അങ്കമാലി: താലൂക്ക് ആശുപത്രിയുടെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറായി. അങ്കമാലി പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഒരേക്കര്‍ സ്ഥലത്തായാണ് താലൂക്ക് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആശുപത്രി കോമ്പൗണ്ടില്‍ മെയിന്‍ റോഡിന് അഭിമുഖമായുള്ള 23 സെന്റ് സ്ഥലത്ത് നാലു നിലകളിലായി 57,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രൂപകല്പന ചെയ്തിട്ടുള്ള പുതിയ കെട്ടിടമാണ് മാസ്റ്റര്‍ പ്ലാനില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
നൂറോളം സന്ദര്‍ശകര്‍ക്ക് ഇരിക്കാവുന്ന വെയിറ്റിംഗ് റൂം, അത്യാഹിത വിഭാഗം, റിസപ്ഷന്‍, ഇമേജിംഗ് സെക്ഷന്‍, എക്‌സ്‌റേ, അള്‍ട്രാസൗണ്ട്, ഇസിജി, ലേബര്‍-മെറ്റേണിറ്റി വിഭാഗങ്ങളും ഗൈനക് ഓപ്പറേഷന്‍ തീയറ്റര്‍, ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, ഡയാലിസിസ് യൂണിറ്റ്, പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, പീഡിയാട്രിക് ഐസിയു, സര്‍ജിക്കല്‍ ഐസിയു, മെഡിക്കല്‍ ഐസിയു, ഫാര്‍മസി, ഓപ്പറേഷന്‍ തീയറ്റര്‍ ബ്ലോക്ക്, പ്രസവത്തിനും കുട്ടികള്‍ക്കുമായി പ്രത്യേകം വാര്‍ഡുകള്‍, ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പൊതുജനങ്ങള്‍ക്കും ആവശ്യത്തിന് സ്ഥലസൗകര്യങ്ങള്‍, പാര്‍ക്കിംഗ് സൗകര്യം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപത്തായി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കുമായി ആധുനിക സൗകര്യങ്ങളോടെയുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയാണ് മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മൊത്തം 14 കോടി രൂപയാണ് എസ്റ്റിമേറ്റ് തുക. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഒരു കോടി രൂപ മാതൃ-ശിശു വാര്‍ഡിനും ഓപ്പറേഷന്‍ തീയറ്റര്‍, ലേബര്‍ റൂം എന്നിവയ്ക്കുമായി എംഎല്‍എയുടെയും എംപിയുടെയും ഫണ്ടില്‍ നിന്ന് അനുവദിച്ചത്. ഐപി ബ്ലോക്കിന്റെ താഴത്തെ നിലയില്‍ ഡോക്ടര്‍മാരുടെ മുറിയും മെഡിക്കല്‍ ഓഫീസറുടെ മുറിയും ലേബര്‍ റൂം, മെയില്‍ വാര്‍ഡ്, ഫീമെയില്‍ വാര്‍ഡ്, അത്യാഹിത വിഭാഗം, സ്റ്റോര്‍ തുടങ്ങിയവയും മുകളിലത്തെ നിലയില്‍ ഓഫീസും കോണ്‍ഫറന്‍സ് ഹാളും ഒപി ബ്ലോക്കിന്റെ താഴത്തെ നിലയില്‍ കണ്‍സള്‍ട്ടിംഗ് മുറികളും ഫാര്‍മസിയുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
നിലവിലുള്ള ഐപി ബ്ലോക്കിന്റെ ഒന്നാം നിലയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള വാര്‍ഡും പ്രസവ വാര്‍ഡുമായി മാറ്റുന്നത്. ഐപി ബ്ലോക്കിന്റെ മുകളില്‍ നിന്ന് ഓഫീസും കോണ്‍ഫറന്‍സ് ഹാളും ഒപി ബ്ലോക്കിന്റെ നിര്‍മിക്കാനുദ്ദേശിക്കുന്ന ഒന്നാം നിലയിലേക്ക് മാറ്റി പ്രസ്തുത സ്ഥാനത്ത് ലേബര്‍ റൂം, എനീമ റൂം, ഓപ്പറേഷന്‍ തീയറ്റര്‍, റിക്കവറി റൂം, മെറ്റേണിറ്റി വാര്‍ഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡ്, ഡോക്‌ടേഴ്‌സ് റൂം, നഴ്‌സസ് റൂം, സ്റ്റോര്‍ റൂം തുടങ്ങിയവയും സജ്ജമാക്കും.
മാസ്റ്റര്‍ പ്ലാനിന്റെ പ്രകാശനം ജോസ് തെറ്റയില്‍ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സന്‍ എം.എ. ഗ്രേസി, വൈസ് ചെയര്‍മാന്‍ ബിജു പൗലോസ്, കൗണ്‍സിലര്‍മാരായ എം.എസ്. ഗിരീഷ്കുമാര്‍, കെ.കെ. സലി, റീത്താ പോള്‍, എം.ജെ. ബേബി, വിനീത, പുഷ്പ മോഹന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശോഭ എന്നിവര്‍ പങ്കെടുത്തു.