വിശ്വാസമില്ലേ…! കലാഭവന്‍ മണിയുടെ ആന്തരികാവയവങ്ങള്‍ ഹൈദരാബാദ് സെന്‍ട്രല്‍ ലാബിലേക്ക്; കാക്കാനാട്ടെ ലാബില്‍ നിന്നും ആന്തരികാവയവങ്ങള്‍ പോലീസ് തിരിച്ചുവാങ്ങി

MANIതൃശൂര്‍: കലാഭവന്‍ മണിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണങ്ങളുടെ ഭാഗമായി മണിയുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് നല്‍കിയിരുന്ന കാക്കാനാട്ടെ ലാബില്‍ നിന്നും പോലീസ് തിരിച്ചുവാങ്ങി. ആന്തരികാവയവങ്ങള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയക്കും. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശങ്ങളുണ്ടെന്ന് കണ്ടെത്തിയത് കാക്കനാട്ടെ റീജണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബായിരുന്നു.

ഏതാനും ദിവസം മുമ്പാണ് മണിയുടെ ആന്തരികാവയവങ്ങളും ഫോറന്‍സിക് റിപ്പോര്‍ട്ടും രക്തം, മൂത്രം എന്നിവയടക്കമുളളവയുടെ സാമ്പിളുകളും വിദഗ്ധ പരിശോധനക്കായി കാക്കനാട്ടെ ലാബിലെത്തിച്ചത്. എന്നാല്‍ രണ്ടു ദിവസംമുമ്പ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവും സ്‌റ്റേ ഓര്‍ഡറുമടക്കം ലാബ് അധികൃതര്‍ക്ക് കൈമാറി പോലീസ് സാമ്പിളുകളും ആന്തരികാവയവങ്ങളും തിരികെ വാങ്ങുകയായിരുന്നു. ഇവ കാക്കനാട്ടെ ലാബില്‍ പരിശോധിക്കേണ്ടെന്ന് പോലീസ് തീരുമാനിക്കുകയും ഹൈദരാബാദിലേക്ക് അയക്കുകയുമായിരുന്നു.

മണിയെ ചികിത്സിച്ച കൊച്ചിയിലെ അമൃത ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ ശരീരത്തില്‍ മെഥനോളിന്റെ അംശം കണ്ടെത്തിയിരുന്നുവെങ്കിലും കീടനാശിനിയുടെ അംശം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുള്ള പ്രാഥമിക റിപ്പോര്‍ട്ടിലും കീടനാശിനിയുടെ പരാമര്‍ശമുണ്ടായിരുന്നില്ല. ഗുരുതരമായ കരള്‍-വൃക്കരോഗമാണ് മണിയുടെ മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന കാക്കനാട്ടെ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ പരിശോധനകള്‍ക്കൊടുവില്‍ പുറത്തുവന്ന അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കീടനാശിനിയുടെ അംശം ഉണ്ടെന്ന് പറഞ്ഞിരുന്നത്.

അമൃത ആശുപത്രിയിലെ ലാബ് അധികൃതരും ഡോക്ടര്‍മാരും കീടനാശിനി മണിയുടെ ശരീരത്തിലുണ്ടായിരുന്നില്ലെന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. കാക്കനാട്ടെ ലാബില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ കീടനാശിനി എത്ര അളവില്‍ മണിയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് വ്യക്തമായി പറഞ്ഞിരുന്നില്ല. എന്നാല്‍ കീടനാശിനി ഉള്ളില്‍ ചെന്നിരുന്നുവെന്നതില്‍ സംശയമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കിയ ദിവസം ലാബിലെ വിദഗ്ധര്‍ തറപ്പിച്ചു പറഞ്ഞിരുന്നത്. ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബിലേക്ക് മണിയുടെ ആന്തരികാവയവങ്ങള്‍, രക്തമടക്കമുള്ള സാമ്പിളുകള്‍, ഫോറന്‍സിക്-ലാബ് റിപ്പോര്‍ട്ടുകള്‍ എന്നിവ അയക്കുന്നുണ്ട്.

Related posts