സ്‌നേഹത്തിന്റെ ഈണത്തിന് നിര്‍മലയിലെ കുട്ടികള്‍ നല്‍കിയ നന്മയുടെ വേഷങ്ങള്‍

KTM-UNIFORMഎരുമേലി: ബാന്‍ഡ് മേളം അഭ്യസിക്കുന്ന ഭിന്ന ശേഷിക്കാരായ പഠിതാക്കള്‍ക്ക് യൂണിഫോം വസ്ത്രങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നറിഞ്ഞ സമീപത്തെ സ്കൂളിലെ കുട്ടികള്‍ തങ്ങളുടെ ചില്ലറ നാണയങ്ങളെല്ലാം സ്വരുക്കൂട്ടി നല്‍കി നന്മയുടെ മാതൃക പകര്‍ന്നു. എരുമേലി നിര്‍മല പബ്ലിക് സ്കൂളിലെ കുട്ടികളാണ് ദിവസവും ഐ ഷെയര്‍ പദ്ധതിയില്‍ നിക്ഷേപിച്ച് സ്വരൂപിച്ച 20,000 രൂപയും പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ആല്‍ഫ ഫൗണേ്ടഷന്‍ നല്‍കിയ 20000 രൂപയും ചേര്‍ത്ത് 40,000 രൂപ നല്‍കിയത്.

നിര്‍മല സ്കൂളിനു തൊട്ടടുത്ത് ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌പെഷല്‍ സ്കൂളായ ജീവന്‍ജ്യോതിയിലെ പഠിതാക്കള്‍ക്ക് തുക കൈമാറി. ശാരീരിക, മാനസിക ന്യൂനതകളുള്ള വിവിധ പ്രായക്കാരായ 116 പേരാണ് ജീവന്‍ജ്യോതിയിലെ പഠിതാക്കള്‍. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരാണ് ഏറെ പേരും. ബുദ്ധി വികാസത്തിലെ പോരായ്മകള്‍ മറികടന്ന് അറിവുകള്‍ നേടാന്‍ പഠിതാക്കളുടെ സര്‍ഗശേഷി തിരിച്ചറിഞ്ഞ് ശിക്ഷണം നല്‍കിയാണ് അധ്യാപികമാരായ സന്യാസിനിമാര്‍ പഠിപ്പിക്കുന്നത്.

പാഠപുസ്തകങ്ങള്‍ പഠിക്കുന്നത് കൂടാതെ വാദ്യോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതില്‍ വരെ ഇവരില്‍ മിക്കവരും വിദഗ്ധരായിക്കൊണ്ടിരിക്കുന്നു. മനോഹരമായ ട്യൂണില്‍ ബാന്‍ഡ്‌മേളം മുഴക്കിയാണ് ഇവര്‍ തുക നല്‍കാനെത്തിയ നിര്‍മലയിലെ കുട്ടികളെ സ്വീകരിച്ചത്. ഐ ഷെയര്‍ പദ്ധതിയിലൂടെ ഓരോ അധ്യയനവര്‍ഷവും സമാഹരിക്കുന്ന തുകയിലൂടെ നിരവധി സേവന പ്രവര്‍ത്തനങ്ങളാണ് നിര്‍മല സ്കൂള്‍ നടത്തിയിട്ടുള്ളത്. നിരാലംബര്‍ക്ക് കാരുണ്യം പകരാന്‍ കുട്ടികളെ പ്രാപ്താക്കുന്നതാണ് ഐ ഷെയര്‍ പദ്ധതി.

എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലെ ലാബിലേക്ക് എയര്‍ കണ്ടീഷണര്‍ വാങ്ങി നല്‍കിയതും പ്രകൃതിക്ഷോഭത്തില്‍ വീടു തകര്‍ന്ന ചേനപ്പാടിയിലെ നിര്‍ധന കുടുംബത്തിന് വീട് നിര്‍മിക്കാനും അപകടത്തില്‍ ശരീരം തളര്‍ന്ന ഇടകടത്തി സ്വദേശിയുടെ ചികിത്സക്കും അര്‍ബുദ രോഗിയുടെ ചികിത്സക്കും ഉള്‍പ്പെടെ മേഖലയിലെ വിവിധ അനാഥാലയങ്ങള്‍ക്കും മറ്റുമായി സഹായധനം നല്‍കിക്കൊണ്ടിരിക്കുന്നു.

ജീവന്‍ജ്യോതി സ്‌പെഷല്‍ സ്കൂളില്‍ നിര്‍മല സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിന്‍സിക്കൊപ്പം സ്കൂള്‍ ലീഡര്‍മാരായ അനറ്റ് മരിയ സാബു, എസ്. ശിവ എന്നിവര്‍ ചേര്‍ന്ന് തുക കൈമാറി. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എന്‍സി ജോര്‍ജ്, പിടിഎ പ്രസിഡന്റ് ബോസ് ഉറുമ്പില്‍, ജീവന്‍ജ്യോതി സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അല്‍ഫ ജേക്കബ്, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ മേഴ്‌സി, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മെര്‍ലി ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

Related posts