മലയാളി പോലീസ്

policeഋഷി

സൈറണ്‍ മുഴക്കി ചുവന്ന ലൈറ്റുള്ള ജീപ്പില്‍ പാഞ്ഞുവരുന്ന പോലീസ് ജീപ്പ്. അതില്‍ നിന്നു ചാടിയിറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥന്‍…

മലയാള സിനിമയില്‍ നായകനെ ഇത്തരത്തില്‍ അവതരിപ്പിച്ചിട്ടുള്ള സീനുകള്‍ നിരവധിയാണ്. പോലീസ് കഥകള്‍ക്ക് മറ്റുഭാഷകളിലെന്നപോലെ മലയാളത്തിലും വന്‍ ഡിമാന്‍ഡാണ്. ആളുകളെ രസിപ്പിക്കുന്നവയാണ് പോലീസ് സിനിമകള്‍. ജനം ആഗ്രഹിക്കുന്ന കാര്യങ്ങളാണ് മിക്കപ്പോഴും സിനിമയിലെ പോലീസ് നായകന്‍ സ്ക്രീനില്‍ അവതരിപ്പിക്കുക. അഴിമതിക്കാരോട് ജനം പറയാനാഗ്രഹിക്കുന്നതാണ് സിനിമയിലെ പോലീസ് നായകന്‍ ഇടിവെട്ട് ഡയലോഗായി പറയുന്നത്. അതുകൊണ്ടാണ് അറിയാതെ ഓരോ പ്രേക്ഷകനും അതുകാണുമ്പോള്‍, അവരുടെ ഇടിവെട്ട് ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ കയ്യടിച്ചുപോകുന്നത്.

അത്തരത്തില്‍ കയ്യടി നേടിയ ഒരുപാട് കഥാപാത്രങ്ങളുണ്ട് മലയാളസിനിമയുടെ പോലീസ് കുടുംബത്തില്‍. അവരെയെല്ലാം ചേര്‍ത്തു നിര്‍ത്തി ഒരു പാസിംഗ് ഔട്ട് പരേഡ് നടത്തിയാല്‍ അതൊരു കാഴ്ചയായിരിക്കും.

ജസ്റ്റ് റിമംബര്‍ ദാറ്റ്…

മലയാള സിനിമയിലെ എക്കാലത്തേയും കിടിലന്‍ പോലീസ് ഓഫീസര്‍ ആരെന്ന് ചോദിച്ചാല്‍ കമ്മീഷണര്‍ ഭരത്ചന്ദ്രന്‍ എന്ന് പറയേണ്ടി വരും. ഇടിവെട്ട് ഡയലോഗും കിടിലന്‍ പെര്‍ഫോമന്‍സുമായി കേരളത്തിലെ തിയറ്ററുകളെ ഞെട്ടിച്ച ഭരത്ചന്ദ്രന്‍ മൂന്നുതവണയാണ് മലയാളത്തിന്റെ വെള്ളിത്തിരയെ ത്രസിപ്പിക്കാനെത്തിയത്.

സുരേഷ് ഗോപിയെന്ന നടന് ഏറ്റവും ചേര്‍ച്ചയുളള വേഷം പോലീസ് വേഷമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഐജി എന്ന സിനിമയില്‍ ഇക്കാര്യം പറയുന്നുമുണ്ട്.

കമ്മീഷണര്‍ എന്ന സിനിമയിലൂടെ പതിച്ചുകിട്ടിയ പോലീസ് ഇമേജ് പലപ്പോഴും സുരേഷ്‌ഗോപിക്ക് പ്രതികൂലമായും മാറിയിട്ടുണ്ട്.

മമ്മുട്ടിയും മോഹന്‍ലാലും ദിലീപും ജയറാമും തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളം പോലീസായിട്ടുണ്ട്. മമ്മുട്ടിയുടെ കരടി ബാലു എന്ന ആവനാഴിയിലെ കഥാപാത്രം മലയാളത്തിലെ ഏറ്റവും റിയലിസ്റ്റിക്കായ പോലീസ് കഥാപാത്രമാണ്. രൗദ്രത്തിലെ നരിയും പ്രേക്ഷകരെ ഹരം കൊള്ളിച്ചു. ക്രൈംബ്രാഞ്ച് ഓഫീസര്‍ പെരുമാള്‍ ആയി മമ്മുട്ടി അഭിനയിച്ച ഓഗസ്റ്റ് 1, ഓഗസ്റ്റ് 15 എന്നീ സിനിമകളും പ്രേക്ഷകര്‍ക്കിഷ്ടമാണ്. രാക്ഷസരാജാവിലെ പോലീസ് വേഷവും ഹിറ്റായി. ജനങ്ങള്‍ കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്ന പോലീസ് വേഷങ്ങളായിരുന്നു അവയെല്ലാം.

