ചാത്തന്നൂർ: ഇടിഞ്ഞു പൊളിഞ്ഞ് തകരഷീറ്റിട്ട കൂരയിൽ വാതിൽപോലുമില്ലാതെ അന്തിയുറങ്ങുന്ന അമ്മയ്ക്കും പെൺമക്കൾക്കുംഇനി സമാധാനമായി തല ചായ്ക്കാം. കുടുബത്തിന്റെ ദുരവസ്ഥ പുറത്ത് കൊണ്ടുവന്നതിനെ തുടർന്നാണ് സാമൂഹ്യപ്രവർത്തകർ ഇടപെട്ട് വീട് പുതുക്കിപണിത് നൽകിയത്. പാരിപ്പള്ളി കടമ്പാട്ടുകോണം ജിഎസ് ഭവനിൽ വിന്നർ അനിത ദമ്പതികളാണ് മൂന്ന് സെന്റിലെ വാതിലും ജനലുമില്ലാത്ത തകരവീട്ടിൽ രണ്ട് പെൺമക്കളോടൊപ്പം അന്തിയുറങ്ങിയിരുന്നത്.
അനിത കിഡ്നി രോഗിയും വിന്നർ കൽപണിക്കാരനുമാണ്. പെൺമക്കളായ വിനീതവിന്നറും വിജിതവിന്നറും പാരിപ്പള്ളി അമൃത സംസ്കൃത സ്കൂളിലെ വിദ്യാർത്ഥികളാണ്. ആകെയുള്ള മൂന്ന് സെന്റ് ഭൂമിക്ക് വിന്നറും അനുജനും സഹോദരിയും അവകാശികളാണ്. തകര ഷീറ്റിട്ടവീടിന്റെ മേൽക്കൂര തുരുമ്പിച്ച് ചോർന്നൊലിക്കുന്നത് മൂലം ഭിത്തികൾ ഏതു നിമിഷവും നിലം പതിക്കാവുന്ന നിലയിലായിരുന്നു.
വാതിൽ പോലുമില്ലാത്ത വീടായതിനാൽ പ്രായമായ പെൺമക്കളെ തനിച്ചാക്കി ജോലിക്ക് പോകാൻ കഴിയാതെ കുഴയുന്ന അനിതയുടെ ദുരവസ്ഥ വാർത്തയാക്കിനെ തുടർന്ന് പീപ്പിൾ ഫോറം ഒാഫ് ഇൻഡ്യസ്റ്റേറ്റ് ചെയർമാൻ ഡോ.ഷാജി പങ്കജ്, ജി.സുരേഷ്ബാബുകൂനയിൽ,റീച്ച് വേൾഡ് വൈഡ് ജില്ലാകോർഡിനേറ്റർ അനിൽകുമാർ എന്നിവർ ചേർന്ന് വീട് പുതുക്കിനൽകാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.
തുടർന്ന് കതകും ജന്നലും മേൽക്കൂരയും സ്ഥാപിച്ച് പെയിന്റടിച്ച് വീട് മോടിപിടിപ്പിച്ച് കഴിഞ്ഞ ദിവസം വീട്ടുകാർക്ക് താക്കോൽ കൈമാറി.