വീരപ്പന്‍ Vs തലൈവര്‍

RAJANIIതലൈവര്‍ രജനീകാന്തിനേക്കാള്‍ പ്രശസ്തനാണ് താനെന്ന് കാട്ടുകള്ളന്‍ വീരപ്പന്‍ വിശ്വസിച്ചിരുന്നുവോ? ഉവ്വെന്നാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ പറയുന്നത്. തന്റെ പുതിയ ചിത്രമായ വീരപ്പനെക്കുറിച്ച് പരാമര്‍ശിക്കവേ രാം ഗോപാല്‍ വര്‍മ ട്വിറ്ററില്‍ നടത്തിയ വെളിപ്പെടുത്തലിലാണ് ഇക്കാര്യമുള്ളത്. കന്നട സൂപ്പര്‍ താരം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ അതേ രീതിയില്‍ രജനിയെ ബന്ദിയാക്കാന്‍ വീരപ്പന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് രാം ഗോപാല്‍ വര്‍മ പറഞ്ഞത്. വീരപ്പനോടൊപ്പമുണ്ടായിരുന്ന ചില ആളുകളില്‍നിന്നാണ് ഈ വിവരം ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. രജനിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യത്തിനു പകരമായി തന്നെക്കുറിച്ച് ഒരു സിനിമ നിര്‍മിക്കണമെന്ന് ആവശ്യപ്പെടാനായിരുന്നേ്രത വീരപ്പന്റെ പദ്ധതി.

ചമ്പല്‍ കൊള്ളക്കാരി ഫൂലന്‍ ദേവിയുടെ ജീവിതം ആസ്പദമാക്കി ശേഖര്‍ കപൂര്‍ ഒരുക്കിയ ബന്‍ഡിറ്റ് ക്വീന്‍ എന്ന സിനിമയേക്കാള്‍ വമ്പന്‍ ചിത്രമാണ് വീരപ്പന്റെ മനസിലുണ്ടായിരുന്നതത്രേ. കാരണം മറ്റൊന്നുമല്ല, താന്‍ ഫൂലന്‍ ദേവിയേക്കാളും വലുതാണെന്നും വീരപ്പന്‍ കരുതിയിരുന്നു. വീരപ്പന്‍ ഇങ്ങനെ കരുതാനും കാരണമുണ്ടെന്ന് രാം ഗോപാല്‍ വര്‍മ കുറിക്കുന്നു: ഫൂലന്‍ 22 പേരെ വെടിവച്ചുകൊന്നതിനു പിന്നിലേ ഉണ്ടായിരുന്നുള്ളൂ. വീരപ്പനാകട്ടെ 97 പോലീസുകാരെയും ഒട്ടേറെ സാധാരണക്കാരെയും നേരിട്ടു കൊന്നിട്ടുണ്ട്.

ഈ മാസം 27ന് രാം ഗോപാല്‍ വര്‍മയുടെ വീരപ്പന്‍ സിനിമ പുറത്തിറങ്ങുകയാണ്. സന്ദീപ് ഭരദ്വാജ്, സച്ചിന്‍ ജോഷി, ലിസാ റേ, ഉഷ യാദവ് തുടങ്ങിയവര്‍ അഭിനയിക്കുന്നതാണ് ഈ സിനിമ.

വീരപ്പന്‍ രജനീകാന്തിനെ തട്ടിക്കൊണ്ടു പോയിരുന്നെങ്കില്‍ എന്തായിരുന്നേനെ അവസ്ഥ! ലോകം കറങ്ങുന്നതുതന്നെ തലൈവരുടെ വിരലുകളിലാണെന്ന് കരുതുന്നവരാണ് രജനി ആരാധകര്‍. സൂപ്പര്‍മാനേക്കാള്‍ വലുതായി അവര്‍ രജനിയെ കാണുന്നു.

രാം ഗോപാല്‍ വര്‍മയുടെ ഈ ചൂടന്‍ വെളിപ്പെടുത്തലിനെയും രജനി ആരാധകര്‍ വെറുതെവിടുമെന്നു കരുതുകവയ്യ. മുമ്പൊരിക്കല്‍ രജനീകാന്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ എമി ജാക്‌സണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതു തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്ത് രാം ഗോപാല്‍ വര്‍മ നടത്തിയ ചില പരാമര്‍ശങ്ങള്‍ രജനി ആരാധകര്‍ അത്ര കൂളായല്ല സ്വീകരിച്ചത്. സാമാന്യം നല്ല ചീത്തവിളികള്‍ അന്നേ രാം ഗോപാല്‍ വര്‍മയ്ക്കു കിട്ടി.

