വീടിന്റെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിനശിച്ചു

alp-kathichuഹരിപ്പാട്: വീടിന്റെ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കത്തിനശിച്ചു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി കളരിപ്പറമ്പില്‍ മുഹമ്മദ്കുഞ്ഞിന്റെ വീടിന്റെ പോര്‍ച്ചില്‍ കിടന്ന അയല്‍വാസിയായ വികലാംഗന്റേതടക്കമുള്ള രണ്ടു സ്കൂട്ടറുകളാണ് കത്തിനശിച്ചത്. വീടിനും സാരമായ നാശമുണ്ടായി. കഴിഞ്ഞദിവസം അര്‍ധരാത്രിക്കുശേഷമാണ് സംഭവം. വീട്ടിനുള്ളില്‍ കടുത്ത ചൂട് അനുഭവപ്പെടുകയും പുകനിറയുകയും പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നു വീട്ടുകാര്‍ ഉണര്‍ന്ന് നോക്കുമ്പോഴാണ് വെളിയില്‍ തീ കാണുന്നത്.

നിലവിളിച്ചുകൊണ്ടു പുറത്തിറങ്ങിയ ഇവരുടെ നിലവിളി കേട്ടു അയല്‍വാസികളും സമീപത്തുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളും എത്തി അരമണിക്കൂറിലേറേ പരിശ്രമിച്ചാണ് തീ കെടുത്തിയത്. ജന്നല്‍ കത്തി തീ പടര്‍ന്നു വീടിനുള്ളിലെ കര്‍ട്ടനിലേക്കു പടര്‍ന്നെങ്കിലും ഓടിയെത്തിയവരുടെ സമയോചിത പ്രവര്‍ത്തനം വന്‍ദുരന്തം ഒഴിവാക്കുകയായിരുന്നു. രണ്ടുവര്‍ഷം പഴക്കമുള്ള പ്ലഷര്‍ സ്കൂട്ടറും അയല്‍വാസിയും വികലാംഗനുമായ തൈപ്പറമ്പില്‍ നവാസിന്റെ ഇരുവശങ്ങളിലും ചക്രം ഘടിപ്പിച്ച യമഹാ സ്കൂട്ടറും തീപിടിത്തത്തില്‍ കത്തിയമര്‍ന്നു. വീട്ടിലേക്കു വാഹനം കയറാനുള്ള വഴിസൗകര്യം ഇല്ലാത്തതിനാല്‍ മുഹമ്മദ് കുഞ്ഞിന്റെ വീട്ടിലാണ് നവാസ് സ്ഥിരമായി സ്കൂട്ടര്‍ സൂക്ഷിക്കുന്നത്.

ഹരിപ്പാട് ബ്ലോക്കു പഞ്ചായത്തില്‍നിന്നും ഒരുവര്‍ഷം മുമ്പ് ലഭിച്ച സ്കൂട്ടറാണിത്. പ്ലഷര്‍ സ്കൂട്ടറിന്റെ ഇന്ധനടാങ്ക് പൊട്ടിത്തെറിച്ച നിലയിലാണ്. കടുത്ത ചൂടേറ്റതുമൂലം വീടിന്റെ മേല്‍ക്കൂരയ്ക്കും ചുമരിനും വിള്ളല്‍ വീണിട്ടുണ്ട്. ഇലക്ട്രിക് സംവിധാനങ്ങള്‍ നശിച്ചു. ജന്നലുകള്‍ കത്തിക്കരിഞ്ഞു. തൃക്കുന്നപ്പുഴ പോലീസും ഫോറന്‍സിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി തെളിവെടുത്തു. മുഹമ്മദ്കുഞ്ഞിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചിലരെ പോലീസ് ചോദ്യംചെയ്തു. സംഭവത്തില്‍ ദുരൂഹതയുണെ്ടന്നും വിശദമായ അന്വേഷണം ആരംഭിച്ചതായും തൃക്കുന്നപ്പുഴ എസ്‌ഐ നാസിമുദ്ദീന്‍ പറഞ്ഞു.

Related posts