ലെടുപ്പ് മുടങ്ങി മുടങ്ങിയത് ഈര്‍പ്പത്തിന്റെ പേരില്‍

ALP-NELLUഎടത്വ: കൊടുംചൂടിലും ഈര്‍പ്പത്തിന്റെ പേരില്‍ നെല്ലെടുപ്പ് മുടക്കി. തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് മകരച്ചാല്‍ പാടത്തെ നെല്ലെടുപ്പാണ് മുടക്കിയത്. കൊയ്ത്തു കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ട പത്തു ലോഡ് നെല്ലാണ് പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്.വിളവെടുപ്പ് താമസിച്ച പാടത്ത് സപ്ലൈക്കോയ്ക്കുവേണ്ടി നെല്ല് സംഭരിക്കാനെത്തിയ ഏജന്റുമാര്‍ ഈര്‍പ്പത്തിന്റെ പേരിലാണ് സംഭരണം മുടക്കിയത്. പൊള്ളുന്ന വേനല്‍ചൂടില്‍ ഉണങ്ങികിടക്കുന്ന നെല്ലിന് ഈര്‍പ്പത്തിന്റെ പേരില്‍ അഞ്ചുകിലോ തുക്കം കുറക്കുമെന്ന് ഏജന്റുമാര്‍ പറഞ്ഞതാണ് സംഭരണം മുടങ്ങാന്‍ കാരണം.

പത്തോളം ചെറുകിട കര്‍ഷകരുള്ള പാടത്ത് നെല്ലെടുപ്പ് മുടങ്ങിയത് കര്‍ഷകരില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഏതുനിമിഷവും വേനല്‍മഴ പെയ്യാമെന്നിരിക്കെ പാടത്തെ കൂട്ടിയിട്ട നെല്ല് നനഞ്ഞോ, പാടത്ത് താറാവിനെ ഇറക്കാനായി വെള്ളം കയറ്റിയാല്‍ നെല്ലുവെള്ളത്തിലാകുമോയെന്നും ആശങ്കയിലാണ് കര്‍ഷകര്‍. വിളവെടുപ്പ് താമസിച്ച കുട്ടനാട്ടിലെ പല പാടങ്ങളിലെയും സ്ഥിതിയും വ്യത്യസ്ഥമല്ല. നാലു മാസത്തെ കാത്തിരിപ്പ് നെല്ലെടുപ്പിനുവേണ്ടി വീണ്ടും നീളുകയാണ്. സപ്ലൈകോ ഇടപെട്ട് നെല്ലെടുപ്പ് നടത്താന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Related posts