എ.ജെ. വിന്‍സന്‍
കണ്ടശാംകടവ്: ചെറുപ്പക്കാര്‍ക്ക് അപകടമില്ലാത്ത തരത്തില്‍ സാഹസിക വിനോദസഞ്ചാരം നടത്താന്‍ പുതിയ സാഹസിക ടൂറിസം പദ്ധതികള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു പച്ചക്കൊടികാട്ടി. രണ്ടുദിവസം മുമ്പു കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മയാണു ടൂറിസം മന്ത്രി എ.സി. മൊയ്തീനെ 15 ദിവസത്തിനുള്ളില്‍ പദ്ധതി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. ന്യൂഡല്ഹിയില്വച്ചു കേന്ദ്ര ടൂറിസം മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. കേരളത്തിലെ ഐടി മേഖലയിലേതുള്‍പ്പെടെയുള്ള യുവാക്കള്‍ക്കും അപകടമില്ലാത്ത തരത്തില്‍ സുരക്ഷയോടുകൂടി ജല-മലയോര -ആകാശ അഡ്ഞ്ചെര് ടൂറിസമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
തൃശൂര്‍ കേന്ദ്രമാക്കി പ്ലസ്ടു കഴിഞ്ഞ 30 വിദ്യാര്‍ഥികള്‍ക്കു ട്രാവല്‍ ആന്‍ഡ് ടൂറിസം ലോജിസ്റ്റിക് പരിശീലനം ടൂറിസം വകുപ്പ് നല്‍കും. ഒരുവര്‍ഷമാണു പരിശീലന കാലാവധി. പരിശീലനം കഴിഞ്ഞാല്‍ ഉടന്‍ ജോലി നല്കാവുന്നതരത്തിലാണ് ഈ കോഴ്സ് നടത്തുന്നതെന്നും മന്ത്രി മൊയ്തീന് വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ മൂന്നു റൂസിം പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമം തുടങ്ങി. തൃശൂര്‍ ജില്ല കേന്ദ്രമായി തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയാണ് ഇതിലൊന്ന്. വൈകാതെ തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. തീര്ഥാടനത്തിനെത്തുന്നവര്ക്കു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാവുന്ന വിധത്തില്‍ ടൂറിസം കണക്ടിവിറ്റിക്കു സംസ്ഥാന സര്‍ക്കാര്‍ പശ്ചാത്തല സൗകര്യമുണ്ടാക്കണം.
99.98 കോടി വകയിരുത്തി വാഗമണ്‍ ഗവി, 99 കോടിയുടെ ശബരിമല -പമ്പ എന്നീ രണ്ടു കേന്ദ്രപദ്ധതികളും സംസ്ഥാന ടൂറിസം വകുപ്പിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ബജറ്റിലെ 314കോടി രൂപയ്ക്കു പുറമേ മാന്ദ്യവിരുദ്ധ പാക്കേജില്‍ ഉള്‍പ്പെടുത്തി 700 കോടി രൂപ നേരത്തെ ടൂറിസം വകുപ്പിനുവേണ്ടി നീക്കിവച്ചിരുന്നു. ചെറുതും വലുതുമായ കേരളത്തിലെ 85 ടൂറിസം കേന്ദ്രങ്ങള്‍ അടുത്ത രണ്ടുമാസംകൊണ്ടു വൃത്തിയാക്കാനുള്ള നടപടികളും ടൂറിസം വകുപ്പു തുടങ്ങിയിട്ടുണ്ട്. കുടുംബശ്രീകള്‍, സന്നദ്ധ സംഘടനകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയെ സഹകരിപ്പിച്ചുള്ള ശ്രമദാനത്തിലൂടെയാണ് ഇത് നടപ്പാക്കുന്നത്.

