റവന്യൂവകുപ്പ് വെള്ളം നല്‍കാതായപ്പോള്‍ പഞ്ചായത്തംഗം വെള്ളവുമായെത്തി

alp-waterമാങ്കാംകുഴി: കുടിവെള്ള ക്ഷാമം രൂക്ഷമായ തഴക്കര പഞ്ചായത്തില്‍ റവന്യൂ വകുപ്പ് ടാങ്കറില്‍ കുടിവെള്ളം എത്തിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായി. കുടിവെള്ള ക്ഷാമം രൂക്ഷമായി ജനങ്ങള്‍ വെള്ളത്തിനായി നെട്ടോട്ടം ഓടാന്‍ തുടങ്ങിയതോടെ ഒടുവില്‍ പഞ്ചായത്ത് അംഗം സ്വന്തം പണം മുടക്കി വാര്‍ഡിലെ ജനങ്ങള്‍ക്ക് ടാങ്കറില്‍ കുടിവെള്ള വിതരണം നടത്തി മാതൃകയായി. തഴക്കര പഞ്ചായത്ത് വാര്‍ഡ് 13ലെ അംഗം എസ് അഷ്റഫ് ആണ് ടാങ്കറില്‍ കുടിവെള്ള വിതരണം നടത്തിയത.്

റവന്യൂ വകുപ്പ് അധികൃതര്‍ ടാങ്കറില്‍ കുടിവെള്ള വിതരണം തുടങ്ങുന്നതുവരെ പ്രതിഷേധമെന്നോണം വാര്‍ഡിലെ കുടിവെള്ളം കിട്ടാത്തവര്‍ക്ക്  വെള്ളം എത്തിച്ചു നല്‍കാനാണ്  തീരുമാനമെന്ന് പഞ്ചായത്ത് അംഗം അഷ്റഫ് പറഞ്ഞു. തഴക്കര പഞ്ചായത്തിലെ 21 വാര്‍ഡുകളിലും ഇപ്പോള്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.    താന്നികുന്ന് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രദേശങ്ങളിലാണ് ജനങ്ങള്‍ കുടിവെള്ളത്തിനായി കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്.

2011ല്‍ 12കോടി രൂപയുടെ പുതിയ സമഗ്ര കേന്ദ്ര കുടിവെള്ള പദ്ധതിക്ക് അനുമതി വാങ്ങിയെങ്കിലും പദ്ധതി ഫയലില്‍ വിശ്രമിക്കുകയാണ്. കുടിവെള്ള പദ്ധതിക്കായി മതിയായ സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് തഴക്കര കുന്നം ഗ്ലാസ് ഫാക്ടറിക്കു സമീപമുള്ള പിഐപിയുടെ ഒരേക്കര്‍ ഭൂമി പഞ്ചായത്ത് ആവശ്യപ്രകാരം സര്‍ക്കാര്‍ വിട്ടു നല്‍കാനും തീരുമാനിച്ചിരുന്നു. എന്നിട്ടും കുടിവെള്ള പദ്ധതിക്കായി കാത്തിരിപ്പ് നീളുകയാണ്.

Related posts