കോഴിക്കോട്: കര്‍ണാടകത്തിലെയും തമിഴ്നാട്ടിലെയും പ്രഫഷണല്‍ കോളജുകളില്‍ മെഡിക്കല്‍- എന്‍ജിനിയറിംഗ് സീറ്റുകള്‍ വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി മൂന്നു കോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ മൂഖ്യ കണ്ണികളുടെ ചിത്രങ്ങള്‍ ക്രൈംബ്രാഞ്ച് പുറത്തുവിട്ടു. മംഗലാപുരവും കാഞ്ഞങ്ങാടും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാസ്റ്റര്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ്, കാപിറ്റല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസ് എന്നീ തട്ടിപ്പു സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരായ കണ്ണൂര്‍ മാലക്കല്ല് സ്വദേശി സെബിന് തോമസ് (25), നീലേശ്വരം നെല്ലിയടുക്കം സ്വദേശി ചൂരിക്കാടന്‍ സജേഷ് ചന്ദ്രന് (30), വെള്ളരിക്കുണ്ട് കാറളം സ്വദേശി ഷൈജു.വി.ചന്ദ്രന് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.
മേയ് നാലിനു നടക്കാനിരിക്കുന്ന കര്‍ണാടക സ്റ്റേറ്റ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റില്‍ (സിഇടി) പങ്കെടുക്കുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പ്രലോഭിപ്പിച്ച് ഇപ്പോഴും തട്ടിപ്പു തുടരുന്ന ഇവര്‍ക്കായി ക്രൈംബ്രാഞ്ച് കര്‍ണാടകയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാന്‍ സിഐ ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം കര്‍ണാടകയില്‍ ക്യാമ്പ് ചെയ്യുകയാണ്.കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്നാട്ടിലെ സേലം, കോയമ്പത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്ന പ്രതികള്‍ മംഗലാപുരം- സൂറത്ത്കല്‍ വഴി കടന്നുപോയതായി സൈബര്‍സെല്‍ സ്ഥിരീകരിച്ചു.
മേയ് നാലിനു നടക്കാനിരിക്കുന്ന എന്‍ട്രന്‍സ് പരീക്ഷ മറയാക്കി നിരവധി പേരില്‍ നിന്ന് പണം തട്ടിയതിന് ഇവര്‍ക്കെതിരേ വീണ്ടും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്നും പരീക്ഷയ്ക്കെത്തുന്നവരെ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നു വാഹനത്തില്‍ കയറ്റി പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കാമെന്ന് അറിയിച്ചുകൊണ്ടുള്ള ഇവരുടെ സന്ദേശങ്ങള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.രക്ഷിതാക്കളുടെ വിശ്വാസ്യത നേടിയാണ് പ്രതികള്‍ ഇതിനകം കോടികള്‍ തട്ടിയെടുത്തത്.
എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികളുടെ വിലാസം ശേഖരിച്ച് കണ്‍സള്‍ട്ടന്‍സിയുടെ ബ്രോഷര്‍ എത്തിച്ചുനല്‍കുകയാണ് തട്ടിപ്പിന്റെ ആദ്യപടി. എംബിബിഎസ്, ബിഡിഎസ്,ആയുര്‍വേദ, ഹോമിയോ, യൂനാനി, നാച്ചറോപ്പതി, യോഗ, ബിഎസ്സി നഴ്സിംഗ്, ബിഇ, ബിടെക്, ആര്‍ക്കിടെക്ചര്‍, വെറ്ററിനറി സയന്‍സ്, ബിഎസ്സി അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫുഡ് ടെക്നോളജി, എംഡി തുടങ്ങി ഏതു കോഴ്സിനും അഡ്മിഷന് തരപ്പെടുത്തുമെന്ന് ബ്രോഷറിലുണ്ടാവും. ബന്ധപ്പെടുന്ന രക്ഷിതാക്കളോട് സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ആദ്യഗഡു അയയ്ക്കാന്‍ നിര്‍ദ്ദേശിക്കും. രണ്ടാഴ്ച കഴിയുമ്പോള്‍ സീറ്റ് ശരിയായില്ലെന്നു പറഞ്ഞ് മുഴുവന്‍ തുകയും അതേ അക്കൗണ്ട് മുഖേന തിരിച്ചയച്ച് വിശ്വാസ്യത നേടും.
ഏതാനും ദിവസം കഴിയുമ്പോള്‍ രക്ഷിതാവിനെ ഫോണില്‍ വിളിച്ച് ഒരേയൊരു സീറ്റ് ഒഴിവുണ്ടെന്നും പണവുമായി ഉടന്‍ കര്‍ണാടകയിലെ ഏതെങ്കിലും ഒരു കോളജിനു മുന്നില്‍ എത്തണമെന്നും അറിയിക്കും. രക്ഷിതാവ് എത്തിയാല്‍ സംഘത്തിലൊരാള്‍ പരിഭ്രാന്തിയോടെ അടുത്തെത്തി കോളജില്‍ വിജിലന്‍സ് റെയ്ഡ് നടക്കുകയാണെന്നു പറഞ്ഞ്് തുക ബാഗിലിടാന്‍ നിര്‍ബന്ധിക്കും. സീറ്റ്് ശരിയാക്കാമെന്നു പറഞ്ഞ്് ഉള്ളിലേക്കു പോകുന്ന ഇയാള്‍ അരമണിക്കൂറിനകം തിരിച്ചെത്തും. എല്ലാം ശരിയായിട്ടുണ്ടെന്നും കോള്‍ ലെറ്റര്‍ വൈകാതെ വീട്ടില്‍ എത്തുമെന്നും രക്ഷിതാവിനെ വിശ്വസിപ്പിക്കും. ആഴ്ചകള്‍ കഴിഞ്ഞിട്ടും കോള്‍ ലെറ്റര്‍ ലഭിക്കാതാകുന്നതോടെ രക്ഷിതാവ് ഫോണില്‍ ബന്ധപ്പെടുമ്പോള്‍ സ്വിച്ച്ഓഫ് ആയിരിക്കും.
ഒരോ തട്ടിപ്പിനും ഓരോ സിംകാര്‍ഡാണ് ഉപയോഗിക്കുക. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്് വരെയുള്ള വിവിധ പോലീസ് സ്റ്റേഷനുകളില്‍ പ്രതികള്‍ക്കെതിരേ ഡസന്‍ കണക്കിനു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതികള്‍ വര്‍ധിച്ചതോടെയാണ് അന്വേഷണം സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനു കൈമാറിയത്. ഡയറക്ടറായ ഷൈജു ചന്ദ്രന്റെ പിതാവ് വെള്ളരിക്കുണ്ട് സ്വദേശി ചന്ദ്രന്, ഒടയംചാല്‍ സ്വദേശി വിജേഷ്, കാസര്‍ഗോഡ് സ്വദേശി സുഗന്ധ്നാഥ്്് എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ഇവര്‍ തട്ടിപ്പില്‍ സഹായികളായി പ്രവര്‍ത്തിച്ചവരാണ്.ക്രൈംബ്രാഞ്ച് ഓര്‍ഗനൈസ്ഡ് ക്രൈംസ്്് വിംഗ് എസ്പി പി.അശോകന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. കര്‍ണാടക എന്‍ട്രന്‍സ് പരീക്ഷയ്ക്കുമുന്‍പ് പ്രതികളെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരംഅറിയുന്നവര് 9497996942 എന്ന നമ്പറില്‍ അറിയിക്കണമെന്ന് ക്രൈംബ്രാഞ്ച് അഭ്യര്‍ഥിച്ചു.