മയക്കുമരുന്ന് കടത്ത്: രണ്ടു വിദേശികള്‍ക്കു മൂന്നു വര്‍ഷം തടവും പിഴയും

EKM-COURTകൊച്ചി: മയക്കുമരുന്നു കടത്ത് കേസില്‍ രണ്ടു വിദേശികള്‍ക്കു മൂന്നു വര്‍ഷം കഠിന തടവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. ദക്ഷിണാഫ്രിക്കന്‍ സ്വദേശിനി ഡോര്‍ഗാസ് ഡോളി (47), സിംബാബ്‌വെ സ്വദേശിനി സീലിയ ഡോമിന്‍ഗോ (35) എന്നിവരെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എസ്.അംബിക ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഇരുവരും ആറു മാസം വീതം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിലുണ്ട്. 2014 ഡിസംബര്‍ 21 നാണ് 14 കിലോ എഫഡ്രിന്‍ വിഭാഗത്തില്‍പെടുന്ന മയക്കുമരുന്ന് കസ്റ്റംസ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിനിയില്‍നിന്നു പിടികൂടിയത്.

സിംബാബ്‌വെ സ്വദേശിനിയെ 20 കിലോ തൂക്കം വരുന്ന എഫഡ്രിനുമായി പിടികൂടിയത് 2015 ജൂലൈ 21 നും. രണ്ടു കേസുകളിലും വ്യത്യസ്ത വിചാരണ നടത്തിയാണ് അഡീഷണല്‍ സെഷന്‍സ് കോടതി പ്രതികള്‍ക്ക് ശിക്ഷ പ്രഖ്യാപിച്ചത്. രണ്ട് വാനിറ്റി ബാഗുകളിലായി കടത്താന്‍ ശ്രമിക്കവെയാണ് സീലിയയെ കസ്റ്റംസ് പിടികൂടിയത്.  ഇരുവരില്‍നിന്നുമായി വിദേശത്ത് 50 കോടിയിലേറെ രൂപ വില വരുന്ന മയക്കുമരുന്നാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

ദോഹ വഴി ഹരാരെയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കവെയാണ് സിംബാബ്‌വെ സ്വദേശിനിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. സംശയം തോന്നി ഇവരുടെ സ്യൂട്ട്‌കേസ് പരിശോധിച്ചപ്പോള്‍ ചെരിപ്പുകളും ഷൂസുമാണ് അതിലുണ്ടായിരുന്നത്. കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ മറ്റൊരു അറയില്‍ ഒളിപ്പിച്ച നിലയില്‍  മയക്കുമരുന്ന് കണെ്ടത്തുകയായിരുന്നു. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ വിധിക്കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതിവിധി.

Related posts