പന്തളം: വഴിത്തര്‍ക്കത്തില്‍ പ്രതിയായ ഓട്ടോറിക്ഷാത്തൊഴിലാളിയും യൂണിയന് നേതാവുമായ യുവാവിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎമ്മും പോഷകസംഘടനകളും ചേര്‍ന്ന് നടത്തിയ സമരവും ഭീഷണിയും ഒടുവില്‍ പാര്‍ട്ടിക്ക് തന്നെ തിരിച്ചടിച്ചു. പന്തളത്ത് പുതിയതായി നിയമിതനായ സിഐ ആര്.സുരേഷിനെതിരെയായിരുന്നു കഴിഞ്ഞ 26ന് സിപിഎം പ്രത്യക്ഷത്തില്‍ സമരം നടത്തിയത്.
എന്നാല്‍, പാര്‍ട്ടിയിലെ ഒരു പ്രാദേശിക നേതാവ് വിഷയത്തില്‍ പ്രതിക്കൂട്ടിലായെന്ന് മാത്രമല്ല, പാര്‍ട്ടി ലക്ഷ്യമിട്ട സിഐ പന്തളത്ത് പദവി ഉറപ്പിക്കുകയും ചെയ്തു. ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ യൂണിയന് ഏരിയാ സെക്രട്ടറിയായ മങ്ങാരം കോടാലിപ്പറമ്പില്‍ എ.എച്ച്.സുനിലിനെയാണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിനെതിരെയാണ് സിപിഎം പോലീസ് സ്റ്റേഷന് ഉപരോധിച്ചത്. ഉപരോധ സമരത്തിലുടനീളം സിഐയ്ക്കെതിരെ നേതാക്കള്‍ കണക്കറ്റ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തിലുള്ള അവസരത്തിലായതിനാല്‍, സിഐയെ മാറ്റും എന്ന് വരെ ഒരു വേള പ്രചാരണവും ശക്തമായിരുന്നു. സുനില്‍ ഉള്‍പ്പെട്ട അടിപിടി കേസില്‍ പാര്‍ട്ടി ഇടപെട്ട് സമവായം കണ്ടെത്തുകയും ഇത് പരാതിക്കാരനായ മങ്ങാരത്ത് പനയ്ക്കല്‍ പീടികയില്‍ സാബു അംഗീകരിക്കുകയും ചെയ്തിരുന്നതാണെന്ന് പറയുന്നു.
എന്നാല്‍, അന്ന് രാത്രി വൈകി സാബുവിന്റെ ബന്ധു കൂടിയായ സിപിഎമ്മിന്റെ പ്രാദേശിക നേതാവ് പോലീസിനെ സ്വാധീനിക്കുകയും സാബുവില്‍ നിന്ന് നിര്‍ബന്ധപൂര്‍വം പരാതി എഴുതി വാങ്ങി സുനിലിനെ കുടുക്കുകയുമായിരുന്നെന്ന ആരോപണമാണ് പുറത്ത് വന്നത്.ഇതോടെ സിഐയ്ക്കെതിരെയുള്ള നീക്കങ്ങള്‍ ദുര്‍ബലമാവുകയും അറസ്റ്റിനു പിന്നില്‍ പ്രവര്‍ത്തിച്ച നേതാവിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമാവുകയുമായിരുന്നു.