വടക്കാഞ്ചേരി: വടക്കാഞ്ചേരിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് 33 വര്‍ഷമായി സേവനമനുഷ്ഠിച്ച വടക്കാഞ്ചേരിക്കാരുടെ രാമന്‍കുട്ടി ചേട്ടന് ഇന്നു പടിയിറങ്ങുന്നു. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്ട്ട്മെന്റില്നിന്നോ പ്രസ് ഫോറം ഓഫീസില്‍നിന്നോ അല്ല, വടക്കാഞ്ചേരി പോലീസ് സ്റ്റേഷനു മുന്നില്‍ വികലാംഗക്ഷേമ കോര്പറേഷന് ആദ്യകാലത്തു നല്കിയ പെട്ടിക്കടയിലെ സേവനമാണ് അവസാനിപ്പിക്കുന്നത്. രണ്ടരവയസില്‍ പോളിയോ പിടിപെട്ട് രണ്ടുകാലുകളും തളര്‍ന്ന രാമന്‍കുട്ടിക്ക് ഇപ്പോള്‍ വയസ് 62.
ആദ്യകാലത്ത് പത്രം ഓഫീസുകളിലേക്കുള്ള വാര്‍ത്തകള്‍ ലേഖകര്‍ കവറുകളിലാക്കി ബസില്‍ അയയ്ക്കുന്ന കാലഘട്ടങ്ങളില്‍ രാമന്‍കുട്ടിയുടെ പങ്ക് വളരെ വലുതായിരുന്നു. രാഷ്ട്രീയക്കാരുടെയും മറ്റും പത്രക്കുറിപ്പുകള്‍ രാമന്‍കുട്ടിയെ ഏല്‍പ്പിച്ചാല്‍ അത് ഉത്തരവാദിത്തത്തോടെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പങ്കുവച്ചു നല്‍കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും സൗഹൃദബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പടിഞ്ഞാറ്റുമുറിയില്‍ താമസിക്കുന്ന രാമന്‍കുട്ടിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയാണ്. ഏക മകള്‍ ശ്രീദേവി വിവാഹിതയാണ് .