വടക്കഞ്ചേരി: സ്വയം പര്യാപ്തമായ സ്ത്രീ എന്ന മുദ്രാവാക്യവുമായി അരനൂറ്റാണ്ടിലേറെ കാലം നാടുണര്‍ത്തിയ അഞ്ചുമൂര്ത്തിമംഗലത്തുകാരുടെ പ്രിയപ്പെട്ട മാമ്മി എന്ന ലളിതാ രാമകൃഷ്ണന് (78) ഇനി ഓര്‍മയായി. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അന്ത്യം. മരണത്തിനു മുമ്പുള്ള അവസാന മണിക്കൂറുകളിലും സാമൂഹ്യ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു അവര്‍.
കുടുംബശ്രീ പ്രസ്ഥാനങ്ങള്‍ വരുന്നതിന് വളരെ മുമ്പുതന്നെ സ്ത്രീകളുടെയും അതുവഴി കുടുംബങ്ങളുടെയും സുരക്ഷിതത്വം ലക്ഷ്യംവെച്ചുള്ള നിരവധിയായ പ്രവര്‍ത്തനങ്ങള്‍ മാമി വഴി മംഗലത്തെ ഗ്രാമങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്. ജാതിമതഭേദമന്യേ ദൂരയാത്രികരായ തീര്‍ഥാടകര്‍ക്ക് ഇടത്താവളം ഒരുക്കാനുള്ള കെട്ടിടനിര്‍മാണത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു മാമി കഴിഞ്ഞദിവസങ്ങളിലെല്ലാം. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട 24 സംഘടനകളുടെ ഭാരവാഹിയായിരുന്നു വീട്ടമ്മകൂടിയായ ലളിത രാമകൃഷ്ണന്. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് നേടിയ ചുരുക്കം ചില സ്ത്രീരത്നങ്ങളില്‍ ഒരാളാണ് ഇവര്‍.
മൂന്നരപതിറ്റാണ്ട് മുമ്പ് അര്‍ച്ചനാ മഹിളാസമാജത്തിന്റെ രൂപീകരണത്തോടെയാണ് ബ്രാഹ്്മണ കുടുംബത്തിലെ മാമ്മി പൊതുരംഗത്ത് ഏറെ സജീവസാനിധ്യമായത് ബ്രാഹ്്മണ സ്ത്രീകള്‍ പൊതുരംഗത്ത് വരുന്നതിനെതിരെ അന്ന് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും സാമൂഹ്യ നന്മമാത്രം ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ലളിതാരാമകൃഷ്ണനെ നയിച്ചത്. കോട്ടായി പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റായിരുന്ന അച്ഛന് രാമകൃഷ്ണനായിരുന്നു സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ ഗുരുവും വഴികാട്ടിയുമെല്ലാമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ദീപികയ്ക്ക് അനുവദിച്ച പ്രത്യേകഅഭിമുഖത്തില് അവര്‍ പറഞ്ഞിരുന്നു.
ഭര്‍ത്താവിന്റെ പിന്തുണയും പ്രോത്സാഹനവും മാമ്മിയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജമായിമാറി.ഉപഭോക്തൃസംഘടനകള്‍, വനിതാസെല്‍, തര്‍ക്ക പരിഹാരസെല്‍, വിദ്യാലയസംരക്ഷണം, വനവത്കരണം, സാക്ഷരതാപ്രവര്‍ത്തനം, സ്ത്രീകള്‍ക്കായുള്ള രണ്ടു ഡസനിലേറെ തൊഴില്‍ സംരംഭകത്വപദ്ധതികള്‍ തുടങ്ങി. നാട്ടില്‍ ലളിതാരാമകൃഷ്ണന്റെ നേതൃത്വമില്ലാത്ത പ്രവര്ത്തനങ്ങളുണ്ടായിരുന്നില്ല. വിദേശരാജ്യങ്ങളില്‍പോലും ഇന്നും വലിയ ഡിമാന്റുള്ള മാമ്മി മുറുക്കിന്റെ സംരംഭകയും മാമ്മിയായിരുന്നു. മാമ്മിയുടെ നേതൃത്വത്തില്‍ 250 ല്‍ പരം വിവിധ ക്യാമ്പുകളും തൊഴില്‍ പരിശീലന സംരംഭങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്.