മലയാളവും വിക്രവും തമ്മില്‍ ഇഴ പിരിയാത്ത് ഒരു ബന്ധമുണ്ട്. അഭിനയത്തിന്റെ ആദ്യ നാളുകളില്‍ വിക്രം അഭിനയിച്ച മലയാള സിനിമകള്‍ മാത്രമല്ല ആ ബന്ധത്തിനു പിന്നില്‍. തന്റെ ജീവിത സഖിയെ വിക്രം കണ്ടെത്തിയത് കേരളത്തില്‍ നിന്നായിരുന്നു. ധ്രുവം, മാഫിയ, സൈന്യം എന്നിവയ്ക്കു ശേഷം ഒരു വിക്രം സിനിമ മലയാളത്തില്‍ ഉണ്ടായില്ല. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം സഹതാരമായി തിളങ്ങിയ വിക്രം പിന്നീട് തമിഴില്‍ വ്യക്തമായ സ്ഥാനം നേടി. ഓരോ സിനിമയിലും വ്യത്യസ്തതകള്‍ തേടുന്ന നടനാണ് തമിഴ് സൂപ്പര്‍താരം ചിയാന്‍ വിക്രം.
ആവര്‍ത്തനങ്ങളെ പാടെ ഒഴിവാക്കാനുള്ള ശ്രമം വിക്രം ചിത്രങ്ങളുടെ പ്രത്യേകതയാണ്. വേഷപ്പകര്ച്ചയിലും കഥാപാത്രത്തിന്റെ അവതരണത്തിലും ആ വ്യത്യസ്തത പുലര്‍ത്താന്‍ വിക്രം പ്രത്യേകം ശ്രദ്ധിക്കുന്നു. ഇമേജുകളുടെ പുറകെ പോകാതെ നല്ല സിനിമകളുടെ ഭാഗമാകാനായിരുന്നു എന്നും താല്പര്യം. ബോക്സ് ഓഫീസിന്റെ വ്യാപാര കണക്കുകളിലോ ആരാധകരുടെ കൈയടിക്കോ വേണ്ടിയായിരുന്നില്ല വിക്രമിന്റെ സിനമകള്‍. പക്ഷെ, വിക്രം ചിത്രങ്ങള്‍ക്ക് ഇതൊന്നും അന്യമായിരുന്നില്ല എന്നതും യാഥാര്‍ഥ്യം.
വിക്രമിന്റെ ഓണം
തലൈവര്‍ സിനിമ റിലീസ് ചെയ്യുന്ന ദിവസമാണ് ഒരു തമിഴ്നാട്ടുകാരന് അവന്റെ ദീപാവലി. എന്നാല്‍, ഒരു മലയാളിയെ കണ്ടുമുട്ടുമ്പോഴാണ് തന്റെ ഓണം. നിരത്തിവച്ചിരിക്കുന്ന ടെലിവിഷന്‍ കാമറകള്‍ക്കും മിന്നിമറയുന്ന ഫഌഷുകള്ക്കു മുന്നിലിരുന്ന് ഇത് പറയുമ്പോള്‍ ആ മുഖത്ത് നിഷ്കളങ്കമായ പുഞ്ചിരി നിറഞ്ഞു നില്ക്കുന്നുണ്ടായിരുന്നു.
