മലയാളി വിദ്യാര്‍ഥിയെ പാന്‍മസാല സംഘം മര്‍ദിച്ചുകൊന്നു; കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശി; മൂന്നു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്, മരിച്ചത് ഒന്‍പതാം ക്ലാസുകാരന്‍

Deathന്യൂഡല്‍ഹി: മലയാളി വിദ്യാര്‍ഥിയെ പാന്‍മസാല സംഘം മര്‍ദിച്ചുകൊന്നു. പാലക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണന്റെ മകന്‍ രജത് മേനോന്‍ ആണ് മരിച്ചത്. രണ്ടു കുട്ടികള്‍ക്കു പരിക്കുണ്ട്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ മയൂര്‍വിഹാര്‍ സെയ്‌സ്  മൂന്നിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ രജത് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവെ സ്ഥലത്തുള്ള പാന്‍മസാലക്കടയില്‍നിന്നു സാധനം എടുത്തതുമായി സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. രജത്തും സുഹൃത്തുക്കളും ചേര്‍ന്ന് മോഷണം നടത്തുകയായിരുന്നെന്ന് കടക്കാരന്‍ ആരോപിക്കുന്നു.

തുടര്‍ന്ന് കടക്കാരനും സംഘവും ചേര്‍ന്ന് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിക്കുകയും രജത്തിനെ മരിച്ച നിലയില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.  എന്നാല്‍, കളിച്ചുകൊണ്ടിരുന്നപ്പോള്‍ കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ന്യൂ അശോക് നഗര്‍ പോലീസ് കൂടെയുണ്ടായിരുന്ന മൂന്നു കുട്ടികളുടെ മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍, ഇതുവരെ ആരെയും  പിടികൂടിയിട്ടില്ല. ഇക്കാര്യത്തില്‍ പോലീസ് കടുത്ത അനാസ്ഥ കാട്ടുകയാണെന്നും യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാനാണ് നീക്കമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Related posts