ശബരിമല: മണ്ഡല മകര വിളക്ക് കാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശമ്പരിമല ക്ഷേത്ര നട ഇന്നു പുലര്‍ച്ചെ മൂന്നിന് തുറന്നു. പുതിയ മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് ക്ഷേത്രനട തുറന്ന് ദീപം തെളിച്ചത്. തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ഗണപതി ഹോമവും നടന്നു. വൃശ്ചിക പുലരിയില്‍ അയ്യപ്പദര്‍ശനത്തിന് വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
ഭക്തര്‍ക്ക് അനുഗ്രഹമായി കെട്ടുനിറയ്ക്കല്‍ മണ്ഡപം
ശബരിമല: ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകര്‍ക്ക് ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിന് പമ്പയില്‍ പുതുതായി നിര്‍മിച്ച മണ്ഡപം തീര്‍ഥാടകര്‍ക്ക് അനുഗ്രഹമാകുന്നു. ഒരേ സമയം 10 തീര്‍ഥാടകര്‍ക്ക് ഇരുമുടിക്കെട്ട് നിറയ്ക്കാനുള്ള സൗകര്യമാണ് ഇവിടെ സജീകരിച്ചിരിക്കുന്നത്. നിറയ്ക്കുന്നതിന് 250 രൂപയാണ് ദേവസ്വംബോര്‍ഡ് അയ്യപ്പഭക്തരില്‍നിന്നും ഈടാക്കുന്നത്.
അന്നദാന മണ്ഡപം പൂര്‍ത്തീകരിച്ചു
ശബരിമല: ശബരിമലയില്‍ എത്തുന്ന അയ്യപ്പതീര്‍ഥാടകര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നതിന് ദേവസ്വം ബോര്‍ഡ് പണികഴിപ്പിച്ച അന്നദാന മണ്ഡപത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ഒരേ സമയം രണ്ടായിരം പേര്‍ക്ക് ഇരുന്ന് ആഹാരം കഴിക്കാനുള്ള സൗകര്യമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. 120 ദിവസം കൊണ്ട് റിക്കാര്‍ഡ് വേഗതയിലാണ് മണ്ഡപത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.
മൂന്ന് നിലയില്‍ പണികഴിപ്പിച്ച അന്നദാന മണ്ഡപം പൂര്‍ണ സജ്ജമാകുമ്പോള്‍ ഏകദേശം അഞ്ചരകോടിയിലധികം രൂപ ആകുമെന്ന് ദേവസ്വം ബോര്‍ഡ് മെംബര്‍ അജയ് തറയില്‍ പറഞ്ഞു. 150 മീറ്റര്‍ വീതിയും 65 മീറ്റര്‍ നീളവുമുള്ള അടുക്കളയാണ് അന്നദാന മണ്ഡപത്തിന്റെ പ്രത്യേകത. ഇത് ഭൂമിക്കടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. അടുക്കളയില്‍നിന്നും അന്നദാന മണ്ഡപത്തിലേക്ക് ലിഫ്റ്റ് സംവിധാനവും ഒരുക്കുന്നുണ്ടെന്ന് ദേവസ്വം അസി. എന്‍ജിനിയര്‍ ജി. ബസന്ത് കുമാര്‍ പറഞ്ഞു.
വിഷു ഉത്സവത്തിനു മുമ്പായി അന്നദാന മണ്ഡപം പൂര്‍ണസജ്ജമാക്കാനുള്ള തയാറെടുപ്പിലാണ് ദേവസ്വം മരാമത് വിഭാഗം. അന്നദാന മണ്ഡപത്തിലേക്ക് ഒന്നരകോടി രൂപ വിലവരുന്ന സ് റ്റെയില്‍നസ് സ്റ്റീല്‍ മേശകളും അനുബന്ധ ഉപകരണങ്ങളും കൊല്ലത്ത് അയ്യപ്പ ഭക്തനായ വ്യവസായിയാണ് വഴിപാടായി സമര്‍പ്പിച്ചത്.
പമ്പയില്‍നിന്ന് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കും
ശബരിമല: പമ്പയില്‍നിന്നും 20 മുതല്‍ കെഎസ്ആര്‍ടിസി അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കും. ചെന്നൈ, തെങ്കാശി, മധുര, കോയമ്പത്തൂര്‍, കന്യാകുമാരി എന്നീ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വീസുകള്‍ നടത്തുക. പമ്പയില്‍നിന്ന് ചെങ്ങന്നൂരിലേയ്ക്കായിരിക്കും പുതിയ ശബരി ഡീലക്‌സ് ബസുകള്‍ ആരംഭിക്കുകയെന്നും അധികൃതര്‍ പറഞ്ഞു. മിനി ബസുകള്‍ ഇന്നു രാവിലെ മുതല്‍ സര്‍വീസ് ആരംഭിച്ചു. ശബരിമല തീര്‍ഥാടകര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും കെഎസ്ആര്‍ടിസി പമ്പയിലും മറ്റു ഡിപ്പോകളിലും ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസിയുടെ പമ്പ സെപ്ഷല്‍ ഓഫീസര്‍ ജി. ശരത് രാഷ്ട്രദീപികയോടു പറഞ്ഞു.