റോഡുകളിലെ കുഴിയടയ്ക്കാന്‍ പുതിയ രീതിയുമായി ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍

EKM-THAKARNNA-ROADകോട്ടയം: സംസ്ഥാനത്തെ റോഡുകളിലെ കുഴിയടക്കലിനു പുതിയ രീതിയുമായി കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ രംഗത്ത്. പരമ്പരാഗതമായി കേരളത്തിലെ റോഡുകളില്‍ രൂപപ്പെട്ടിരിക്കുന്ന കുഴികളില്‍ മെറ്റിലിട്ടു നിറച്ചു പുറമെ ടാര്‍ ഒഴിച്ചാണു കുഴിയടയ്ക്കല്‍ നടക്കുന്നത്. എന്നാല്‍ ഇതു പരീഷ്കരിക്കണമെന്നാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുതുതായി അസോസിയേഷന്‍ നിര്‍ദേശിച്ചിരിക്കുന്നതു കുഴികള്‍ ചതുരാകൃതിയില്‍ വെട്ടി അരികുകള്‍ ലംബാകൃതിയിലാക്കി കുഴിയ്ക്കുള്ളിലെ തകര്‍ന്നതും ദുര്‍ബലവുമായി ഭാഗങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യണം.

തുടര്‍ന്നു കുഴിയുടെ നാലു വശങ്ങളിലും താഴെയും ടാര്‍ നന്നായി സ്‌പ്രേ ചെയ്യണം. നിശ്ചിത അനുപാദത്തിലുള്ള ടാര്‍ മിശ്രിതം നിറച്ചു റോളര്‍ ഉപയോഗിച്ചു ഉറപ്പിക്കണം. ഇങ്ങനെ കുഴിയടച്ചാല്‍ ഇതു ദീര്‍ഘകാലം നിലനില്കും. ഇത്തരത്തിലുള്ള രീതിയ്ക്കു ചെലവു കൂടുതലാണെങ്കിലും ഇതു നടപ്പിലാക്കാന്‍ പൊതുമരാമത്ത് മന്ത്രിയും ചീഫ് എന്‍ജിനിയര്‍മാരും കര്‍ശന നിലപാട് സ്വീകരിക്കണമെന്നും ഇപ്പോഴത്തെ പതിവു രീതി റോഡിനു ബലക്ഷയം ഉണ്ടാക്കുന്നതും അല്പായുസ് നല്കുന്നതുമാണ്.

അസോസിയേഷന്‍ ചിങ്ങം ഒന്നു മുതല്‍ ആരംഭിച്ച ടെക്‌നോളജി മിഷന്‍ പരിപാടിയുടെ ഭാഗമായി കുഴിയടയ്ക്കലിനു ശാസ്ത്രീയ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളിക്കാത്ത പുതിയ ടെണ്ടറുകള്‍ ബഹിഷ്കരിക്കും. ഇതിനായി ഒക്‌ടോബര്‍ രണ്ടിനു മുമ്പായി കേരളത്തിലെ മുഴുവന്‍ കരാറുകാരെയും ബോധവത്കരിക്കും. കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്ത് സംസ്ഥാനത്തെ ബിഎം ബിസി നിലവാരത്തില്‍ തയാറാക്കിയ റോഡുകള്‍ പലതും ഗ്യാരണ്ടി പീരിയഡിനുള്ളില്‍ തകര്‍ന്നിരിക്കുകയാണ്. ഇതിന്റെ കാരണങ്ങള്‍ കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നേതൃത്വത്തില്‍ പരിശോധിക്കണം.

ബിഎം ബിസി നിലവാരത്തില്‍ റോഡുകള്‍ തയാറാക്കിയപ്പോള്‍ എന്‍ജിനിയറിംഗ് വിഭാഗത്തിനു വീഴ്ച പറ്റിയോയെന്നു കണ്ടെത്തണം. ബിഎം ബിസി നിലവാരത്തില്‍ ടാര്‍ ചെയ്തു 12 വര്‍ഷം കഴിഞ്ഞിട്ടും ഒരു കുഴികള്‍ പോലും ഉണ്ടാകാത്ത റോഡുകളുള്ളപ്പോള്‍ രണ്ടു വര്‍ഷം പോലുമാകാതെ ബിഎം ബിസി നിലവാരത്തില്‍ ടാര്‍ ചെയ്ത റോഡുകള്‍ തകരുന്നതു സംസ്ഥാനത്തിനും കരാറുകാര്‍ക്കും വന്‍ സാമ്പത്തിക നഷ്ടവും ഉദ്യോഗസ്ഥര്‍ക്കു അവമതിപ്പും ഉണ്ടാക്കിയിട്ടുണ്ടെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി.

Related posts