വിവരാവകാശ നിയമം ഇന്ത്യന്‍ പൗരന് ലഭിച്ച രണ്ടാം സ്വാതന്ത്ര്യം: ജസ്റ്റീസ് ബി. കെമാല്‍ പാഷ

EKM-JUSTICE-KAMALPASHAപിറവം: വിവരാവകാശ നിയമം ഇന്ത്യന്‍ പൗരന് ലഭിച്ച രണ്ടാം സ്വാതന്ത്ര്യമാണന്ന് ജസ്റ്റീസ് ബി. കെമാല്‍ പാഷ. പിറവത്ത് വിവരവകാശ വൈജ്ഞാനിക സമ്മേളനവും പീപ്പിള്‍സ് അസംബ്ലിയുടെ ഉദ്ഘാടനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യമെന്നത് എന്തും ചെയ്യാനുള്ള അവകാശമല്ല. നിയന്ത്രിതമായ സ്വാതന്ത്ര്യമാണത്. പൗരന്മാര്‍ക്ക് പ്രതികരണ ശേഷിയില്ലെങ്കില്‍ ജിഷമാരും, സൂര്യമാരും ഇനിയുമുണ്ടാകും. ജിഷയുടെ വീട്ടില്‍ നിന്നും അലര്‍ച്ചയും നിലവിളിയുമുണ്ടായിട്ടും പ്രതികരിക്കാതിരുന്ന നാട്ടുകാരും, ജനപ്രതിനിധികളുമാണ് ജിഷയുടെ മരണം ഇപ്പോള്‍ ആഘോഷിക്കുന്നത്. ഇത് അത്യന്തം ദുഖകരമായ ഒരു അവസ്ഥയാണന്ന് ജസ്റ്റീസ് കെമാല്‍ പാഷ പറഞ്ഞു.

വിവരവകാശ നിയമത്തിലൂടെ നികുതി നല്‍കുന്നവര്‍ക്ക് അതിന്റെ വിനിയോഗ രീതി അറിയാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നത്. നൂറ് രൂപ വരുമാനമുള്ള ഒരാള്‍ 60 രൂപയോളം വിവിധ ഇനങ്ങളില്‍ നികുതിയായി നല്‍കേണ്ടിവരുന്നുണ്ട്. ഇവയൊക്കെ അര്‍ഹതപ്പെട്ട നിലയിലാണ് ചിലവഴിക്കുന്നതെന്ന് വിവരവകാശ നിയമത്തിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്ന് ജസ്റ്റീസ് കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ “വിവരവകാശ നിയമം ഒരു പ്രായോഗിക സഹായി’ എന്ന പുസ്തകം ജസ്റ്റീസ് സി.എം. രാമചചന്ദ്രന്‍നായര്‍ക്ക് നല്‍കി ജസ്റ്റീസ് കെമാല്‍ പാഷ പ്രകാശനം ചെയ്തു. തലശേരി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്, ന്യൂഡല്‍ഹി കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇന്‍ഷ്യേറ്റീവ്, പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂള്‍ പൂര്‍വവിദ്യാര്‍ഥി സംഘടന, പാമ്പാക്കുട ഹോളികിംഗ്‌സ എന്‍ജിനിയറിംഗ് കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ അഡ്വ. എബ്രാഹം വാക്കനാല്‍, സെന്റ് ജോസഫ്‌സ് സ്കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് കെ.ജെ. ജെയിംസ്, ഹോളികിംഗ്‌സ് കോളേജ് ചെയര്‍മാന്‍ പി.വി. തോമസ് പുളിക്കീല്‍, തലശേരി നാഷണല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് വൈസ് പ്രസിഡന്റ് പി. ഷെറഫുദ്ദീന്‍, ഗോപിനാഥന്‍, അച്ചാമ്മ ബിജു, എം.ജെ. ദാനിയേല്‍, സണ്ണി മണപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ വിവരവാകശ നിയമം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Related posts