റിയോ ഡി ഷാനെറോ: ഒളിമ്പിക്‌സില്‍ അഭിനവ് ബിന്ദ്രയ്ക്കു മെഡലില്ല. 10 മീറ്റര്‍ എയര്‍ റൈഫിളിന്റെ ഫൈനലില്‍ ബിന്ദ്രയ്ക്കു നാലാം സ്ഥാനത്തുമാത്രമാണ് എത്താന്‍ കഴിഞ്ഞത്. ഈ ഇനത്തില്‍ ഇറ്റലിയുടെ നിക്കോളോ കാംബ്രിയാനോ സ്വര്‍ണമെഡല്‍ സ്വന്തമാക്കി. ഷൂട്ട്ഓഫില്‍ 163.8 പോയിന്റ് മാത്രമാണ് ബിന്ദ്രയ്ക്കു നേടാന്‍ കഴിഞ്ഞത്. ഒളിമ്പിക്‌സിനുശേഷം വിരമിക്കുമെന്ന് ബിന്ദ്ര പ്രഖ്യാപിച്ചിരുന്നു.
2008 ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ ഈ ഇനത്തില്‍ സ്വര്‍ണം നേടിയ താരമായിരുന്നു അഭിനവ് ബിന്ദ്ര. ബെയ്ജിംഗില്‍ ബിന്ദ്രയിലൂടെയാണ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ഒരു വ്യക്തിഗത സ്വര്‍ണം ലഭിക്കുന്നത്. പക്ഷേ, ലണ്ടന്‍ ഒളിമ്പിക്‌സില്‍ ബിന്ദ്രയ്ക്കു ഫൈനലില്‍ കടക്കാനായില്ല. ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവും ബിന്ദ്ര സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ താരമാണ് ബിന്ദ്ര.ഇത്തവണ മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തിയത് അഭിനവ് ബിന്ദ്രയായിരുന്നു.