കടുത്തുരുത്തി: രാഷ്ട്രദീപിക വാര്‍ത്ത തുണയായി. കാലപ്പഴക്കത്തില്‍ തകര്‍ന്ന വെള്ളാശ്ശേരി തത്തപ്പള്ളില്‍ കൗസല്യാമ്മ (72) യ്ക്ക് പുതിയ വീടാകുന്നു. തകര്‍ന്ന് വീഴാറായ വീടിനുള്ളില്‍ തനിച്ചു താമസിക്കുന്ന വൃദ്ധയുടെ ജീവന് അപകടത്തിലാണെന്നു കാണിച്ചു രാഷ്ട്രദീപിക വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കടുത്തുരുത്തി പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് തോമസ് വെട്ടുവഴി വീട് നിര്‍മാണം ഏറ്റെടുക്കുകയായിരുന്നു. കിടപ്പ് മുറിയും അടുക്കളയും സിറ്റൗട്ടും ബാത്ത് റൂമും ഉള്‍പെടെ 400 ചതുരശ്ര അടി വിസൃതിയുള്ള വീടാണ് നിര്‍മിക്കുന്നത്. വീടിന്റെ വാര്‍ക്ക ഇന്നലെ പൂര്‍ത്തിയായി. തത്തപ്പള്ളി സ്വദേശിയായ തടത്തില്‍ കുഞ്ഞുമോന് വീട് നിര്‍മാണത്തിനായി 35 ചാക്ക് സിമന്റ് വാങ്ങി നല്കി.
ഹോളോബ്രിക്സ് കൊണ്ടാണ് വീട് നിര്‍മിച്ചിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കി ഓണത്തിന് മുമ്പായി ഗൃഹപ്രവേശം നടത്താനാണ് ലക്ഷ്യമിടുന്നത്. ഭര്‍ത്താവ് മരിച്ചശേഷം തനിച്ചായ കൗസല്ല്യാമ്മ എട്ട് സെന്റ് സ്ഥലത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ മുന്‍കൈയെടുത്ത് നിര്‍മിച്ചു നല്കിയ വീട്ടിലാണ് കഴിഞ്ഞിരുന്നത്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് തീ പിടിച്ചാണ് കൗസല്ല്യാമ്മയുടെ വീട് കത്തി നശിച്ചത്. ഇതേതുടര്‍ന്നാണ് നാട്ടുകാര്‍ മുന്‍കൈയെടുത്ത് ഇവര്‍ക്ക് സ്വന്തമായുള്ള എട്ട് സെന്റ് സ്ഥലത്ത് മണ്‍കട്ടകള്‍ ഉപയോഗിച്ചു വീട് നിര്‍മിച്ചു നല്‍കിയത്. കാലപഴക്കത്തില്‍ തകര്‍ന്ന വീട് ശോച്യാവസ്ഥയിലായിരുന്നു.
കനത്ത മഴയില്‍ വീടിന്റെ മണ്‍കട്ടകള്‍ കൊണ്ടു നിര്‍മിച്ച ഭിത്തിയും ഓടിട്ട മേല്‍ക്കൂരയും തകര്‍ന്നിരുന്നു. നടുഭ ാഗത്തായി കുത്തി നിര്‍ത്തിയിരുന്ന തൂണിലായിരുന്നു വീട് നിന്നിരുന്നത്. മേല്‍ക്കൂര തകര്‍ന്നതിനെ തുടര്‍ന്ന് മുകളില്‍ പടുത വിരിച്ചായിരുന്നു താമസം. മഴയത്ത് വീടിനകം മുഴുവനായും വെള്ളം നിറയുന്ന സ്ഥിതിയായിരുന്നു. ഇതിനകത്തായിരുന്നു കൗസല്ല്യാമ്മയുടെ താമസം. അയല്‍വാസികളും നാട്ടുകാരും നല്കുന്ന സഹായം കൊണ്ടാണ് ഇവര്‍ കഴിയുന്നത്. കിണറും ശൗച്യാലയവും ഉണ്ടായിരുന്നെങ്കിലും സ്ഥിതി ദയനീയമായിരുന്നു.
മറയില്ലാത്ത ശൗച്യാലയവും ചുറ്റുമതില്‍ ഇല്ലാത്തിനാല്‍ മഴയില്‍ പെയ്യുന്ന വെള്ളമെല്ലാം കിണറ്റിലേക്ക് വീഴുന്ന അവസ്ഥയുമായിരുന്നു. ഇക്കാര്യങ്ങള്‍ രാഷ്ട്രദീപിക വാര്‍ത്തയാക്കിയതോടെയാണ് കൗസല്ല്യാമ്മയ്ക്ക് വീട് നിര്‍മിച്ചു നല്കാന് തോമസ് വെട്ടുവഴി രംഗത്തിറങ്ങിയത്. വെള്ളാശ്ശേരിയില്‍ തന്നെ പത്താം വാര്‍ഡില്‍ വയോധികയായ കാട്ടുപുതുശ്ശേരി അച്ചാമ്മ താമസിക്കുന്നതും ഏതുസമയവും തകര്‍ന്നു വീണേക്കാവുന്ന വീട്ടിലാണ്.