തനിക്ക് ഇന്ത്യന്‍ മര്‍ച്ചന്റ് നേവിയില്‍ ചേരാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഉടന്‍ റിലീസാകുന്ന റുസ്തം എന്ന ചിത്രത്തില്‍ ഒരു നേവി ഓഫീസറായിയാണ് ബോളിവുഡിലെ ആക്ഷന്‍ഹീറോ വേഷമിടുന്നത്. തന്റെ പിതാവ് ഒരു പട്ടാളക്കാരനായിരുന്നതിനാല്‍ ചെറുപ്പം മുതല്‍ താന്‍ സൈനികസേവനത്തില്‍ തല്പരനായിരുന്നെന്നും അക്ഷയ് പറയുന്നു.
താന്‍ ഇപ്പോഴും സൈനിക സേവനത്തിനു സന്നദ്ധനാണെന്നും എന്നാല്‍ അത് അത്ര എളുപ്പമല്ലെന്നു തനിക്കറിയാമെന്നും ബോളിവുഡിലെ ഖിലാഡി പറയുന്നു. ഹോളിഡേ, ബേബി, എയര്‍ലിഫ്റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ രാജ്യത്തിനു വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥനായി അക്ഷയ് വേഷമിട്ടിട്ടുണ്ട്. ഇത്തരം ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതും രാജ്യത്തോടുള്ള ആത്മാര്‍ഥത ഹൃദയത്തില്‍ സൂക്ഷിക്കുന്നതു കൊണ്ടാണെന്നും താരം പറയുന്നു.
പുതിയ ചിത്രത്തില്‍ രുസ്തം പാവ്രി എന്ന പാഴ്സിയായാണ് അക്ഷയ് വേഷമിടുന്നത്. തനിക്ക് ധാരാളം പാഴ്സി സുഹൃത്തുക്കള്‍ ഉള്ളതിനാല്‍ പാഴ്സികളുടെ രീതികള്‍ പഠിക്കാന്‍ ബുദ്ധിമുട്ടേണ്ടി വന്നില്ലായെന്നും താരം പറയുന്നു. മാത്രമല്ല തന്റെ മാനേജരും ഒരു പാഴ്സിയാണെന്ന് അക്ഷയ് വെളിപ്പെടുത്തുന്നു. ഈ വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റിലീസിംഗ്. അതേ ദിവസം തന്നെ റിലീസാകുന്ന ഹൃത്വിക് റോഷന് ചിത്രം മോഹന്ജദാരോയുമായിയാണ് റുസ്തത്തിന്റെ മത്സരം.