പെരിന്തല്‍മണ്ണ: ഹൈവേ കവര്‍ച്ചാ സംഘത്തിലെ മുഖ്യപ്രതികള്‍ പെരിന്തല്‍മണ്ണ ഷാഡോ പോലീസിന്റെ പിടിയിലായി. കുറുവ പഴമള്ളൂര്‍ സ്വദേശി മൊയ്തീന്‍കുട്ടി, ഇരിട്ടി സ്വദേശി സുരേഷ് ബാബു, ഇരിട്ടി കീഴൂര്‍ സ്വദേശി സജിത്ത് എന്നിവരെയാണ് രാമനാട്ടുകര വച്ച് പ്രത്യേക അന്വേഷണ സംഘം ഇന്നു അറസ്റ്റു ചെയ്തത്. പണവും സ്വര്‍ണവും കൊണ്ടുപോകുന്നവരെ ഹൈവേകള്‍ കേന്ദ്രീകരിച്ച് തടഞ്ഞ് പണം തട്ടുന്ന സംഘമാണ് പിടിയിലായത്.
പ്രതികളിലൊരാളായ മൊയ്തീന്‍കുട്ടിയാണ് പണം കൊണ്ടുവരുന്ന സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കവര്‍ച്ചാ സംഘത്തിന് നല്‍കിയിരുന്നത്. അതനുസരിച്ച് പണം കൊണ്ടുവരുന്ന വാഹനവും വാഹനത്തിന്റെ നമ്പറും മനസിലാക്കിയ ശേഷം റൂട്ട് മാപ്പ് തയാറാക്കി കണ്ണൂര്‍, കാഴിക്കോട്,തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘങ്ങളെ ഉള്‍പ്പെടുത്തി വാഹനങ്ങളില്‍ എത്തിയാണ് സംഘം കവര്‍ച്ച നടത്തുന്നത്.
ഇവര്‍ക്കെതിരെ ഇരിട്ടി പോലീസ് സ്റ്റേഷനില്‍ വേറെ കേസുകള്‍ നിലവിലുണ്ട്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി പി.ടി.ബാലന്, സിഐ എ.എം.സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.