പാലക്കാട്: ഡല്‍ഹിയില്‍ മാഫിയകള്‍ മലയാളിയായ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷ്ക്രിയ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പി.കെ.ബിജു എംപി. ഡല്‍ഹിയില്‍ താമസമാക്കിയ പാലക്കാട് കോട്ടായി സ്വദേശിയായ ഉണ്ണികൃഷ്ണന്റെ മകനാണ് കൊല്ലപ്പെട്ട രജത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെ കൃത്യമായി അറിയാമായിരുന്നിട്ടും കുറ്റവാളികളെ അറസ്റ്റുചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലുള്ള ദില്ലി പോലീസ് തയ്യാറായില്ലെന്നത് ഗുരുതര വീഴ്ചയാണ്.
കുട്ടിയുടെ പിതാവ് നേരിട്ട് പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്ത പോലീസ് നടപടി കുറ്റവാളികളെ രക്ഷിക്കാനെന്ന ആക്ഷേപം ശക്തമാക്കുകയാണ്. കുറ്റവാളികള്‍ക്കെതിരെ അടിയന്തിര നടപടിയെടുക്കുന്നതില്‍നിന്നും പോലീസിനെ പുറകോട്ടടിപ്പിക്കുന്നത് കുറ്റവാളികളും പോലീസുംതമ്മിലുള്ള അവിശുദ്ധബന്ധമാണ് സൂചിപ്പിക്കുന്നത്.
വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തരവാദികളായ മുഴുവന്‍ കുറ്റവാളികളേയും അറസ്റ്റുചെയ്യണമെന്നും ദില്ലി പോലീസിന്റെ അരാജകത്വ നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ സിംഗുമായി എംപി ഫോണില്‍ ബന്ധപ്പെടുകയും രേഖാമൂലം കത്ത് നല്‍കുകയും ചെയ്തു.