താരപദവിക്ക് ലുക്‌സ് നിര്‍ണായകമല്ലെന്നു തെളിയിച്ച വലിയ താരം, സിക്‌സ് പാക്കില്ലാത്ത, ഉയരമില്ലാത്ത, രണ്ടു ഡാന്‍സ് സ്റ്റെപ്പുകള്‍ മാത്രം അറിയാവുന്ന മനുഷ്യന്‍, ലോകത്തൊരിടത്തും ഈ ലുക്കുള്ള ഒരാള്‍ക്ക് സൂപ്പര്‍ സ്റ്റാറാകാന്‍ സാധിക്കില്ല- ഇതിനായി ഇദ്ദേഹം എന്താണ് ദൈവത്തിനു നല്‍കിയത്, പ്രേക്ഷകര്‍ക്ക് സിനിമയില്‍ എന്താണ് ഇഷ്ടപ്പെടുന്നതെന്ന് നിശ്ചയിക്കാന്‍ കഴിയില്ലെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് രജനിസാര്‍, രജനീ പ്രതിഭാസം എന്താണെന്ന് വിശദീകരിക്കാന്‍ ലോകത്തെ ഏറ്റവും വലിയ മനശാസ്ത്ര വിദഗ്ധര്‍ക്കു പോലും കഴിയില്ല തുടങ്ങിയ പരാമര്‍ശങ്ങളാണ് അന്ന് രാം ഗോപാല്‍ വര്‍മ ട്വിറ്ററിലൂടെ നടത്തിയത്.

രജനി ആരാധകര്‍ക്ക് അത് ഒട്ടും രുചിച്ചില്ല എന്നു പറയേണ്ടതില്ലല്ലോ. അവര്‍ വൈകാതെ വര്‍മയെ ചീത്തവിളിക്കാനും തുടങ്ങി. രജനി ഫാന്‍സിനെ ചവറുകള്‍ എന്നു വിശേഷിപ്പിച്ചാണ് വര്‍മ ചീത്തവിളികളോടു പ്രതികരിച്ചത്. താന്‍ രജനികാന്തിനെ പ്രശംസിക്കുകയായിരുന്നുവെന്നും അത് ചവറുകളായ ഫാന്‍സിനു മനസിലായില്ലെന്നുമായിരുന്നു വര്‍മയുടെ പ്രതികരണം. എന്തായാലും ഇത്തവണയും രജനി ആരാധകരുടെ വിമര്‍ശനങ്ങള്‍ വര്‍മ ഏറ്റുവാങ്ങേണ്ടിവരുമെന്നാണ് സൂചനകള്‍.

രജനീകാന്ത് എന്ന അതിമാനുഷനെ ചുറ്റിപ്പറ്റിയുള്ള ചൊല്ലുകള്‍ ഇന്റര്‍നെറ്റില്‍ സൂപ്പര്‍ ഹിറ്റുകളാണ്- അദ്ദേഹത്തിന്റെ സിനിമകള്‍പോലെതന്നെ. നമ്മ തലൈവര്‍ ജോക്‌സ് എന്ന പേരില്‍ ഏതാനും വര്‍ഷങ്ങളായി നെറ്റില്‍ പ്രചരിക്കുന്ന വാചകമേളയ്ക്ക് ഇന്നും ആരാധകരേറെ. ഇതാ ഏതാനും ഉദാഹരണങ്ങള്‍:

