രാജു കുടിലില്‍
ഏറ്റുമാനൂര്‍: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ രാജ്യത്തെ ഏക സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മറ്റൊരു ചരിത്ര നേട്ടത്തിനരികെ. ഒരേ രോഗിയില്‍ ഒരേ സമയം ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കി കാത്തിരിക്കുകയാണ് മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തൊറാസിക് വിഭാഗം. രാജ്യത്തെ ഒരു സംസ്ഥാന മെഡിക്കല്‍ കോളജിലും ഈ സംവിധാനമില്ല. കേരളത്തില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതിന് സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ ലൈസന്‍സുള്ള മറ്റൊരു ആശുപത്രിയുമില്ല.
ഇരു ശസ്ത്രക്രിയകളും ഒന്നിച്ചു നടത്തുന്നതിന് ആവശ്യമായ യന്ത്രസംവിധാനങ്ങള്‍ കാര്‍ഡിയോ തൊറാസിക് വിഭാഗം ഓപ്പറേഷന് തിയറ്ററില്‍ സജ്ജീകരിച്ചുകഴിഞ്ഞു. ടെക്നീഷ്യന്മാര് ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് പരിശീലനവും നല്കി. മസ്തിഷ്കമരണം സംഭവിച്ച രോഗിയില്‍നിന്നു ശേഖരിക്കുന്ന ശ്വാസകോശം കേടുകൂടാതെ കൊണ്ടുവരാന്‍ ആവശ്യമായ ഫെര്ഫെഡക്സ് എന്ന ലായനി എത്തേണ്ടതുണ്ട്. കേരളത്തില്‍ ശ്വാസകോശം മാറ്റിവയ്ക്കല്‍ നടക്കുന്നില്ലാത്തതിനാല്‍ ഈ ലായനി ഇവിടെ ലഭ്യമല്ല.
മുംബൈയിലെ ഒരു കമ്പനിയില്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്ന ലായനി ഒരാഴ്ചയ്ക്കുള്ളില്‍ എത്തുമെന്നാണ് കരുതുന്നത്.ഇതുകൂടി എത്തിയാല്‍ പിന്നെ ഒരേ വ്യക്തിയില്‍നിന്നു അനുയോജ്യമായ ഹൃദയവും ശ്വാസകോശവും ലഭിക്കുന്ന ആദ്യ ദിവസം ചരിത്രം സൃഷ്ടിക്കുന്ന ആ ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും. മൃതസഞ്ജീവനി പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഈ ശസ്ത്രക്രിയയ്ക്കായി ഒരു രോഗി കാത്തിരിക്കുന്നുണ്ട്.
പ്രശസ്ത കാര്‍ഡിയോ തൊറാസിക് സര്ജന് ഡോ.ടി.കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഡിയോ തൊറാസിക് വിഭാഗം കോട്ടയം മെഡിക്കല്‍ കോളജിനെ രാജ്യത്തെ മുന്‍നിര ആശുപത്രികള്‍ക്കൊപ്പം നിര്‍ത്തുന്ന അനവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. ഒരു വര്‍ഷം ഹൃദയം തുറന്നുള്ള ആയിരത്തിലേറെ ശസ്ത്രക്രിയകള്‍ നടത്തി. രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം മാറ്റിവയ്ക്കല്‍ നടത്തി. ഏഴുമാസത്തിനുശേഷം മറ്റൊരു ഹൃദയം മാറ്റിവയ്ക്കല്‍ കൂടി വിജയകരമായി നടത്തിയപ്പോഴും രാജ്യത്തെ മറ്റൊരാശുപത്രിക്കും ഈ നിരയിലേക്ക് കടന്നുവരാനായിട്ടില്ല.