Set us Home Page

സംസ്ഥാനത്ത് ആദ്യമായി ജയില്‍ ചാടി ചരിത്രം സൃഷ്ടിച്ച യുവതികള്‍ പിടിയിലാകാന്‍ കാരണം ഫോണ്‍വിളി; ജയില്‍ചാടിയ ശേഷവും തട്ടിപ്പു നടത്തി; ഒടുവില്‍ പാലോട് ഉള്‍വനത്തില്‍ നിന്നും പിടിയിലായതിങ്ങനെ…

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ആദ്യ വനിതാ ജയില്‍ചാട്ടക്കാര്‍ ഒടുവില്‍ പിടിയിലായി. രണ്ട് ദിവസം മുമ്പ് അട്ടക്കുളങ്ങരയില്‍ നിന്നും ജയില്‍ ചാടിയ ശില്‍പ്പ, സന്ധ്യ എന്നിവരാണ് തിരുവനന്തപുരം പാലോട് അടപ്പുപാറ ഉള്‍വനത്തില്‍ വച്ച് ഇന്നലെ രാത്രിയില്‍ പിടിയിലായത്. ശില്‍പയുടെ വീട്ടിലേക്ക് പോകുന്നതിനിടെ സഹോദരനെ ഫോണില്‍ വിളിച്ചതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. ഇതാണ് തടവു പുള്ളികളെ പിടികൂടാന്‍ പൊലീസിന് സഹായകമായത്. ഇവര്‍ക്കായി പൊലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം ഉടന്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കും.

ചൊവ്വാഴ്ച വൈകിട്ടാണ് ഇവര്‍ തലസ്ഥാനത്തെ വനിത ജയിലില്‍ നിന്നും പിന്‍വശത്തെ മതില്‍ ചാടി രക്ഷപ്പെട്ടത്. അതേസമയം, ജയിലില്‍ നിന്നും രക്ഷപ്പെട്ട യുവതികള്‍ മണക്കാട് നിന്നും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെ എസ്എടി ആശുപത്രിയിലെത്തിയിരുന്നു. പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും പിന്നീടു മടങ്ങിയെത്തിയില്ല. പണം നല്‍കാതെ യുവതികള്‍ മുങ്ങിയെന്ന് മനസിലായ ഓട്ടോ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ജയില്‍ ചാടിയ യുവതികള്‍ നേരെ ആശുപത്രിയിലെത്തിയത് പരിചയക്കാരില്‍ നിന്നും പണം സംഘടിപ്പിക്കാനാണെന്ന് പൊലീസ് കരുതുന്നു. യുവതികളിലൊരാളായ സന്ധ്യ മുന്‍പ് താത്കാലിക വേതനത്തില്‍ ഇവിടെ ജോലിചെയ്തിരുന്നു. ആശുപത്രി പരിസരത്തുനിന്നും രക്ഷപ്പെട്ട യുവതികള്‍ തമിഴ്നാട് ഭാഗത്തേക്ക് സഞ്ചരിച്ചതായി സൂചന ലഭിച്ച പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. മോഷണത്തിനും വഞ്ചനക്കേസുകളിലും പ്രതികളായി വര്‍ക്കല തച്ചോട് അച്യുതന്മുക്ക് സജി വിലാസത്തില്‍ സന്ധ്യ ജൂണ്‍ ഏഴിനും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളിയം ദേശം തേക്കുംകര പുത്തന്‍ വീട്ടില്‍ ശില്‍പ പതിനേഴിനുമാണ് ജയിലിലെത്തിയത്.

കല്ലറ പാങ്ങോട് സ്വദേശിയായ ശില്പയെ ജോലിചെയ്തിരുന്ന വീട്ടിലെ ഉടമസ്ഥന്റെ മോതിരം മോഷ്ടിച്ച കേസില്‍ ഈ മാസം ഏഴിന് നഗരൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. വ്യാജ സ്വര്‍ണം പണയംവെച്ചതിന് പള്ളിച്ചല്‍ പൊലീസ് ജൂണ്‍ 17-നാണ് സന്ധ്യയെ അറസ്റ്റ് ചെയ്തത്. ഷാഡോ പൊലീസിന്റെ ഒരു ടീം ഇവര്‍ക്കായി തിരിച്ചില്‍ നടത്തി വരികയായിരുന്നു. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ഇവരുടെ ചിത്രങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇവര്‍ തമിഴ്‌നാട്ടിലേക്ക കടന്നിരുന്നെങ്കില്‍ പോലീസിന് അത് വന്‍ തലവേദനയായേനെ…

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS