വ്യാഴാഴ്ച വരെ കാത്തിരിപ്പ് : പുതിയ വോട്ടുകളും എന്‍ഡിഎ വോട്ടുകളും നിര്‍ണായകം; ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ചുവടെ

KTM-KATHIRIPPUകോട്ടയം: വോട്ടെടുപ്പ്് കഴിഞ്ഞു. ഇനി വ്യാഴാഴ്ച രാവിലെ വരെ കാത്തിരിപ്പ്. പുതിയ തലമുറയുടെ വോട്ടുകളും ബിജെപി-ബിഡിജെഎസ് സഖ്യവും നേടുന്ന അധികവോട്ടുകളും വിധിയെഴുത്തില്‍ നിര്‍ണായകം.    മുന്‍കാലങ്ങളില്‍ നേടിയിരുന്ന ശരാശരി അയ്യായിരം വോട്ടുകളുടെ ആള്‍ബലമല്ല ഇന്നു ബിജെപിക്കുള്ളത്. എല്ലായിടത്തുംതന്നെ ഇരുപതിനായിരത്തിനു മുകളില്‍ വോട്ടുകള്‍ ഈ സഖ്യം നേടിയേക്കും. ഇത് ഇടതുവലതു മുന്നണികളുടെ പരമ്പരാഗത അടിത്തറകളെ ഇളക്കിമറിക്കാവോളം നിര്‍ണായകമാണ്. കാഞ്ഞിരപ്പള്ളി, പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ മുനതിരിക്കാന്‍ നിര്‍ണായക ശക്തിയാണ് ഇത്തവണ എന്‍ഡിഎ സഖ്യം.

പോള്‍ ചെയ്യപ്പെട്ട 1.5 ലക്ഷം വോട്ടുകളാണ് ഒമ്പത് മണ്ഡലങ്ങളിലും പ്രധാനമായും മൂന്നു സ്ഥാനാര്‍ഥികള്‍ക്കായി വീതിക്കപ്പെടുക. 25 വയസില്‍ താഴെ പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണം മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തിനു മുകളിലാണ്. കുടുംബ, സമുദായ, രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍നിന്നു വ്യത്യസ്തമാണ് പുതിയ തലമുറയുടെ വീക്ഷണം. സോഷ്യല്‍ മീഡിയയുടെയും സൗഹൃദങ്ങളുടെയും സ്വാധീനം ഇവരുടെ  വോട്ടിംഗിനെ ബാധിക്കും.

മധ്യതിരുവിതാംകൂറിലെ ഏറെ മണ്ഡലങ്ങളിലും പതിനായിരത്തിലേറെ വോട്ടര്‍മാര്‍ ഉപരിപഠനത്തിനും ജോലിക്കുമായി നാടുവിട്ടിരിക്കുന്നു. ക്രൈസ്തവകുടുംബങ്ങളില്‍നിന്നാണു പ്രവാസികള്‍ ഏറെയും. ഇവരുടെ അഭാവം യുഡിഎഫിനെ പ്രതികൂലമായി ബാധിക്കുമെന്നാണു വിലയിരുത്തല്‍.
പുതുപ്പള്ളി, കടുത്തുരുത്തി, കോട്ടയം മണ്ഡലങ്ങള്‍ യുഡിഎഫ് ഉറപ്പിച്ചു കഴിഞ്ഞു. വൈക്കത്ത് ഇടതിന് നേരിയ മുന്‍തൂക്കമുണ്ട്. ചതുഷ്‌കോണമത്സരത്തില്‍ പൂഞ്ഞാറില്‍ ചിതറിയ വോട്ടുകളില്‍ ആര്‍ക്കു മുന്‍തൂക്കം എന്നു വ്യക്തമല്ല.

ഉറച്ച യുഡിഎഫ് സീറ്റുകളായിരുന്ന പാലാ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, ചങ്ങനാശേരി മണ്ഡലങ്ങളില്‍ ഇക്കുറി ആര്‍ക്കു വിജയമെന്ന് കണ്ണടച്ചു പറയാനാകാത്ത സ്ഥിതിയാണ്. വിജയികള്‍ക്ക് ഭൂരിപക്ഷം കുറഞ്ഞേക്കും.

നിയോജകമണ്ഡലം           വോട്ടെണ്ണല്‍ കേന്ദ്രം

പാല                                   മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ് ഓഡിറ്റോറിയം കഞ്ഞിക്കുഴി
കടുത്തുരുത്തി                       മഡോണ ജംഗ്ലീഷ് മീഡിയം സ്കൂള്‍,
ഹോളിഫാമിലി എച്ചഎസ്എസ് ക്യാമ്പസ് കോട്ടയം

വൈക്കം                               ഹോളിഫാമിലി ഹൈസ്കൂള്‍ കോട്ടയം
ഏറ്റുമാനൂര്‍                           ഹോളിഫാമിലി എച്ച്എസ്എസ് ഓഡിറ്റോറിയം കോട്ടയം
കോട്ടയം                               ബസേലിയോസ് കോളജ് ഓഡിറ്റോറിയം കോട്ടയം
പുതുപ്പള്ളി                           എംഡി സെമിനാരി എച്ച്എസ്എസ് ഓഡിറ്റോറിയം കോട്ടയം
ചങ്ങനാശേരി                         എംഡി സെമിനാരി എച്ചഎസ്എസ് ഓഡിറ്റോറിയം കോട്ടയം
കാഞ്ഞിരപ്പള്ളി                       മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ് ഓഡിറ്റോറിയം കഞ്ഞിക്കുഴി
പൂഞ്ഞാര്‍                               മൗണ്ട് കാര്‍മല്‍ ടീച്ചര്‍ എഡ്യൂ. സെന്റര്‍ ഓഡിറ്റോറിയം കഞ്ഞിക്കുഴി.

Related posts