പാലക്കാട്: വിവാദങ്ങളിലകപ്പെട്ട രാഹുൽ മാങ്കൂട്ടത്തലിനെ നിയോജകമണ്ഡലമായ പാലക്കാട്ടേക്ക് സ്വാഗതമോതാൻ ഷാഫി പറന്പിലും കൂട്ടരും ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി പാലക്കാട് ഷാഫിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.
രാഹുലിനെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്നും പിന്തുണ നൽകണമെന്നും രാഹുൽ പാലക്കാട് എത്തിയാൽ എല്ലാവരും ഒറ്റക്കെട്ടായി രാഹുലിന്റെ ഒപ്പമുണ്ടാകണമെന്നും യോഗത്തിൽ ഷാഫി നിർദ്ദേശിച്ചതായി സൂചന. കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രന്റെ വീട്ടിലായിരുന്നു കഴിഞ്ഞദിവസം ഷാഫി പറന്പിലിന്റെ സാന്നിധ്യത്തിൽ യോഗം നടന്നതെന്നാണ് റിപ്പോർട്ടുകൾ.
വിവാദങ്ങളുണ്ടായ ശേഷം പാലക്കാട്ടേക്ക് വരാത്ത രാഹുലിനെ എങ്ങിനെയും പാലക്കാട് എത്തിക്കണമെന്നും അതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും യോഗത്തിൽ ഷാഫി പറഞ്ഞു.
പാലക്കാട് വിവിധ പരിപാടികൾ സംഘടിപ്പിച്ച് രാഹുലിനെ അതിലെല്ലാം പങ്കെടുപ്പിക്കണമെന്ന് ഷാഫി അഭിപ്രായപ്പെട്ടു. മണ്ഡലത്തിൽ നിന്ന് രാഹുൽ വിട്ടുനിൽക്കുന്ന സ്ഥിതി കോണ്ഗ്രസിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി.