സദാചാര ഗുണ്ടായിസം: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

policeവടകര: തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളിയേയും വനിതാ കോണ്‍ഗ്രസ് നേതാവിനേയും ഒരു സംഘമാളുകള്‍ സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ച സംഭവത്തില്‍ വടകരയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഡിജിപിയുടെ നിര്‍ദേശ പ്രകാരം നടന്ന അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

എസ്‌ഐ പി.എസ്.ഹരീഷ്, എഎസ്‌ഐ ബാബുരാജ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കോഴിക്കോട് ട്രാഫിക് എസ്പി വിജയകുമാര്‍ നടത്തിയ പ്രാഥമികാന്വേഷണത്തെ തുടര്‍ന്നാണ് നടപടി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരനെതിരെ അന്വേഷണത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മാസം പതിനൊന്നിനാണ് തിരുവള്ളൂര്‍ മുരളിയേയും പയ്യോളിയിലെ വനിതാ കോണ്‍ഗ്രസ് നേതാവിനെയും മുരളി പ്രസിഡന്റായ സൊസൈറ്റി ആസ്ഥാനത്ത് പട്ടാപ്പകല്‍ പൂട്ടിയിട്ടത്. സദാചാര ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം മുരളിയേയും വനിതാ നേതാവിനെയും കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. വടകരയിലെ യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രി ഉള്‍പെടെയുള്ളവരെ കണ്ട് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടതിന്റെ തുടര്‍ച്ചയായാണ് അന്വേഷണവും അച്ചടക്ക നടപടിയും.

Related posts