തളിപ്പറമ്പ്: ചെറുപ്പം മുതല്‍ക്കുള്ള മുടങ്ങാത്ത വായന കാനാട്ട് അന്നക്കുട്ടി ജോസ് എന്ന വീട്ടമ്മയെ ഒടുവില്‍ നോവലിസ്റ്റാക്കി. എട്ടു വര്‍ഷം കൊണ്ടാണ് ഇവര്‍ മുന്നൂറോളം പേജുള്ള ജാനറ്റ് ഡോണോവാന്‍ എന്ന നോവല്‍ എഴുതിത്തീര്‍ത്തത്. കോട്ടയം ജില്ലയിലെ പാലായില്‍നിന്നു കണ്ണൂര്‍ ജില്ലയിലെ ആലക്കോട്ടേക്കു കുടിയേറിയ കെ.ഐ. തോമസ് കാനാട്ട്-ഏലിക്കുട്ടി ദമ്പതികളുടെ മകളായ അന്നക്കുട്ടി ഇപ്പോള്‍ പുഷ്പഗിരി ചാച്ചാജി റോഡിലാണു താമസം. പഠനകാലത്ത് കൂട്ടുകാരേക്കാള്‍ പുസ്തകങ്ങളുമായിട്ടായിരുന്നു അന്നക്കുട്ടിക്ക് അടുപ്പം. വളര്‍ന്നപ്പോള്‍ പുസ്തകങ്ങളോടുള്ള സ്‌നേഹം കൂടി. ആലക്കോട് എന്‍എസ്എസ് ഹൈസ്കൂളില്‍നിന്ന് എസ്എസ്എല്‍സി പാസായ അന്നക്കുട്ടിയുടെ പ്രീഡിഗ്രി പഠനം പാലാ അല്‍ഫോന്‍സാ കോളജിലായിരുന്നു.
ഇക്കാലത്താണു വായനയുടെ ലോകം വികസിച്ചതെന്നു അന്നക്കുട്ടി പറയുന്നു. കോളജ് ലൈബ്രറിയിലെ മലയാളവിവര്‍ത്തന ഗ്രന്ഥങ്ങളെല്ലാം വായിച്ചുതീര്‍ത്തു. റഷ്യന്‍ നോവലിസ്റ്റായ ദസ്തയോവ്‌സ്കിയെയാണ് ഏറെ ഇഷ്ടം. യുദ്ധക്കെടുതികളുടെ ദുരന്തങ്ങളാണു വായനയില്‍ ഏറെ സ്വാധീനിച്ചതെന്നു ലബോറട്ടറി ടെക്‌നീഷ്യനായിരുന്ന അന്നക്കുട്ടി പറയുന്നു. റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് നെല്ലിത്താനത്ത് എന്‍.പി. ദേവസ്യയുടെ മരണത്തെത്തുടര്‍ന്നു മക്കളുടെ പഠനവും കുടുംബകാര്യങ്ങളുമൊക്കെയായി ഏറെക്കാലം തിരക്കിലായിരുന്നു അന്നക്കുട്ടി. ഇതിനിടെയാണു പോസിറ്റീവ് ചിന്തകള്‍ ഉണര്‍ത്തുന്ന ഒരു നോവല്‍ എഴുതുകയെന്ന ആശയം മനസില്‍ രൂപപ്പെട്ടത്. 2008ല്‍ നോവല്‍ എഴുതാന്‍ ആരംഭിച്ചു.
യുദ്ധവും റോക്കറ്റ് വിക്ഷേപണം പരാമര്‍ശിക്കപ്പെടുന്ന നോവലിന്റെ ആവശ്യത്തിനായി ഇതുസംബന്ധിച്ച നിരവധി വിവരങ്ങള്‍ വായനയിലൂടെ ശേഖരിച്ചശേഷമായിരുന്നു രചന. ഇന്ത്യവിട്ടു പുറത്തുപോകാത്ത അന്നക്കുട്ടി നോവലിനു പശ്ചാത്തലമാക്കിയ നഗരം ജര്‍മനിയാണ്. ജാനറ്റ് എന്ന അനാഥ പെണ്‍കുട്ടി ഹോം നഴ്‌സായി ജര്‍മനിയിലെത്തുന്നതും യുദ്ധത്തില്‍ പരിക്കേറ്റ ഫെഡറിക് ഡോണോവാന്‍ എന്ന റോക്കറ്റ് ഗവേഷകനെ പരിചരിക്കുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണു 40 അധ്യായങ്ങളുള്ള നോവലില്‍ അന്നക്കുട്ടി വരച്ചുകാട്ടുന്നത്. ഓരോ അധ്യായവും പൂര്‍ത്തിയായാല്‍ മക്കളായ കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയില്‍ വൈദികപഠനം നടത്തുന്ന ഡെന്നീസിനേയും ചെന്നൈ ടിസിഎസില്‍ എന്‍ജിനിയറായ ഡോണിയേയും വായിച്ചു കേള്‍പ്പിച്ചിരുന്നു.
നോവലെഴുതി തീര്‍ന്നപ്പോള്‍ പ്രസിദ്ധീകരിക്കണമെന്നുള്ള ആഗ്രഹം സഫലമാക്കാന്‍ സഹായിച്ചതു നോവലിസ്റ്റും പ്രസാധകയുമായ തളിപ്പറമ്പിലെ ലീല എം. ചന്ദ്രനാണ്. ഫാ. ജിയോ പുളിക്കലാണ് അവതാരിക എഴുതിയിരിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളെ നേരിടാന്‍ ഊര്‍ജം പകരുന്നതും ലോകസമാധാനത്തിന്റെ ആവശ്യകത ഉൗന്നിപ്പറയുന്നതുമായ നോവലാണു ജാനറ്റ് ഡോണോവാന്‍. 28 ന് ഉച്ചകഴിഞ്ഞു മൂന്നിനു തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാഹിത്യ സംഗമത്തില്‍ നോവല്‍ പ്രകാശനം ചെയ്യും.