വിമാനത്താവളം; ‘കുടിയിറക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും”

KNR-AIRPORTമട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു ലൈറ്റ്‌നിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനു സ്ഥലം ഏറ്റെടുക്കുമ്പോള്‍ കുടിയിറക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ നഗരസഭാ കൗണ്‍സില്‍ മുഖ്യമന്ത്രിയുടെയും കിയാല്‍ ഡയറക്ടര്‍ ബോര്‍ഡിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നു ചെയര്‍മാന്‍ കെ.ഭാസ്കരന്‍ അറിയിച്ചു. 80 മീറ്റര്‍ വീതിയിലും 518 മീറ്റര്‍ നീളത്തിലും നഗരസഭാപ്രദേശത്തു സ്ഥലം ഏറ്റെടുക്കാനാണു കിയാല്‍ തീരുമാനിച്ചിട്ടുള്ളത്.

ഈ പ്രദേശത്തെ വീട്ടുടമകളും സ്ഥലം ഉടമകളും പൂര്‍ണമനസോടെയല്ലെങ്കിലും വിമാനത്താവള വികസനം അനിവാര്യമെന്ന കാഴ്ചപ്പാടോടെയാണു സ്ഥലം വിട്ടുനല്‍കാന്‍ തയാറായത്. 80 മീറ്റര്‍ വീതിയില്‍ ഏറ്റെടുക്കുന്ന സ്ഥലത്തു 20 മീറ്റര്‍ ഉയരത്തില്‍ മണ്ണിട്ടുയര്‍ത്തി റണ്‍വേ നിര്‍മിക്കുമ്പോള്‍ ഇരുഭാഗത്തുമുള്ള ഏതാനും വീട്ടുകാരും ആശങ്കയിലാണ്. ഈ വീട്ടുകാരും വീടും സ്ഥലവും വിട്ടുനല്‍കാന്‍ സന്നദ്ധമായിട്ടുണ്ട്.

കല്ലേരിക്കര പാറാപ്പൊയിലില്‍ കഴിഞ്ഞ ദിവസം കുടിയിറക്കപ്പെടുന്നവരുടെ കര്‍മസമിതി യോഗം ചേരുമ്പോള്‍ നഗരസഭാ ചെയര്‍മാനും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.    നിലവില്‍ കുടിയൊഴിപ്പിക്കപ്പെടുന്ന 37 കുടുംബങ്ങളോടൊപ്പം 14 കുടുംബങ്ങള്‍കൂടി യോഗത്തില്‍ പങ്കെടുത്തിരുന്നതായി ചെയര്‍മാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ തങ്ങളുടെ പ്രയാസം പരിഹരിക്കുമെന്ന പ്രതീക്ഷയാണു— കുടുംബാംഗങ്ങള്‍ യോഗത്തില്‍ പങ്കുവച്ചത്. എങ്കിലും ഇവരുടെ ദയനീയ സ്ഥിതി ഭരണാധികാരികളുടെ മുന്നില്‍ കൊണ്ടുവന്ന് പരിഹാരം കാണുമെന്ന് നഗരസഭാ ചെയര്‍മാനെന്ന നിലയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ട് നഗരസഭയുടെ നിവേദനം നല്‍കും. വിട്ടുകൊടുക്കുന്ന ഭൂമിയ്ക്കു മതിയായ കമ്പോള വില നല്‍കുക, വീടുകള്‍ക്ക് ഒന്നരയിരട്ടി നിര്‍മാണച്ചെലവ് നല്‍കുക, പത്ത് സെന്റ് സ്ഥലം സൗജന്യമായി അനുവദിക്കുക, കുടിയൊഴിപ്പിക്കുന്ന കുടുംബങ്ങളില്‍ ഒരാള്‍ക്ക് വിമാനത്താവളവുമായി ബന്ധപ്പെട്ട് തൊഴില്‍നല്‍കുക, സൗകര്യപ്രദമായ സ്ഥലത്ത് പുനരധിവാസ കേന്ദ്രം ഒരുക്കുക, റോഡ്, കുടിവെള്ളം, തെരുവുവിളക്ക്, സാംസ്കാരിക കേന്ദ്രം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നീ  ആവശ്യങ്ങളാണു കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ മുന്നോട്ടുവച്ചിട്ടുള്ളത്. പുനരധിവാസത്തിനു കൊക്കയില്‍ പ്രദേശത്തു കര്‍മസമിതി ഏട്ട് ഏക്കര്‍ സ്ഥലം കണ്ടെത്തുകയും അതു നഗരസഭാധികൃതര്‍ സന്ദര്‍ശിച്ച് അനുയോജ്യമാണെന്നു വിലയിരുത്തിയിട്ടുണ്ടെന്നും ചെയര്‍മാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Related posts