വി.ആര്‍. അരുണ്‍കുമാര്‍
ഹൊഗനക്കല്‍… കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ അതിര്‍ത്തിയിലുള്ള മനോഹര ഗ്രാമം. തമിഴ് നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ ഹൊഗനക്കല്‍ എന്ന ഗ്രാമത്തിലാണ് ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന പ്രശസ്തമായ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഹോഗ്, കല്‍ എന്നീ കന്നഡ വാക്കുകള്‍ ചേര്‍ന്നാണ് ഹൊഗനക്കല്‍ എന്ന വാക്ക് രൂപംകൊണ്ടിട്ടുള്ളത്. ഹോഗ് എന്നാല്‍ പുക, കല്‍ എന്നാല്‍ വലിയ പാറ എന്നാണ് അര്‍ഥം.
മലയാളിക്കു ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തെ പരിചയപ്പെടുത്തുന്നതു സംവിധായകന്‍ ജോഷിയാണ്. 2005ല്‍ പുറത്തിറങ്ങിയ നരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ജോഷി തമിഴ്‌നാട്ടിലെ ഈ മനോഹര പ്രദേശത്തിന്റെ ദൃശ്യഭംഗി മലയാളിക്ക് കാട്ടിത്തരുന്നത്. നരനിലെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത് ഹൊഗനക്കലിലാണ്. പിന്നീട് ദിലീപ് നായകനായ ഇവന്‍ മര്യാദരാമന്‍ എന്ന സിനിമയിലെ ക്ലൈമാക്‌സ് രംഗം ചിത്രീകരിച്ചതും ഇവിടെയായിരുന്നു. കര്‍ണാടകയില്‍ നിന്ന് ഒഴുകിവരുന്ന കാവേരിനദി തമിഴ്‌നാട്ടില്‍ എത്തിച്ചേരുന്നത് ഹൊഗനക്കലിലാണ.് സമുദായത്തിന്റെ പേരിലുള്ള അടിച്ചമര്‍ത്തലുകളുള്ള തമിഴ്നാട്ടിലെ ഒരു ഗ്രാമമാണ് ഹൊഗനക്കല്‍.
മീനവര്‍, വണ്ണിയര്‍ എന്നീ സമുദായത്തില്‍പെട്ടവരാണ് കൂടുതലായും ഹൊഗനക്കലില്‍ താമസിക്കുന്നത്. വണ്ണിയര്‍ സമുദായത്തിനാണ് മേല്‍ക്കൈ. ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തിന് അടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന മീനവര്‍ ജാതിക്കാര്‍ 300ലധികം വരും. കുടില്‍ വ്യവസായമോ കൃഷിയോ ഇല്ലാത്ത ഭൂമിയാണ് ഹൊഗനക്കലിന്റേത്. പ്രദേശത്തെ കടകളും മറ്റും മുഴുവന്‍ വണ്ണിയര്‍ സമുദായത്തിന്‍െറ കൈകളിലാണ്. മീനവര്‍ക്ക് വെള്ളച്ചാട്ടവും അതിലെ മീനുകളിലും മാത്രമെ അവകാശമുള്ളൂ.
കുട്ടവഞ്ചിയിലെ സാഹസിക യാത്ര
ഹൊഗനക്കല്‍ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവം തന്നെയാണ്. സാധാരണ വെള്ളം മലകളില്‍ നിന്നു താഴേക്ക് പതിച്ചാണല്ലോ വെള്ളച്ചാട്ടം ഉണ്ടാകുന്നത്. പക്ഷെ ഇവിടെ മലയില്‍ നിന്നല്ല വെള്ളം താഴേക്കു പതിക്കുന്നത്. ഒഴുകി വരുന്ന കാവേരി നദി പെട്ടെന്ന് വലിയ പാറകളാല്‍ നിര്‍മിക്കപ്പെട്ട കിടങ്ങുകളിലേക്ക് പതിക്കുന്നു. ഇതിനിടയിലൂടെ കുട്ടവഞ്ചി (പപ്പട വഞ്ചി)യില്‍ കയറി വെള്ളത്തിലൂടെ യാത്രചെയ്യുന്നത് വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണ്.
ഹൊഗനക്കലില്‍ എത്തിച്ചേരുന്ന സഞ്ചാരികള്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യുന്ന ഗ്രൗണ്ടില്‍ നിന്നു കുട്ടവഞ്ചിയില്‍ യാത്രചെയ്യാനുള്ള പാസുകള്‍ എടുക്കാം. ആളുകളുടെ എണ്ണം അനുസരിച്ച് 900-1,300 രൂപവരെയാണ് ചാര്‍ജ്. സീസണ്‍ അനുസരിച്ച് ചാര്‍ജില്‍ മാറ്റം ഉണ്ടാകും. കുട്ടവഞ്ചി തുഴയാന്‍ ഒരാളെക്കൂടി ലഭിക്കും. കുട്ടവഞ്ചിയില്‍ കയറുന്നവര്‍ ലൈഫ് ജാക്കറ്റുകള്‍ ചോദിച്ചു വാങ്ങണം. ശാന്തമായി ഒഴുകുന്ന പുഴയുടെ ഭാഗത്തു നിന്നാണ് കുട്ടവഞ്ചിലുള്ള യാത്ര ആരംഭിക്കുന്നത്.
യാത്ര തുടങ്ങി ആദ്യം എത്തിപ്പെടുന്നത് ചെറിയൊരു ദ്വീപിലാണ്. ഈ ദ്വീപിന്റെ പരിസരത്താണ് നരന്‍ എന്ന സിനിമയിലെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത്. ദ്വീപ് മുറിച്ചുകടന്നു വലിയ കല്‍ക്കെട്ടുകള്‍ കടന്നുവേണം കാവേരിപ്പുഴയിലൂടെയുള്ള കുട്ടവഞ്ചിയിലുള്ള സാഹസിക യാത്ര ആരംഭിക്കാന്‍. ദ്വീപിലെ കാഴ്ചകള്‍ കണ്ടുകഴിയുമ്പോള്‍ കുട്ടവഞ്ചിയും തോളിലേറ്റി തുഴയുന്നയാള്‍ കല്‍കെട്ടിനടുത്ത് എത്തിയിട്ടുണ്ടാവും. കാവേരി നദിയുടെ ഇരുവശവും വലിയ കാടാണ്. സാക്ഷാല്‍ വീരപ്പന്‍ വസിച്ചിരുന്ന കാട്. നദിയുടെ ഒരു കര തമിഴ്‌നാടും മറുകര കര്‍ണാടകവുമാണ്. കലങ്ങിയ വെള്ളമാണ് എപ്പോഴും കാവേരി നദിയിലുള്ളത്. യാത്രയില്‍ കാണാന്‍ കഴിയുന്നത് അതിമനോഹര കാഴ്ചകളാണ്. പാറക്കെട്ടുകളിലൂടെ ഒഴുകി പുഴയിലേക്ക്പതിക്കുന്ന ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങള്‍. വെള്ളച്ചാട്ടത്തേക്കാള്‍ സഞ്ചാരികളെ അമ്പരപ്പിക്കുന്നത് കരിമ്പാറക്കൂട്ടങ്ങളാണ്. കരിവീരന്‍മാര്‍ അണിനിരന്നപോലെയാണത്.
കുട്ടവഞ്ചി ഒഴുക്കിലുടെ താഴേക്ക് തുഴഞ്ഞാണ് പോകുന്നത്. എങ്കിലും ഇടയ്ക്ക് പൊങ്ങിക്കിടക്കുന്ന പാറകളില്‍ തട്ടാതെ പോകുന്നതും, ചില ഒഴുക്കുള്ള ഭാഗത്ത് അതിവേഗം പോകുന്നതും ആവേശകരമാണ്. യാത്രക്കിടെ ഫോട്ടോ എടുക്കാനും കുളിക്കാനും തുഴച്ചിലുകാര്‍ കുട്ടവഞ്ചി നിര്‍ത്തിത്തരും. ചില സ്ഥലത്തു പാറയ്ക്കുള്ളില്‍ ചെറിയ ഗുഹകള്‍ കാണാം. അതിനുള്ളിലേക്കും സൗകര്യം അനുസരിച്ച് സഞ്ചാരികള്‍ക്ക് കയറാം. യാത്ര അവസാനിക്കുന്നത് ചെറിയൊരു ദ്വീപിലാണ്. ഇവിടെ ചെറിയ കച്ചവട സ്ഥാപനങ്ങളുണ്ട്. കുടിവെള്ളവും ചെറിയ പലഹാരങ്ങളും ലഭിക്കും. പുഴയില്‍ നിന്നു പിടിച്ച മീനുകളെ പൊരിച്ച് വില്‍ക്കുന്ന കടകളും ധാരാളമുണ്ട്. തിരികെയുള്ള യാത്രയില്‍ കുട്ടവഞ്ചി ഒഴുക്കിനെതിരേ തുഴഞ്ഞ് യാത്ര ആരംഭിച്ച സ്ഥലത്ത് എത്താന്‍ ഏകദേശം രണ്ടു മണിക്കൂറോളം സമയം എടുക്കും.
ഔഷധക്കുളി
ഹൊഗനക്കലിലെ പ്രധാന വിനോദോപാധികളില്‍ ഒന്നാണ് ഔഷധക്കുളി. നീരൊഴുക്കുള്ള പാറപ്പുറങ്ങളില്‍ തുറസായ സ്ഥലത്താണ് ഓയില്‍ മസാജിങും ഔഷധക്കുളിയും. പാരമ്പര്യ വൈദ്യന്‍മാര്‍ എന്ന് അവകാശപ്പെടുന്ന ഒരുകൂട്ടരാണ് ഇതിന്‍െറ നടത്തിപ്പുകാര്‍. വെള്ളച്ചാട്ടം ആസ്വദിക്കാനെത്തുന്നവര്‍ക്കും ഒരു കാഴ്ചയാണ് ഈ ഔഷധക്കുളി. പാറപ്പുറത്തുകിടത്തി ശരീരം മുഴുവന്‍ തൈലംപുരട്ടി ഉഴിഞ്ഞ ശേഷം വിശ്രമിക്കുക. പിന്നീട് പ്രത്യേകം തരംതിരിച്ചിട്ടുള്ള വെള്ളച്ചാട്ടത്തിന് കീഴില്‍നിന്നാണ് ഔഷധനീരാട്ട്. നൂറുകണക്കിന് സഞ്ചാരികളാണ് ഔഷധക്കുളിക്കായി ഇറങ്ങുന്നത്.
തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ ദൂരമാണ് ഹൊഗനക്കലിലേക്കുള്ളത്. ബാംഗ്ലൂരില്‍ നിന്ന് 180 കിലോമീറ്റര്‍ ദൂരമാണ് ഹൊഗനക്കലിലേക്ക്. ഹൊഗനക്കലില്‍ നിന്നു കേരളത്തിലേക്ക് (മലപ്പുറം ജില്ല) ഏകദേശം 300 കിലോമീറ്റര്‍ ദൂരവും ഉണ്ട്. പാലക്കാട്-കോയമ്പത്തൂര്‍-ഈറോഡ്-സേലം വഴിയും ഹൊഗനക്കലില്‍ എത്തിച്ചേരാം.