പത്തനംതിട്ട: വര്‍ധിച്ചുവരുന്ന മോഷണം നാട്ടുകാര്‍ സ്വയം പ്രതിരോധിക്കണമെന്ന് പോലീസ്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഇതനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ അതാത് പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് ആളുകള്‍ക്കു നല്‍കിത്തുടങ്ങി.ക്രൈസ്തവ ദേവാലയങ്ങളിലും ഹൈന്ദവ ക്ഷേത്രങ്ങളിലെയും കാണിക്ക ഭാരവാഹികള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കണമെന്നതാണ് പ്രധാന നിര്‍ദേശം.
കാണിക്കവഞ്ചികളും കുരിശടികളും എല്ലാദിവസവും തുറന്നു പണം എടുത്തുകൊള്ളണമെന്ന നിര്‍ദേശം ജില്ലയിലെ പോലീസ് സ്‌റ്റേഷനുകള്‍ മുഖേന ഭാരവാഹികള്‍ക്ക് നല്‍കിത്തുടങ്ങി. വഞ്ചികള്‍ കുത്തിത്തുറന്നു പണം അപഹരിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയും പോലീസ് നടപടി ഉണ്ടാകുന്നില്ലെന്നുമുള്ള ആക്ഷേപങ്ങളില്‍ നിന്നു രക്ഷനേടാനാണ് ബന്ധപ്പെട്ടവര്‍ സ്വയം സംരക്ഷണവലയം തീര്‍ക്കാനുള്ള ് ജാഗ്രതാ നിര്‍ദേശം.
വീടുകളില്‍ കടന്ന് സ്ത്രീകളെ ആക്രമിച്ച ആഭരണങ്ങള്‍ മോഷ്ടിക്കുന്ന സംഘം കഴിഞ്ഞദിവസങ്ങളില്‍ രംഗത്തിറങ്ങിയപ്പോഴും പോലീസ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. വീടുകളുടെ പിന്‍വാതിലിലൂടെ അകത്തുകടക്കുന്ന സംഘമായതിനാല്‍ പിന്‍വാതിലുകള്‍ സുരക്ഷിതമായിരിക്കണമെന്നതായിരുന്നു ജാഗ്രതാനിര്‍ദേശം.
സ്ത്രീകള്‍ തനിയെ താമസിക്കുന്ന വീടുകളില്‍ ആഭരണങ്ങള്‍ സൂക്ഷിക്കരുതെന്നും നിര്‍ദേശമുണ്ടായി. മൂന്നംഗസംഘത്തിന്റെ രേഖാചിത്രവുമായി പോലീസ് നടത്തിയ അന്വേഷണം എവിടെയുമെത്തിയില്ല. മോഷണക്കേസുകളുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണങ്ങളെ സംബന്ധിച്ചു പരാതികള്‍ നിലനില്‍ക്കുന്നതിനിടെ തങ്ങളുടെ ഉത്തരവാദിത്വങ്ങളില്‍ നിന്നു സ്വയം ഒഴിയാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.