ഓണ സമ്മാനം
മലയാളിക്ക് ഒരു ഓണ സമ്മാനവുമായിട്ടാണ് ഇക്കുറി വിക്രം കേരളത്തിലെത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പം രണ്ടു തവണ കേരളത്തില്‍ ഓണം ആഘോഷിച്ചിട്ടുണ്ടെങ്കിലും ഈ ഓണം മലയാളത്തിന്റെ മരുമകന് പ്രത്യകത നിറഞ്ഞതാണ്. മലയാളത്തിന്റെ സൂപ്പര്‍ താര ചിത്രങ്ങള്‍ക്കൊപ്പം തന്റെ അഭിനയ ജീവിതത്തില്‍ ഏറെ പ്രത്യേകതകളുള്ള ഒരു ചിത്രം മലയാളികള്‍ക്കു മുന്നില്‍ എത്തിക്കുകയാണ് വിക്രം. അതും മലയാളത്തിലെ സൂപ്പര്‍ താര ചിത്രങ്ങള്‍ക്കൊപ്പം. ആദ്യമായി ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഇരുമുഖന് വിക്രമിന് ഏറെ പ്രതീക്ഷകളുള്ള സിനിമയാണ്. ഒരു വര്‍ഷത്തെ അധ്വാനം ഈ ചിത്രത്തിന്റെ പിന്നിലുണ്ട്. മലയാളികള്‍ക്കുള്ള തന്റെ ഓണ സമ്മാനമാണ് ഈ ചിത്രമെന്ന് വിക്രം പറഞ്ഞു.
മലയാളത്തില്‍ ഒരു സിനിമ
മലയാളത്തില്‍ ഒരു വിക്രം സിനിമ ആഗ്രഹിക്കാത്ത മലയാളി ഉണ്ടാകില്ല. ഒരു മലയാള സിനിമ വിക്രമിന്റേയും സ്വപ്നമാണ്. അതിനേക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ട്. മികച്ച സിനിമകള്‍ ഉണ്ടാകുന്ന നാടാണ് കേരളം. അതുകൊണ്ടു തന്നെ താന്‍ ചെയ്യുന്ന സിനിമയും മികച്ചതാകണം. ബാംഗ്ലൂര്‍ഡേയ്സ്, പ്രേമം, അഞ്ചു സുന്ദരികള്‍ തുടങ്ങിയ ചിത്രങ്ങള്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളാണ്. കഥയെ നായകനാക്കി സിനിമ ചെയ്യുന്ന മികച്ച യുവ സംവിധായകര്‍ മലയാളത്തിലുണ്ട്. മലയാളത്തില്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അത് എക്കാലവും നിലനില്‍ക്കുന്ന ഒന്നായിരിക്കണമെന്നാണ് ആഗ്രഹം. വര്ഷങ്ങള്ക്കപ്പുറവും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ചിത്രം. മികച്ച തിരക്കഥ ഉണ്ടെങ്കില്‍ ബഡ്ജറ്റ് പോലും തനിക്ക് പ്രശ്നമല്ല. മലയാളത്തിനുള്ള തന്റെ ഒരു സമ്മാനമായിരിക്കും ആ സിനിമ. വിക്രം മനസ് തുറന്നു.
വിക്രം എന്ന നിര്‍മാതാവ്
പല താരങ്ങളും സ്വന്തം നിര്‍മാണ കമ്പനി തുടങ്ങി സിനിമകള്‍ നിര്‍മിക്കുന്നത് മലയാളത്തില്‍ മാത്രമല്ല തമിഴിലും സാധാരണമാണ്. ഏറ്റവും ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് നിര്‍മാതാവിന്റെ കുപ്പായം അണിയാന്‍ ഒരുങ്ങുന്നത് നയന്‍താരയാണ്. എന്നാല്‍, തന്നില്‍ നിന്നും ഒരു നിര്‍മാതാവിനെ പ്രതീക്ഷിക്കേണ്ടന്നാണ് വിക്രമിന്റെ പ്രതികരണം. ഒരു ക്രിയേറ്റര്‍ എന്നതില്‍ കവിഞ്ഞ് മറ്റൊന്നും തനിക്ക് കഴിയില്ല. അഭിനയം, വീട്, ജിം ഇതുമാത്രമേ തന്റെ മനസില്‍ ഉള്ളു. എന്നാല്‍, രണ്ടു മൂന്ന് കൊല്ലത്തിനപ്പുറം ഒരു സിനിമ സംവിധാനം ചെയ്യും. നല്ലൊരു തിരക്കഥ കിട്ടിയാല്‍ അതു സംഭവിക്കും. പണം ഉണ്ടെന്നുള്ളതല്ല നിര്‍മാതാവാകാനുള്ള യോഗ്യത.
