സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗ്: കേരള റോയല്‍സ് റെഡി

sp-jayarramകൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മാതൃകയില്‍ സെപ്റ്റംബര്‍ 12 മുതല്‍ നടക്കുന്ന സെലിബ്രിറ്റി ബാഡ്മിന്റണ്‍ ലീഗിനുള്ള(സിബിഎല്‍) കേരള റോയല്‍സ് ടീമിനെ പ്രഖ്യാപിച്ചു. കൊച്ചിയിലെ സ്വകാര്യഹോട്ടലിലായിരുന്നു പ്രഖ്യാപന ചടങ്ങ്. ക്യാപ്റ്റന്‍ ജയറാം, വൈസ് ക്യാപ്റ്റന്‍ നരേന്‍, ടീം അംഗങ്ങളായ സൈജു കുറുപ്പ്, ശേഖര്‍ മേനോന്‍, രാജീവ് പിള്ള, റോണി ഡേവിഡ്, പാര്‍വതി നമ്പ്യാര്‍, രഞ്ജിനി ഹരിദാസ്, ടീം ഉടമ രഞ്ജിത് കരുണാകരന്‍ എന്നിവരാണ് ചടങ്ങിനെത്തിയത്. ശ്രീനാഥ് ഭാസി, ജേക്കബ് ഗ്രിഗറി എന്നിവര്‍ ടീമിലുണെ്ടങ്കിലും ചടങ്ങിനെത്തിയില്ല.

തന്റെ കുട്ടിക്കാലത്തെ പ്രധാന ഇഷ്ടങ്ങളായ ആന, ചെണ്ട എന്നിവയോടൊപ്പം താലോലിച്ച മറ്റൊരു ഇഷ്ടമായിരുന്നു ബാഡ്മിന്റണെന്ന് ജയറാം പറഞ്ഞു. ഇന്നും ഷൂട്ടിംഗ് സെറ്റുകളില്‍ പോകുമ്പോള്‍ ബാഡ്മിന്റണ്‍ കിറ്റ് കരുതാറുണ്ട്.തനിക്ക് സിനിമാമേഖലയിലേതിനേക്കാള്‍ കൂടുതല്‍ സുഹൃത്തുക്കള്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകളിലായിരിക്കുമെന്നും ജയറാം പറഞ്ഞു. കേരള റോയല്‍സ് ടീമിന് ജയറാമിന്റെ നേതൃത്വം ഗുണം ചെയ്യുമെന്ന് കേരള അണ്ടര്‍ 19 താരമായിരുന്ന പാര്‍വതി നമ്പ്യാര്‍ പറഞ്ഞു. കൂടെ പഠിച്ച പെണ്‍കുട്ടിയുടെ ഇഷ്ടം പിടിച്ചുപറ്റാനാണ് താന്‍ ആദ്യമായി ബാറ്റ് കൈയിലെടുത്തതതെന്ന് വൈസ്ക്യാപ്റ്റന്‍ നരേന്‍ പറഞ്ഞു.

മംമ്താ മോഹന്‍ദാസിനെയും ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ടീം അധികൃതര്‍ അറിയിച്ചു. പരിശീലകനെ ഉടന്‍ നിയമിക്കും.കൊച്ചി റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററിലെ ഇന്‍ഡോര്‍ സ്റ്റേഡിയമായിരിക്കും ഹോം കോര്‍ട്ട്. കേരള റോയല്‍സിനു പുറമേ ചെന്നൈ റോക്കേഴ്‌സ്, കര്‍ണാടക ആല്‍പ്‌സ്, ടോളിവുഡ് തണേ്ടഴ്‌സ് എന്നിവയാണ് മറ്റു ടീമുകള്‍. ലീഗിന്റെ പ്രചാരണത്തിനായി ഒളിമ്പിക്‌സ് വെള്ളിമെഡല്‍ ജേത്രി പി.വി. സിന്ധുവിനെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് രഞ്ജിത് കരുണാകരന്‍ പറഞ്ഞു.

പുരുഷ, വനിതാ സിംഗിള്‍സ്, വനിതാ ഡബിള്‍സ്, പുരുഷ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍.കൊച്ചിക്കു പുറമെ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലായിരിക്കും മത്സരം നടക്കുക. ക്വലാലംപുരിലാണു ഫൈനല്‍. കേരളാ റോയല്‍സ് 18 വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുമെന്നും സെറിബ്രല്‍ പള്‍സി ബാധിച്ച കുട്ടികള്‍ക്ക് ധനസഹായം നല്‍കുമെന്നും ടീം ഓപ്പറേഷന്‍സ് ഹെഡ് വിനീത്കുമാര്‍ പറഞ്ഞു. ടീമിന്റെ പ്രോമോ സോംഗ്, ജേഴ്‌സി തുടങ്ങിയവ പിന്നീട് പുറത്തിറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related posts