പത്തനംതിട്ട: ആറന്മുള നിയമസഭ മണ്ഡലത്തില്‍ വീണ ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ സിപിഎമ്മില്‍ വീണ്ടും പോസ്റ്റര്‍ പ്രചാരണം. കോഴഞ്ചേരി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലും ടൗണിലും തെക്കേമല നെടുംപ്രയാര്‍ എന്നീ സ്ഥലങ്ങളിലുമാണ് പോസ്റ്ററുകള്‍ കാണപ്പെട്ടത്. സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ട് രാവിലെ തന്നെ പോസ്റ്ററുകള്‍ അധികവും നീക്കിയിരുന്നു. തുടര്‍ന്ന് പ്രാദേശിക നേതൃത്വം അടിയന്തരമായി കൂടി സംഭവവികാസം വിലയിരുത്തി. കെട്ടി ഇറക്കിയ സ്ഥാനാര്‍ഥിയെ തങ്ങള്‍ക്കുവേണ്ടെന്ന പ്രചാരണമാണ് പോസ്റ്ററുകളിലുള്ളത്.
ഓമല്ലൂര്‍, പത്തനംതിട്ട ഭാഗങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിപ്പിച്ചിരുന്നു. ഓമല്ലൂരില്‍ വീണയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തും ഓമല്ലൂര്‍ ശങ്കരനെ പിന്തുണച്ചും പ്രകടനം നടത്തിയതിന് 12 പേര്‍ക്കെതിരേ സിപിഎം നടപടിയുമെടുത്തു. എന്നാല്‍, വീണ്ടും പോസ്റ്റര്‍ പ്രചാരണവും പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരേയുള്ള നീക്കങ്ങളും ശക്തിപ്പെടുന്നതില്‍ നേതൃത്വത്തിന് ആശങ്കയുണ്ട്. ഓമല്ലൂരില്‍ പ്രകടനം നടത്തിയ 50 പേരില്‍നിന്ന് 12 പേരെ തെരഞ്ഞെുപിടിച്ച് നടപടിയെടുത്തതും വിഭാഗീയത സൃഷ്ടിച്ചിരിക്കുകയാണ്.
ഓമല്ലൂര്‍ ശങ്കരനെ പിന്തുണച്ചു പ്രകടനം നടന്നുവെന്നാണ് ഉപരികമ്മിറ്റികളിലേക്കുള്ള റിപ്പോര്‍ട്ട്. 12 പേരെ സസ്പെന്‍ഡു ചെയ്യാനുള്ള ഏരിയ കമ്മിറ്റിയുടെ നിര്‍ദേശം ലോക്കല്‍ കമ്മിറ്റി അംഗീകരിച്ചതോടെ നടപടിയായി. നടപടി ഇനി ജില്ലാ കമ്മിറ്റിയിലെത്തും. ഗ്രാമപഞ്ചായത്തംഗം ഷൈനുവും ബ്രാഞ്ച് സെക്രട്ടറിമാരും അടക്കം നാല് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ സസ്പെന്‍ഷനിലായിട്ടുണ്ട്.