വ്യത്യസ്തതകള്‍ തേടുന്ന നടന്
ഒരോ സിനിമയിലും എന്തെങ്കിലും വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കുന്ന നടനാണ് വിക്രം. ആദ്യകാലത്ത് വിക്രമിന്റെ അഭിനയ ജീവിതത്തില്‍ ഏറെ പ്രത്യേകതകളുള്ള സിനിമയാണ് ഇരുമുഖന്. തന്റെ ഇഷ്ട താരങ്ങളായ കമലഹാസന്റെയും അല്പ്പാച്ചിനോയുടെയും അഭിനയ രീതിയെ അനുകരിക്കാന്‍ താന്‍ ശ്രമിക്കുമായിരുന്നു. എന്നാല്‍, അഭിനയിക്കുമ്പോള്‍ അവരെ മറക്കാന്‍ സംവിധായകന് ബാലയാണ് തന്നോട് പറഞ്ഞത്. ഇപ്പോള്‍ ഓരോ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴുമ്പോഴും വിക്രമിനെ മറക്കാനാണ് ശ്രമം. ചെയ്യുന്ന ഓരോ കഥാപാത്രങ്ങളും വ്യത്യസ്തങ്ങളും സ്വന്തമായി വ്യക്തിത്വമുള്ളതുമായിരിക്കണമെന്നാണ് ആഗ്രഹം.
വില്ലനും നായകനും ഒരാളാകുമ്പോള്‍
ആദ്യമായി വിക്രം ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് ഇരുമുഖന്. അഖിലന് എന്ന നായകനും ലൗ എന്ന വില്ലനും. കാഴ്ചയില്‍ ഏറെ വ്യത്യസ്തമാണ് ഇരു കഥാപാത്രങ്ങളും. സ്ത്രൈണത കലര്‍ന്ന ലൗ എന്ന കഥാപാത്രത്തിനു പിന്നില്‍ ഒരു സസ്പെന്‍സ് ഉണ്ടെന്ന് വിക്രം പറയുന്നു. തനിക്ക് ഏറെ ഇഷ്ടവും ഈ വില്ലനെ തന്നെ. നായകന് ഡാന്‍സും പാട്ടും ഫൈറ്റും ചെയ്താലും ലൗവിന്റെ സ്ക്രീന്‍ പ്രസന്സിനുമുന്നില് പരാജയപ്പെടും. വില്ലന്‍ കരുത്തനാകുമ്പോഴാണ് നായകന് വീരോചിതനാകുന്നത്. അന്യനിലും ഐയിലും വേഷപ്പകര്‍ച്ചയില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച വിക്രം ഇരുമുഖനില്‍ എത്തുമ്പോള്‍ വ്യസ്തമായ രണ്ടു കഥാപാത്രങ്ങളായി പരസ്പരം പോരടിക്കുകയാണ്.
പുതിയ ചിത്രം
ഹരി സംവിധാനം ചെയ്ത സ്വാമി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അടുത്തതായി ചെയ്യുന്നത്. സ്വാമി 2 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. സെപ്റ്റംബര്‍ എട്ടിന് കേരളത്തിലെ തിയറ്ററുകളില്‍ എത്തുന്ന ഇരുമുഖന് നിര്‍മിച്ചിരിക്കുന്നത് ഷിബു തമീന്‍സാണ്. നയന്‍താരയും നിത്യാമേനോനും നായികമാരുന്ന ചിത്രത്തിന്റെ സംവിധായകന് ആനന്ദ് ശങ്കറാണ്. ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഹാരിസ് ജയരാജാണ്. ഇരുമുഖന്റെ ട്രെയിലര്‍ ഇതിനോടകം ജനശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം കൊച്ചിയിലെത്തിയതായിരുന്നു വിക്രം.