ആലക്കോട്: നരേന്ദ്രമോദി കാരണം ഇന്ത്യയുടെ വഴി മുട്ടിയിരിക്കുകയാണെന്നു സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ. രാജ്യം കോര്‍പറേറ്റ് മുതലാളിമാരുടെ പിടിയിലമര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂര്‍ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി. ജോസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗം കരുവഞ്ചാലില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരും അഴിമതിക്കാരാണ്. ദളിത് മരണം കേരളത്തിലും നടക്കുന്നു.
രാജ്യത്തെ ബാധിച്ച ദോഷങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെയും വിഴുങ്ങുന്നു. മുഖ്യമന്ത്രിയും ഭരണകൂടവും നോക്കുകുത്തിയായി നില്ക്കുന്നു. ഇതില്‍നിന്നെല്ലാം മോചനം വേണമെങ്കില്‍ ജനപക്ഷത്ത് നില്ക്കുന്ന എല്‍ഡിഎഫ് അധികാരത്തില്‍ വരണം. ആസിയാന്‍ കരാര്‍ ഒപ്പിട്ട കോണ്‍ഗ്രസ് കര്‍ഷകരെ രക്ഷിക്കുന്ന പാര്‍ട്ടിയാണെന്ന പ്രചാരണം വ്യാമോഹമാണ്.
ടെക്നോപാര്‍ക്ക് നായനാര്‍ ഭരണകാലത്താണ് അനുവദിച്ചതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആ ക്രെഡിറ്റ് തട്ടാന്‍ നോക്കേണ്ടായെന്നും ഡി. രാജ പറഞ്ഞു. എം. മൈക്കിള്‍ അധ്യക്ഷത വഹിച്ചു. എം.വി. ജയരാജന്, സിനിമ-സീരിയല്‍ നടന് ആര്. ജയന്, സത്യന് മൊകേരി, അഡ്വ. എ.ജെ. ജോസഫ്, കെ.എം. ജോസഫ്, ജോസ് ചെമ്പേരി, പി. സന്തോഷ് കുമാര്‍, സി.കെ. നാരായണന് എന്നിവര്‍ പ്രസംഗിച്ചു.