അടിസ്ഥാന സൗകര്യങ്ങളില്ലാതെ കാലടി പോലീസ് സ്റ്റേഷന്‍

EKM-POLICESTATIONകാലടി: അടിസ്ഥാന സൗകര്യങ്ങളില്ലാതെ കാലടി പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ ബുദ്ധിമുട്ടുന്നു. കാലടി പോലീസ് സ്റ്റേഷനില്‍ സ്വന്തമായി കിണറില്ലാത്ത അവസ്ഥ. കുടിവെളളത്തിനായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകളെ ആശ്രയിക്കുമ്പോള്‍ മിക്കവാറും വെളളം ലഭിക്കാത്ത സാഹചര്യമാണുളളത്.  പൈപ്പുകളാണെങ്കില്‍ കേടുവന്ന സ്ഥിതിയില്‍. സ്റ്റേഷനിലെ പോലീസുകാര്‍ക്കും ലോക്കപ്പിലുളള പ്രതികള്‍ക്കും പ്രാഥമികാവശ്യങ്ങള്‍ക്കായി ഒരു ടോയ്‌ലെറ്റ് സൗകര്യം. അതിന്റെയും അവസ്ഥ വളരെ പരിതാപകരം. യുറോപ്യന്‍ ക്ലോസ്റ്റാണെങ്കില്‍ പൊട്ടിയ നിലയില്‍. മിക്കവാറും വാട്ടര്‍ അതോറിറ്റിയുടെ വെളളം ലഭിക്കാത്തതിനാല്‍ പ്രതികള്‍ക്കു പോലും ടോയ്‌ലെറ്റ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.

പ്രാഥമിക ആവശ്യങ്ങള്‍ക്കായി പ്രതികളെ സുരക്ഷാ പ്രശ്‌നമുളളതിനാല്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പുറത്തേക്ക് കൊണ്ടു പോകുവാനും വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി സ്റ്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.   പലപ്പോഴും അടുത്തുളള ഓഡിറ്റോറിയത്തിന്റെ ടോയ്‌ലെറ്റ് സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. വനിത പോലീസുകാരുടെ അവസ്ഥയും വളരെ ബുദ്ധിമുട്ടാണ്. അവരും സമിപമുളള ടോയ്‌ലെറ്റുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ രാത്രി കാലങ്ങളില്‍ ഈ ടോയ്‌ലെറ്റുകളിലേക്കു പോകുവാനും സാധിക്കുകയില്ല. സ്റ്റേഷനില്‍ കുഴല്‍ കിണര്‍ നിര്‍മിക്കുന്നതിന് നിര്‍ദേശങ്ങളുണ്ടായിരുന്നുവെങ്കിലും അതും കടലാസിലൊതുങ്ങി.

47 പോലീസുകാര്‍ വേണ്ട സ്ഥാനത്ത് 34 പേരാണുളളത്. അതില്‍ 19 പേരാണ് സിവില്‍ പോലീസ് ഓഫീസര്‍മാരായുളളത്. ഇതില്‍ മൂന്നുപേര്‍ വീതം സമന്‍സ് ആവശ്യങ്ങള്‍ക്കും കോടതിയിലേക്കും സ്‌പൈഡറിലേക്കും പോകേണ്ടിവരും. മൂന്നു പേര്‍ക്കു സിഐയുടെ ഓഫീസിലും ഒരാള്‍ക്കു ഡിവൈഎസ്പി ഓഫീസിലും ട്രാഫിക്കിലും ജോലി നല്‍കാറുണ്ട്. കൂടാതെ രണ്ടുപേര്‍ക്ക് ഡ്രൈവറുടെ ജോലിയും നാലു പേര്‍ക്കു റൈറ്ററുടെ ഉത്തരവാദിത്വവും നല്‍കുമ്പോള്‍ ക്രമസമാധാനം ഉള്‍പ്പടെയുളള ആവശ്യങ്ങള്‍ക്കായി പോലീസുകാരില്ലാത്ത സ്ഥിതിയാണുളളത്. പോലീസുകാരുടെ കുറവ് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിപ്പെടുത്തിയെങ്കിലും അതിനും തീരുമാനമില്ലായെന്നുളളതാണ് വസ്തുത.

രാത്രികാലങ്ങളിലും ഇപ്പോള്‍ മഴക്കാലമായതിനാല്‍ പകലും വെളിച്ചത്തിന്റെ കുറവുണ്ട്. വൈദ്യുത ലൈറ്റുകള്‍ പലതും തെളിയാത്ത സ്ഥിതിയാണ്. പോലീസുകാരാണെങ്കിലും തങ്ങളും മനുഷ്യരാണെന്നുളള ചിന്താഗതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കില്ലെന്നാണ് പോലീസിലെ സംഘടനഭാരവാഹികള്‍ ഭാഷ്യം. പൊതുജനത്തിനായി സേവനം ചെയ്യുന്നതിനുളള അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് അവര്‍ ചുണ്ടിക്കാണിക്കുന്നു.

Related posts