ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലില്‍ ബിജെപി നേതൃത്വത്തിനെതിരേ വിമര്‍ശനമുയര്‍ത്തിയ നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നന്‍ സിന്‍ഹയോട് കോണ്‍ഗ്രസില്‍ ചേരാന്‍ നേതൃത്വത്തിന്റെ ഉപദേശം. ബിജെപി ബിഹാര്‍ പ്രസിഡന്റ് മംഗള്‍ പാണ്ഡേയാണ് വേണമെങ്കില്‍ ശത്രുഘ്നനോട് കോണ്‍ഗ്രസില്‍ ചേരാന്‍ ഉപദേശിച്ചത്.
നോട്ട് പിന്‍വലിക്കലിനു മുമ്പും പിന്‍പും ശത്രുഘ്നന്‍ സിന്‍ഹ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. വിഢ്ഡികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നത് അവസാനിപ്പിക്കാനായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയുടെ ഉപദേശം. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നയങ്ങളില്‍ എതിര്‍പ്പുള്ളവര്‍ക്കു പാര്ട്ടിവിട്ടുപോകാമെന്ന മുന്നറിയിപ്പുമായി സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്. നേരത്തെ, ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതിയിലും ശത്രുഘ്നന്‍ സിന്‍ഹ ബിജെപി നേതൃത്വത്തിനെതിരേ രംഗത്തെത്തിയിരുന്നു.