കെ.ജി.ജോര്‍ജിന്റെ യവനിക എന്ന ചിത്രത്തിലൂടെയാണ് മമ്മുട്ടി പോലീസ് വേഷമണിയുന്നത്. ്അതില്‍ ഒരു മാന്‍ മിസിംഗ് കേസ് അന്വേഷണം കൊലപാതക കേസിലേക്ക് നീളുന്നതും അതിന്റെ വളരെ രസകരമായ അന്വേഷണവും മമ്മുട്ടിയുടെ കയ്യില്‍ ഭദ്രമായിരുന്നു.

മോഹന്‍ലാല്‍ ബാബാ കല്യാണി പോലുളള കിടിലന്‍ പോലീസ് വേഷങ്ങളില്‍ തിളങ്ങിയപ്പോള്‍ മോഹനന്റെ മുഖം, പത്മരാജന്റെ കരിയിലക്കാറ്റു പോലെ എന്നീ സിനിമകളില്‍ വ്യത്യസ്തമായ പോലീസ് കഥാപാത്രങ്ങളെ വളരെ ഒതുക്കത്തോടെ അവതരിപ്പിച്ചു.

മുംബൈ പോലീസ്

മുംബൈ പോലീസ് എന്ന സിനിമ  പൂര്‍ണമായും ഒരു പോലീസ് സിനിമയായിരുന്നു. അതിലെ ഓരോ കഥാപാത്രവും മനസില്‍ തങ്ങുന്നതായിരുന്നു. പ്രത്യേകിച്ച് കുഞ്ചന്‍ എന്ന നടന്‍ അവതരിപ്പിച്ച പോലീസുകാരന്‍. പൃഥ്വിരാജും ജയസൂര്യയും റഹ്മാനുമടക്കം എല്ലാവരും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു അത്.

പോലീസിലെ വില്ലന്‍മാര്‍

ക്രൂരനായ പോലീസുകാരനാകാന്‍ പണ്ട് അസീസും കെപിഎസി സണ്ണിയും ബാലന്‍ കെ നായരുമൊക്കെയായിരുന്നു. ഇപ്പോള്‍ സ്ഫടികം ജോര്‍ജും ഭീമന്‍രഘുവും വിജയരാഘവനും സിദ്ധിഖും ഈ വേഷങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യുന്നു.

ബിജു മേനോന്‍ പത്രം എന്ന സിനിമയില്‍ അവതരിപ്പിച്ച ഫിറോസ് മുഹമ്മദ് എന്ന കമ്മീഷണര്‍ കഥാപാത്രം തീയറ്ററുകളില്‍ കയ്യടി നേടിയ കഥാപാത്രമാണ്.

സുകുമാരനും സോമനുമെല്ലാം പോലീസ് വേഷങ്ങളെ അത്യുജ്ജ്വമാക്കിയവരാണ്. സുകുമാരന്‍ ഒരു സിബിഐ ഡയറിക്കുറിപ്പില്‍ അവതരിപ്പിച്ച ഡിവൈഎസ്പി ദേവദാസിനെ മറക്കാനാകുമോ. മാഫിയ എന്ന സിനിമയിലെ ഡിവൈഎസ്പി ഗോവിന്ദനെ സോമന്‍ മറക്കാനാവാത്ത വിധം അവതരിപ്പിച്ചു.

ജനാര്‍ദ്ദനനാണ് മറ്റൊരു പോലീസ് താരം. ഐജിയായി മറ്റൊരു നടനെ സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നായിട്ടുണ്ട്.
പത്രം എന്ന സിനിമയിലെ ഡേവിഡ് സഭാപതി എന്ന കമ്മീഷണറായി കൊച്ചിന്‍ഹനീഫ  തകര്‍ത്താടുകയായിരുന്നു. രാജന്‍ പി ദേവ് എന്ന നടനും ഒരുപാട് പോലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വില്ലനായിട്ടാണ് ഏറെയെങ്കിലും ഭരത്ചന്ദ്രനിലെ പൂക്കോയ വ്യത്യസ്തനായ പോലീസുകാരനായി.

ജയറാമിന്റെ ശരീരഭാഷ ഒരു പോലീസുകാരന്റെയല്ലെങ്കിലും നന്‍മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്ന പോലീസ് സിനിമ ജയറാമിന്റെ നല്ല പോലീസ് ചിത്രമാണ്. എന്നാല്‍ പിന്നീട് വന്ന പല പോലീസ് സിനിമകളും ജയറാമിന് ഗുണമായില്ല.
മുകേഷ് പോലീസ് വേഷമിട്ട പല ചിത്രങ്ങളുണ്ടെങ്കിലും ഫാസിലിന്റെ മാനത്തെ വെളളിത്തേരിലെ പോലീസ് ഓഫീസര്‍ ഓര്‍മിക്കപ്പെടുന്നതാണ്.

ഇന്ദ്രജിത്ത് പോലീസ് യൂണിഫോം ധരിച്ച മീശമാധവന്‍ വില്ലനായ പോലീസുകാരന്റെ ചിത്രമാണ്.
സായ്കുമാറും വിജയകുമാറുമൊക്കെ പോലീസായിട്ടുണ്ട്. കലാഭവന്‍ മണിയും കലാഭവന്‍ ഷാജോണും പോലീസായപ്പോള്‍ അത് പ്രേക്ഷകര്‍ ഏറ്റവും വെറുത്ത പോലീസുകാരായി അവര്‍. ദൃശ്യത്തിലെ ഷാജോണിനെ പേടിയോടെയല്ലേ കാണാന്‍ കഴിയൂ.

സുരേഷ്കൃഷ്ണയാണ് പോലീസ് വേഷങ്ങളില്‍ സ്ഥിരമായി കാണുന്ന മറ്റൊരു നടന്‍. ജഗതി ശ്രീകുമാറും മാള അരവിന്ദനും കുതിരവട്ടം പപ്പവും ഇന്ദ്രന്‍സും സുരാജും തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക ഹാസ്യതാരങ്ങളും പോലീസുകാരായിട്ടുണ്ട്.

നടന്‍ തിലകന്‍ അവതരിപ്പിച്ചിട്ടുള്ള പോലീസ് കഥാപാത്രങ്ങള്‍ ഓരോന്നും ഒന്നിനൊന്ന് മികച്ചതാണ്. കിരീടത്തിലെ കഥാപാത്രം മാത്രം പോരെ ആ മികവ് മനസിലാക്കാന്‍. മുഖമുദ്ര എന്ന സിനിമയില്‍ ഡബിള്‍റോളില്‍ പോലീസായി തിലകന്‍ തിളങ്ങി.

നെടുമുടി വേണു അധികമൊന്നും പോലീസായിട്ടില്ലെങ്കിലും ധനം എന്ന സിനിമയിലെ പോലീസ് വേഷം മാത്രം മതി അദ്ദേഹത്തിന്റെ പോലീസ് വേഷം ഓര്‍മിക്കാന്‍.

നടികളില്‍ വാണി വിശ്വനാഥാണ് പോലീസായി തിളങ്ങിയ താരം. ശോഭന സൂപ്പര്‍മാനിലൂടെയും കാക്കിയണിഞ്ഞു. കല്‍പ്പന ആവനാഴിയില്‍ ദാക്ഷായണി എന്ന വനിത എസ്‌ഐ ആയി. ഇപ്പോള്‍ മഞ്ജുവാര്യരും അഭിരാമിയുമെല്ലാം പോലീസ് യൂണിഫോം അണിയുന്നു.

ആക്ഷന്‍ ഹീറോ ബിജുവില്‍ മേജര്‍ രവിയും പോലീസായി. ഫഹദ് ഫാസില്‍ പോലീസായ വണ്‍ ബൈ ടു തിയറ്റര്‍ ഫ്‌ളോപ്പായതിനാല്‍ ശ്രദ്ധിക്കപ്പെട്ടില്ല.

ആസിഫലി പോലീസാകുന്ന ചിത്രവും കുഞ്ചാക്കോ ബോബന്‍ പോലീസാകുന്ന സിനിമയും വരാന്‍ പോകുന്ന പോലീസ് ചിത്രങ്ങളാണ്.

എത്ര കണ്ടാലും മതിവരാത്തവയാണ് മലയാളിക്ക് പോലീസ് സിനിമകള്‍. അതുകൊണ്ടാണ് അത്തരം കഥകള്‍ വീണ്ടും വീണ്ടും ഉണ്ടാകുന്നത്.

എന്തായാലും ഏതായാലും മലയാളത്തിന്റെ വെള്ളിത്തിരയെ കോരിത്തരിപ്പിച്ച പോലീസ് കഥാപാത്രങ്ങള്‍ക്കും വരാനിരിക്കുന്ന പോലീസ് കഥാപാത്രങ്ങള്‍ക്കും നല്‍കാം ഒരു കിടിലന്‍ സെല്യൂട്ട്.

Related posts