തിരുവനന്തപുരം: വര്‍ക്കലയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ കാമുകനടക്കം മൂന്ന് പ്രതികളെയും തിരുവനന്തപുരം റൂറല്‍ എസ്പി.ഷെഫിന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വര്‍ക്കല താഴെ വെട്ടൂര്‍ സ്വദേശികളായ സഫീര്‍ (23), സൈജു (22), റാഷിദ് (21) എന്നിവരാണ് അറസ്റ്റിലായത്. കാമുകനായ സഫീര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് പീഡിപ്പിക്കാന്‍ അവസരം ഒരുക്കി കൊടുക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയ വിവരം റൂറല്‍ എസ്പി. ഷെഫിന്‍ അഹമ്മദ് വാര്‍ത്താസമ്മേളനത്തിലൂടെ അറിയിക്കുകയായിരുന്നു.
റാഷിദിനെ ചടയമംഗലത്തെ ബന്ധുവീട്ടില്‍ നിന്നും സഫീറിനെയും സൈജുവിനെയും ആലുവയിലെ ഒളിസങ്കേതത്തില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ എസ്പി. ഷെഫിന്‍ അഹമ്മദിന്റെ നിര്‍ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ആറ്റിങ്ങല്‍ ഡിവൈഎസ്പി ആര്‍.ചന്ദ്രശേഖരപിള്ള, ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി. അജിത്ത് കുമാര്‍, വര്‍ക്കല സിഐ. ആര്‍.അശോക് കുമാര്‍, കടയ്ക്കാവൂര്‍ സിഐ. ജി.ബി.മുകേഷ്, വര്‍ക്കല എസ്‌ഐ. ഷിജി, എസ്‌ഐ. മധുസൂദനകുറുപ്പ്, സിപിഒമാരായ താഹ, മുരളീധരന്‍പിള്ള, ഹരികുമാര്‍, വിനോദ്, ഷാഡോ പോലീസ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ മൂന്നാംതീയതി ചൊവ്വാഴ്ചയാണ് വര്‍ക്കലയിലെ സ്വകാര്യസ്ഥാപനത്തില്‍ നഴ്‌സിംഗിന് പഠിക്കുന്ന തിരുവനന്തപുരം സ്വദേശിനിയായ ഇരുപതുകാരി കൂട്ടമാനഭംഗത്തിനിരയായത്. മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി ഓട്ടോറിക്ഷ ഡ്രൈവറായ സഫീറുമായി പ്രണയത്തിലായി. ഒരാഴ്ച മുന്‍പുള്ള ബന്ധമാണ് പ്രണയത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയെ കാണണമെന്ന് സഫീര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് മൂന്നാം തീയതി രാവിലെ വര്‍ക്കല റെയില്‍വെ സ്റ്റേഷനില്‍ കാമുകനായ സഫീര്‍ പെണ്‍കുട്ടിയെ വിളിച്ച് വരുത്തി.
പിന്നീട് സൈജുവിന്റെ ഓട്ടോറിക്ഷയില്‍ കാപ്പില്‍, നീണ്ടകര എന്നിവിടങ്ങളില്‍ ചുറ്റികറങ്ങിയ ശേഷം കൊല്ലത്തെ സിനിമാ തീയേറ്ററില്‍ സിനിമക്ക് പോയെങ്കിലും അവിടെ എത്തിയപ്പോള്‍ സിനിമ തുടങ്ങിയിരുന്നു. സിനിമ കാണല്‍ പദ്ധതി ഉപേക്ഷിച്ച് പെണ്‍കുട്ടിയുമായി സഫീര്‍ പനയറ ഭാഗത്തെത്തി. വഴി മധ്യേ സൈജുവും കൂടി. പനയറയിലെ ഒരു വിജനമായ സ്ഥലത്ത് വച്ച് ആദ്യം പെണ്‍കുട്ടിയെ സഫീര്‍ പീഡിപ്പിച്ചു. ആള്‍ക്കാര്‍ ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കി സൈജു പരിസരം നിരീക്ഷിച്ചു. പിന്നീട് രണ്ടാമതായി സൈജുവും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.
പെണ്‍കുട്ടിയെ ആറ്റിങ്ങലില്‍ എത്തിയ്ക്കണമെന്ന് പറഞ്ഞ് റാഷിത്തിനെ സഫീറും സൈജുവും ചേര്‍ന്ന് വര്‍ക്കല എസ്എന്‍ കോളജിന് സമീപത്ത് വിളിച്ച് വരുത്തി. അവിടെ വച്ച് ഓട്ടോറിക്ഷയില്‍ നിന്നും സഫീറും സൈജുവും പുറത്തിറങ്ങി. പെണ്‍കുട്ടിയെയും കൂട്ടി റാഷിത്ത് ഓട്ടോറിക്ഷയില്‍ ആറ്റിങ്ങലില്‍ എത്തിക്കാമെന്ന് പറഞ്ഞ് വര്‍ക്കല അയന്തി റെയില്‍വെ ട്രാക്കിന് സമീപത്തെ പൊന്തക്കാട്ടില്‍ എത്തിച്ചു. അവിടെ വച്ച് റാഷിത്ത് പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ നിന്നും ബലമായി പിടിച്ച് പുറത്തിറക്കി. റാഷിത്തിനെ പരിചയമില്ലാതിരുന്ന പെണ്‍കുട്ടി എതിര്‍ത്തു. റാഷിത്ത് പെണ്‍കുട്ടിയെ ബലമായി പിടിച്ച് പൊന്തക്കാട്ടില്‍ കൊണ്ട് പോയി പീഡിപ്പിച്ചു.
പീഡനത്തിനിടെ അപസ്മാര ബാധ ഉണ്ടായപ്പോള്‍ റാഷിത്ത് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ഓട്ടോറിക്ഷയില്‍ കയറ്റിയപ്പോള്‍ വേദനകൊണ്ട് പെണ്‍കുട്ടി നിലവിളിച്ചു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓട്ടോറിക്ഷക്ക് അടുത്തെത്തിയപ്പോള്‍ റാഷിത്ത് ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വര്‍ക്കല പോലീസ് പെണ്‍കുട്ടിയെ വര്‍ക്കലയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് ക്രൂരമായ കൂട്ടമാനഭംഗത്തിന്റെ വിവരങ്ങള്‍ പുറത്തറിഞ്ഞത്. പിന്നീട് വിദഗ്ധ പരിശോധനക്കായി പെണ്‍കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.