മെസി, പകരക്കാരനില്ലാത്തെ ഫുട്‌ബോള്‍ വിസ്മയം. സ്പാനിഷ് ലാ ലിഗയില്‍ വലന്‍സിയയ്‌ക്കെതിരേ നേടിയ ഗോളോടെ കരിയറില്‍ അഞ്ഞൂറു ഗോള്‍ എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍. 632 മത്സരങ്ങളില്‍നിന്നാണ് മെസി 500 ഗോള്‍ തികച്ചത്. ക്ലബ്ബിനും രാജ്യത്തിനുമായാണ് മെസി 500 ഗോള്‍ സ്വന്തമാക്കിയത്.
525 മത്സരങ്ങളില്‍നിന്ന് ബാഴ്‌സലോണയ്ക്കായി 450 ഗോള്‍ സ്വന്തമാക്കിയപ്പോള്‍ 107 മത്സരങ്ങളില്‍നിന്ന് അര്‍ജന്റീനയ്ക്കായി 50 ഗോളും ഇതിഹാസതാരത്തിന്റെ ബൂട്ടില്‍ പിറന്നു. ഒരു കളിയില്‍ ശരാശരി 0.80 ഗോളുകള്‍. മെസിയുടെ ഏറ്റവും വലിയ എതിരാളിയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് 791 മത്സരങ്ങളില്‍നിന്ന് 539 ഗോളുകളുണ്ട്. ശരാശരി 0.68.
11 വര്‍ഷത്തെ കരിയറില്‍ മെസിയുടെ ആദ്യഗോള്‍ പിറക്കുന്നത് 2005 മേയില്‍ അല്‍ബാസെറ്റെയ്‌ക്കെതിരേയായിരുന്നു. അപ്പോള്‍ മെസിയുടെ പ്രായം 17 മാത്രം. പിന്നീട് ബാഴ്‌സയ്ക്കായി എണ്ണിയാല്‍ തീരാത്തത്ര ഗോളുകള്‍. രാജ്യത്തിനു വേണ്ടി കളിക്കുമ്പോള്‍ കൂടുതല്‍ ഗോള്‍ നേടാനാകുന്നില്ല എന്ന വിമര്‍ശനം മാത്രമാണ് മെസിയെ അലട്ടുന്നത്. മെസി നേടിയ ഗോളുകളില്‍ 25 എണ്ണം നേരിട്ടുള്ള ഫ്രീ കിക്കില്‍നിന്നാണ്. 64 ഗോളുകള്‍ പെനാല്‍റ്റിയിലൂടെ വന്നപ്പോള്‍ 411 ഗോളുകള്‍ ഓപ്പണ്‍ പ്ലേയില്‍നിന്നു വന്നു.
2012ലാണ് മെസി ഏറ്റവും കൂടുതല്‍ ഗോള്‍ സ്വന്തമാക്കുന്നത്; 91. 2010ല്‍ 60ഉം 2011ല്‍ 59ഉം ഗോളുകള്‍ സ്വന്തമാക്കിയ മെസി ഈ വര്‍ഷം ഇതിനോടകം 26 ഗോളുകള്‍ നേടിക്കഴിഞ്ഞു. ബാഴ്‌സയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റിക്കാര്‍ഡ് നേരടത്തതന്നെ സ്വന്തമാക്കിയ മെസി അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടത്തിനു തൊട്ടരികിലാണ്. ആറു ഗോള്‍ കൂടി നേടിയാല്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ടയുടെ റിക്കാര്‍ഡ് മറികടക്കാനാകും.
കഴിഞ്ഞ എട്ടു സീസണിലും മെസി നാല്പതോ അതിലധികമോ ഗോള്‍ നേടിയിട്ടുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡിനും സെവിയ്യയ്ക്കുമെതിരേയാണ് മെസി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയത്; 25 വീതം. റയലിനെതിരേ 21 ഗോളുകള്‍ നേടിയ മെസി, ഡിപ്പോര്‍ട്ടീവോയ്ക്കും എസ്പാനിയോളിനുമെതിരേ 15 ഗോളുകളാണ് നേടിയിട്ടുള്ളത്.
മെസി നേടിയ 500 ഗോളുകളില്‍ 407ഉം അദ്ദേഹത്തിന്റെ ശക്തിയായ ഇടംകാല്‍ കൊണ്ടാണ്. 70 ഗോളുകള്‍ വലതുകാലില്‍ പിറന്നപ്പോള്‍ 21 ഹെഡര്‍ ഗോളും പിറന്നു. ഒരു മത്സരത്തില്‍ അഞ്ചു ഗോള്‍ നേടിയിട്ടുള്ള മെസി, നാലു മത്സരങ്ങളില്‍ നാലു ഗോള്‍ വീതം നേടി.
മൂന്നു ഗോളുകള്‍ നേടിയ 33 മത്സരങ്ങളുണ്ടായപ്പോള്‍ രണ്ടു ഗോളുകള്‍ നേടിയത് 98 മത്സരങ്ങളിലാണ്. 184 മത്സരങ്ങളില്‍ ഒരു ഗോളും മെസി നേടി. ബാഴ്‌സയ്ക്കു വേണ്ടി നേടിയ ഗോളുകളില്‍ 51 ശതമാനവും പിറന്നത് സ്വന്തം തട്ടകമായ ന്യൂകാമ്പിലാണ്. 2009, 2011 വര്‍ഷങ്ങളില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നേടിയ ഗോളുകളാണ് മെസിയുടെ കരിയറിലെ ഏറ്റവും മികച്ചതെന്നു വിലയിരുത്തപ്പെടുന്നത്.
മെസിക്ക് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ച താരം ബ്രസീലിന്റെ ഡാനി ആല്‍വ്‌സാണ്. മെസി നേടിയ 42 ഗോള്‍ അസിസ്റ്റ് ചെയ്തത് ഈ റൈറ്റ് ബാക്ക് ഡിഫന്‍ഡറാണ്. ഇനിയെസ്റ്റ 33ഉം സാവി 31ഉം പെഡ്രോ 25ഉം ഗോളുകള്‍ക്ക് അസിസ്റ്റ് ചെയ്തു.
മെസിയുടെ ഗോളുകള്‍ ഓരോ ടീമിനുമെതിരേ
അത്‌ലറ്റിക്കോ മാഡ്രിഡ് 25
സെവിയ്യ- 25
റയല്‍ മാഡ്രിഡ് 21
വലന്‍സിയ- 20
ഒസാസുന 19
അത്‌ലറ്റിക് ക്ലബ് 19
ഗറ്റാഫെ 18
റായോ വയ്യക്കാനോ 16
ലാവന്റെ 15
എസ്പാനിയോള്‍ 15
ഡിപ്പോര്‍ട്ടീവോ 15