ലങ്ക തകര്‍ന്നു; 91ന് പുറത്ത്

SP-LANKAലീഡ്‌സ്: ജോണി ബെയര്‍സ്‌റ്റോ വഴികാട്ടിയായപ്പോള്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ആധിപത്യം. ആദ്യ ഇന്നിംഗ്‌സില്‍ 298 റണ്‍സിന് പുറത്തായെങ്കിലും ഒന്നാം ഇന്നിംഗ്‌സില്‍ ലങ്കയെ കേവലം 91ന് റണ്‍സിനു പുറത്താക്കാന്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജയിംസ് ആന്‍ഡേഴ്‌സനാണ് ലങ്കയെ തകര്‍ത്തത്. 207 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് ആതിഥേയര്‍ക്കുണ്ട്.

ആദ്യ ദിനത്തിലെ അഞ്ചിന് 171ല്‍ നിന്നു ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനെ ബെയര്‍‌സ്റ്റോ- അലക്‌സ് ഹെയ്ല്‍സ് സഖ്യം മുന്നോട്ടുനയിച്ചു. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പന്തെറിഞ്ഞ ലങ്കന്‍ ബൗളര്‍മാരെ സമര്‍ഥമായി നേരിട്ട ഇരുവരും സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. മികച്ച ഫോമിലായിരുന്ന ബെയര്‍സ്‌റ്റോ അനായാസം ബൗണ്ടറികള്‍ കണെ്ടത്തിയപ്പോള്‍ ഹെയ്ല്‍സ് പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. 145 പന്തിലാണ് ബെയര്‍‌സ്റ്റോ രണ്ടാം ടെസ്റ്റ് സെഞ്ചുറി തികച്ചത്.

ഇതിനിടെ 206 പന്തില്‍ 86 റണ്‍സെടുത്തു സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന ഹെയ്ല്‍സിനെ ഹെരാത്ത് വീഴ്ത്തി. തൊട്ടുപിന്നാലെ ഇംഗ്ലീഷ് തകര്‍ച്ചയും തുടങ്ങി. വാലറ്റം കാര്യമായ പ്രതിരോധം തീര്‍ക്കാതെ കീഴടങ്ങിയപ്പോള്‍ ഇംഗ്ലീഷ് ഇന്നിംഗ്‌സ് 300 കടക്കാതെ അവസാനിച്ചു. 183 പന്തില്‍ 13 ഫോറും ഒരു സിക്‌സറുമടക്കമാണ് ബെയര്‍സ്‌റ്റോ 140 റണ്‍സെടുത്തത്. ദുഷ്മന്ത് ചമീരയും ദസ്‌നു ചമീരയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

അതിദയനീയമായിരുന്നു ലങ്കയുടെ മറുപടി ബാറ്റിംഗ്. 12 റണ്‍സെടുക്കുമ്പോഴേക്കും ആദ്യ മൂന്നു വിക്കറ്റുകള്‍ വീണു. ദിമുത് കരുണരത്‌നെ (പൂജ്യം), ജീവന്‍ സില്‍വ (11), കുശാല്‍ മെന്‍ഡിസ് (പൂജ്യം) എന്നിവര്‍ക്കു ന്യൂബോളിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസ് (34) പൊരുതിനിന്നെങ്കിലും ജയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി.ചായയ്ക്കുശേഷം രണ്ടാം സ്‌പെല്ലില്‍ ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡും തകര്‍ത്തെറിഞ്ഞതോടെ ലങ്ക നാമാവശേഷമായി. 14 റണ്‍സിനാണ് അവസാന ആറു വിക്കറ്റുകള്‍ ഇംഗ്ലണ്ട് പിഴുതത്. ബ്രോഡ് നാലു വിക്കറ്റുമായി ആന്‍ഡേഴ്‌സന് മികച്ച പിന്തുണ നല്കി.

Related posts