റോഡുകളുടെ തകര്‍ച്ച; വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു

alp-accidentകൊട്ടാരക്കര: പ്രധാനറോഡുകളും ഗ്രാമീണറോഡുകളും തകര്‍ന്നതോടെ കൊട്ടാരക്കര മേഖലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു. ഓണക്കാലത്തും അതിനുശേഷവും നിരവധി അപകടങ്ങളാണ് ഈ മേഖലയില്‍ നടന്നിട്ടുള്ളത്. എന്നിട്ടും റോഡുകളുടെ ദുസ്ഥിതി പരിഹരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. ദേശീയപാതയില്‍ കൊട്ടാരക്കര ടൗണില്‍തന്നെ വന്‍കുഴികള്‍ പല ഭാഗങ്ങളിലും രൂപപ്പെട്ടിട്ടുണ്ട്.  ഇരുചക്രവാഹനങ്ങള്‍ ഈ കുഴിയില്‍വീണ് അപകടമുണ്ടാകുന്നത് പതിവാണ്. ഗതാഗത തടസമുണ്ടാകുന്നതിനും മറ്റ് വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നതിനും ഇത് കാരണമാകുന്നു. ദേശീയപാത നിലവാരത്തില്‍ നവീകരിച്ച എം.സി റോഡും കൊട്ടാരക്കര മേഖലയില്‍ പലഭാഗത്തും പൊട്ടിപൊളിഞ്ഞിട്ടുണ്ട്.

റോഡ് നവീകരണത്തിലെ അപാകത മൂലം ചെറിയ മഴപെയ്താല്‍ പോലും ഈ റോഡിന്റെ ചില ഭാഗങ്ങള്‍ വെള്ളകെട്ടായിമാറും. ഇതുമൂലം വാഹനഗതാഗതം പോലും തടസപ്പെടാറുണ്ട്. ഓണനാളില്‍ വയോധിക എംസിറോഡില്‍ പുലമണ്‍ കവലയ്ക്ക് സമീപം വാഹനമിടിച്ച് മരിച്ചിരുന്നു.അപകടം നടന്ന ലോവര്‍ കരിക്കംഭാഗം മഴപെയ്താല്‍ വെള്ളക്കെട്ടായി മാറുന്ന സ്ഥലമാണിത്. പുത്തൂര്‍ -മാറനാട് ചീരങ്കാവ് റോഡ് തകര്‍ന്നിട്ട് ഒരു വര്‍ഷത്തിലധികമായി.കിഴക്കന്‍മേഖലയെ ജില്ലാആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. മിക്കസ്ഥലത്തും ടാറിംഗ് പോലും കാണാനില്ലാത്ത സ്ഥിതിയാണ്.

നിലവില്‍ സ്വകാര്യബസുകള്‍ ഇതുവഴി സര്‍വീസ് കുറച്ചിരിക്കുകയാണ്. വാടക വാഹനങ്ങള്‍ ഇതുവഴി ഓട്ടംപോകാന്‍ മടിക്കുന്നു. കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ വാഹനാപകടങ്ങള്‍ പതിവാണ്.ഈ റോഡിലെ കല്ലേറ്റി മുക്കില്‍നിന്ന് ആരംഭിക്കുന്ന ആനക്കോട്ടൂര്‍ കൊട്ടാരക്കര റോഡും തകര്‍ന്നു. കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് കുറച്ചിരിക്കുകയാണ്. പുത്തൂര്‍ – പൂവറ്റൂര്‍ റോഡിന്റെ ബഥനി മുക്കുമുതല്‍ മൈലംകുളംവരെയുള്ള ഭാഗത്തെ പൊട്ടിപൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര ദുഷ്ക്കരമാണ്. മൈലംകുളം ഡിവൈന്‍സ്കൂളിന് സമീപം 100 മീറ്ററിലധികം സ്ഥലത്ത് വന്‍കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഓണക്കാലത്ത് ഈ ഭാഗത്ത് ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു.

ആറുമാസം മുമ്പ് നവീകരിച്ച റോഡാണ് തകര്‍ന്നത്. വെണ്ടാര്‍ തച്ചംമുക്ക് റോഡ് തകര്‍ന്നിട്ട് രണ്ടുവര്‍ഷത്തിലധികമായി. നിരവധി വിദ്യാലയങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും ആളുകള്‍ പോകുന്ന റോഡാണിത്. ഇതുവഴിയുണ്ടായിരുന്ന കെഎസ്ആര്‍ടിസി  സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. വാടക വാഹനങ്ങളും ഇതുവഴി പോകാന്‍ മടിക്കുന്നു. ഇതുകൂടാത മിക്ക ഗ്രാമീണറോഡുകളും തകര്‍ച്ചയിലും തകര്‍ച്ചയുടെ വക്കിലുമാണ്. പൊതുമരാമത്ത് വകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയുംഉടമസ്ഥതയിലുള്ളതാണ് റോഡുകളെല്ലാം. അപകടങ്ങള്‍ വര്‍ധിച്ചിട്ടും വാഹനയാത്ര ദുഷ്ക്കരമായിട്ടും ഇത് പരിഹരിക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.

Related posts