1. രജനീകാന്ത് വാച്ചുകെട്ടാറില്ല. സമയം എത്രയായെന്ന് അണ്ണന്‍ തീരുമാനിക്കും.
2. രജനീകാന്ത് എന്നേ ചൊവ്വയിലെത്തി. വെറുതെയാണോ അവിടെ ജീവന്റെ ഒരു ലക്ഷണവുമില്ലാത്തത്.
3. ചാവുകടലിനെ കൊന്നത് വേറാരുമല്ല, അണ്ണന്‍തന്നെ.
4. രജനീകാന്ത് എന്ന പേര് തെറ്റായി ടൈപ്പ് ചെയ്തുനോക്കിയാല്‍ ഗൂഗിള്‍ അത് തിരുത്താനൊന്നും വരില്ല. പകരം ഒരു മുന്നറിയിപ്പ് കിട്ടും: ജീവന്‍ കൈയില്‍പ്പിടിച്ച് ഓടാന്‍ നിങ്ങള്‍ക്ക് അല്പം സമയംകൂടിയുണ്ട്.
5. പിയാനോകൊണ്ട് വയലിന്‍ വായിക്കാന്‍ ആരുണ്ട്? തലൈവര്‍ മാത്രം.
6. രജനി ഒരിക്കലൊരു ചെക്കെഴുതി, ബാങ്കുതന്നെ ബൗണ്‍സായിപ്പോയി.
7. മൈക്കല്‍ ജോര്‍ദാന്‍ രജനിയോട്: എനിക്ക് ഒരു പന്ത് വിരല്‍ത്തുമ്പില്‍ രണ്ടു മണിക്കൂര്‍ നേരം തിരിക്കാന്‍ പറ്റും. താങ്കള്‍ക്കു പറ്റുമോ? രജനി: ഭൂമി തിരിയുന്നത് എങ്ങനെയാണെന്നാ തന്റെ വിചാരം?
8. രജനി ഒരിക്കല്‍ മാക്‌ഡൊണാള്‍ഡ്‌സില്‍ചെന്ന് ഒരു പ്ലേറ്റ് ഇഡലി ഓര്‍ഡര്‍ ചെയ്തു. അദ്ദേഹത്തിനത് കിട്ടുകയും ചെയ്തു.
9. രജനീകാന്ത് ജനിച്ചത് ഒരു നൂറുകൊല്ലം മുമ്പായിരുന്നെങ്കില്‍ ഇന്ത്യയില്‍നിന്നു സ്വാതന്ത്ര്യം കിട്ടാന്‍ ബ്രിട്ടീഷുകാര്‍ കഷ്ടപ്പെട്ടേനെ.
10. രജനീകാന്ത് ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍, ഫേസ്ബുക്ക് സ്വന്തം സ്റ്റാറ്റസ് മെസേജ് അപ്‌ഡേറ്റ് ചെയ്യും.
11. രജനി ഒരിക്കല്‍ ഒറ്റ പറച്ചില്‍: ബാാാംഗ്. 20 ആളുകള്‍ മരിച്ചുവീണു.
12. വിക്ടോറിയാസ് സീക്രട്ട് പോലും അറിയാം തലൈവര്‍ക്ക്.
13. പൂജ്യംകൊണ്ട് ഹരിക്കാനും അണ്ണനേ പറ്റൂ.
14. ഇന്‍ഫിനിറ്റി വരെ എണ്ണി അണ്ണന്‍, അതും രണ്ടുവട്ടം.
15. രജനീകാന്ത് ഉള്ളിയെ കരയിക്കും.
16. റീസൈക്കിള്‍ ബിന്‍ ഡിലീറ്റ് ചെയ്യാനും അണ്ണനു കഴിയും.
17. മത്സ്യങ്ങളെ മുക്കിക്കൊല്ലുന്നവനും രജനി.
18. രജനീകാന്തിന്റെ കലണ്ടറില്‍ മാര്‍ച്ച് 31 കഴിഞ്ഞാല്‍ നേരെ ഏപ്രില്‍ രണ്ടാണ്. അണ്ണനെ ആര്‍ക്കും ഫൂളാക്കാനാവില്ല.
19. തലൈവര്‍ക്ക് ഒരൊറ്റ പക്ഷിമതി, രണ്ടു കല്ലുകളെ കൊല്ലാന്‍.
20. വെറും 16 സെക്കന്‍ഡ് പ്രായമുള്ളപ്പോഴാണ് രജനിക്ക് ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയത്.
21. ഗ്യാസൊലീന് വിലകൂടുന്നതിനാല്‍ തന്റെ കുടിശീലത്തെക്കുറിച്ച് അണ്ണന്‍ ചിന്തയിലാണ്.
22. പുഷ് അപ്‌സ് എടുക്കുമ്പോള്‍ ശരിക്കും രജനീകാന്ത് ഭൂമിയെ തള്ളിമാറ്റുകയാണ് ചെയ്യുന്നത്.
23. 60 മിനിറ്റുനേരം പരിശോധിക്കാന്‍ അണ്ണന് 20 മിനിറ്റേ വേണ്ടൂ.
24. ബര്‍മുഡ ട്രയാംഗിള്‍ മുമ്പ് ബര്‍മുഡ സ്ക്വയര്‍ ആയിരുന്നു., ഒരു മൂല അണ്ണന്‍ ചവിട്ടിയൊടിക്കുംവരെ!!
25. അണ്ണനേക്കാള്‍ കൂടുതല്‍ വേഗത്തിലും കൂടുതല്‍ ദൂരത്തിലും ഓടുന്നത് അദ്ദേഹത്തിന്റെ സിനിമകള്‍മാത്രം.
26. എവിടെ ദൃഢനിശ്ചയമുണ്ടോ, അവിടെ ഒരു വഴിയുണ്ടാവും. എവിടെ രജനീകാന്തുണ്ടോ, അവിടെ പിന്നെ വേറൊരു രക്ഷയുമില്ല….
എന്തുതോന്നുന്നു? അണ്ണനോടു കളിച്ചാല്‍ വീരപ്പന്റെ അവസ്ഥ എന്തായാനേ!
തലൈവര്‍ വാഴ്‌കെ!! 🙂

Related posts