ചാലക്കുടി: വിശക്കുന്നവരെ തേടി ഭക്ഷണപ്പൊതിയുമായി ഓട്ടോറിക്ഷ ഡ്രൈവർ. ചാലക്കുടി മാർക്കറ്റിലെ ഓട്ടോറിക്ഷ ഡ്രൈവർ മേലൂർ കൂവക്കാട്ടുകുന്ന് സ്വദേശി തെക്കൻ ടി.പി. സൈമണാണ് വിശക്കുന്ന വയറുമായി വഴിയോരങ്ങളിൽ കഴിയുന്നവരെ തേടി ഭക്ഷണപ്പൊതിയുമായി എത്തുന്നത്.
ഇന്നോ ഇന്നലയോ തുടങ്ങിയതല്ല സൈമണിന്റെ ഈ ജീവകാരുണ്യ പ്രവർത്തനം. കഴിഞ്ഞ 22 വർഷമായി സൈമണ്‍ ചാലക്കുടി ടൗണിൽ തെരുവുകളിൽ ആരോരുമില്ലാതെ കഴിയുന്നവരെ തേടി ഭക്ഷണപ്പൊതിയുമായി എത്തുന്നത്.
എല്ലാ ഞായറാഴ്ചകളിലും പൊതിച്ചോറുമായി സൈമണ്‍ എത്തുന്നത് കാത്ത് നിരവധി പേർ ഉച്ചസമയത്ത് തെരുവുകളിൽ കാത്തിരിക്കുന്നുണ്ടാകും. സ്വന്തം ഓട്ടോയിൽ ഭാര്യ ലിസിയും നാലുമക്കളും ഒപ്പമുണ്ടാകും.
തിരുകുടുംബം എന്നു പേരിട്ടിരുന്ന ഓട്ടോറിക്ഷയിലാണു വിശക്കുന്നവർക്കായി ഭക്ഷണവുമായി കുടുംബത്തിന്റെ യാത്ര. ഒരാഴ്ച ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനത്തിൽ നിന്നാണ് സൈമണ്‍ തെരുവിന്റെ മക്കൾക്കുള്ള ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നത്.
ലിസിയും മക്കളും ചേർന്ന് തയ്യാറാക്കുന്ന ഭക്ഷണം ഓരോ പൊതികളാക്കി പൊതിഞ്ഞാണ് വിതരണത്തിന് തയാറാക്കുന്നത്.
തെരുവിൽ അലയുന്നവർക്ക് ഭക്ഷണം നൽകാൻ സൈമണെ പ്രേരിപ്പിച്ചത് 22 വർഷം മുന്‍പ് മാർക്കറ്റ് റോഡിൽ കണ്ട ദാരുണസംഭവമാണ്. തെരുവിൽ അലയുന്ന ഒരു യാചകൻ റോഡിലെ മാലിന്യക്കുപ്പയിൽ നിന്നും ഭക്ഷണം എടുത്തു കഴിക്കുന്ന കാഴ്ച സൈമണിനെ നൊന്പരപ്പെടുത്തി.
ഓട്ടോറിക്ഷ ഓടിക്കുകയായിരുന്ന സൈമണ്‍ ഓട്ടോ നിർത്തി ആ യാചകനെ ഓട്ടോയിൽ കയറ്റി അടുത്തുള്ള ഹോട്ടലിൽ കയറ്റി ഭക്ഷണം വാങ്ങിക്കൊടുക്കാൻ കൊണ്ടുപോയി.
എന്നാൽ, യാചകന് ഹോട്ടലിൽ ഇരുത്തി ഭക്ഷണം കൊടുക്കാൻ ഹോട്ടലുടമ തയ്യാറായില്ല. ഇതിനെത്തുടർന്ന് ഒരു പൊതിച്ചോറു വാങ്ങി യാചകനു നൽകുകയും ചെയ്തു.
അടുത്ത ദിവസം രാവിലെ വീട്ടിൽ നിന്നും ഓട്ടോയുമായി പോരുന്പോൾ തന്റെ ഉച്ചഭക്ഷണത്തോടൊപ്പം അഞ്ച് പൊതിച്ചോറു കൂടി പൊതിയാൻ ഭാര്യ ലിസിയോടു പറഞ്ഞു.
യാചകന്റെ കഥകേട്ട് ഭാര്യ സന്തോഷത്തോടെ അതു നൽകി. ആ ദിവസം തെരുവിൽ അലയുന്ന അഞ്ചുപേർക്കു നൽകിയപ്പോൾ മറ്റുള്ളവർ ഭക്ഷണം ലഭിക്കാതെ മടങ്ങുന്നതു സൈമണിനു സഹിക്കാനായില്ല. അടുത്തദിവസം മുതൽ ചോറുപൊതികളുടെ എണ്ണം കൂട്ടി.
ആവശ്യക്കാർ വർധിച്ചപ്പോൾ സൈമണ്‍ ഭക്ഷണവിതരണം ജീവിതചര്യയായി മാറ്റി. ഇന്ന് ചാലക്കുടി ടൗണിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും തെരുവിൽ കഴിയുന്നവർക്കു സൈമണ്‍ ഞായറാഴ്ച ദിവസം ഭക്ഷണം എത്തിച്ചു കൊണ്ടിരിക്കുന്നു.
തെരുവിൽ അലയുന്നവർക്ക് സൈമണും ഭാര്യയും മക്കളും ചേർന്ന് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തുവരുന്നു. ഇതാണ് തിരുകുടുംബം ഓട്ടോറിക്ഷ ഡ്രൈവറുടെ കുടുംബത്തിന്റെ സന്തോഷം.