അച്യുതാനന്ദനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകും: മന്ത്രി രമേശ് ചെന്നിത്തല

TVM-REMESHനെയ്യാറ്റിന്‍കര: മകന്റെ പേരില്‍ രണ്ടു കേസുകളും സ്വന്തം പേരില്‍ ഭൂമി തട്ടിപ്പു കേസും നിലവിലുള്ള അച്യുതാനന്ദനാണ് യുഡിഎഫ് നേതാക്കള്‍ക്കെതിരെ നുണപ്രചരണങ്ങള്‍ നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അച്യുതാനന്ദനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് നെയ്യാറ്റിന്‍കര സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ഇന്നലെ വൈകുന്നേരം പൂഴിക്കുന്ന് ജംഗ്ഷനില്‍ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെയ്യാറ്റിന്‍കരയില്‍ കൂടുതല്‍ വികസനം എത്തിക്കാന്‍ ശെല്‍വരാജിന്റെ വിജയം അത്യാവശ്യമാണെന്നും യുഡിഎഫ് തുടര്‍ഭരണം കേരളത്തെ സ്വപ്നസംസ്ഥാനമാക്കി മാറ്റുമെന്നും  രമേശ് ചെന്നിത്തല പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് വി. ശ്രീധരന്‍നായര്‍ അധ്യക്ഷനായ യോഗത്തില്‍ സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജ്, സോളമന്‍ അലക്‌സ്, നെയ്യാറ്റിന്‍കര സനല്‍, ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള, അയിര സുരേന്ദ്രന്‍, എം. മുഹിനുദ്ദീന്‍,  തിരുപുറം ഗോപന്‍, എസ്.കെ അശോക്കുമാര്‍, ജോസ് ഫ്രാങ്ക്‌ളിന്‍, സുമകുമാരി, വെണ്‍പകല്‍ അവനീന്ദ്രകുമാര്‍, കുളത്തൂര്‍ കബീര്‍, ടി. സ്റ്റീഫന്‍, അഡ്വ. രഞ്ജിത്ത് റാവു, വി. ഭുവനേന്ദ്രന്‍നായര്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts