ഷൊര്‍ണൂര്‍: സിപിഎം ഉറച്ച സീറ്റുകളെന്ന് വിലയിരുത്തുന്ന ഒറ്റപ്പാലം, ഷൊര്‍ണൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നേടാന്‍ യുഡിഎഫ് പ്രമുഖനേതാക്കളെ രംഗത്തിറക്കാന്‍ നീക്കം, ഒറ്റപ്പാലത്ത് ഷാഫി പറമ്പിലിനെയും ഷൊര്‍ണൂരില്‍ ടി.സിദ്ധിഖിനെയും സ്ഥാനാര്‍ഥികളാക്കാനാണ് നീക്കം. എന്നാല്‍ പാലക്കാട് മണ്ഡലം വിട്ടുവരാന്‍ ഷാഫിപറമ്പില്‍ തയാറാല്ലെന്നുള്ളതാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്. ഷാഫി പറമ്പിലിനെ രംഗത്തിറക്കിയാല്‍ വിജയിക്കാമെന്ന കണക്കുക്കൂട്ടലാണ് നേതൃത്വത്തിനുള്ളത്. അതേസമയം പാലക്കാട് സീറ്റ് നഷ്ടമാകുമോ എന്ന ഭീതിയും യുഡിഎഫിനുണ്ട്.
കെ.കെ.ദിവാകരനില്‍നിന്നും അട്ടിമറിവിജയം നടത്തിയാണ് പാലക്കാട് ഷാഫിപറമ്പില്‍ നേടിയെടുത്തത്. ഒറ്റപ്പാലം ഷാഫി പറമ്പില്‍ മത്സരിക്കാന്‍ തയാറായാല്‍ പാലക്കാട് ഡിസിസി പ്രസിഡന്റ് സി.വി.ബാലചന്ദ്രനാകും നറുക്കുവീഴുക. ഒറ്റപ്പാലത്ത് എ.വി.ഗോപിനാഥ് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയും നിലനില്ക്കുന്നു. ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ എ.വി.ഗോപിനാഥിനെയും നേതൃത്വം പരിഗണിക്കുന്നുണ്ട്.ഇവിടെ മത്സരിക്കാന്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.സിദ്ധിഖിനെയും പരിഗണിക്കുന്നതായാണ് സൂചന. കോങ്ങാട് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഇത്തവണ പ്രഫ. കെ.എ.തുളസിയുടെ പേരിനാണ് മുന്‍തൂക്കം.
ഇവരിലൂടെ മണ്ഡലം എല്‍ഡിഎഫില്‍നിന്നും പിടിച്ചെടുക്കാമെന്നാണ് യുഡിഎഫ് കരുതുന്നത്. ഈ സീറ്റില്‍ കെ.വി.വിജയദാസ് തന്നെയാകും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്നാല്‍ മുന്‍ എംപി എസ്.അജയകുമാറിനെയും ഇവിടേയ്ക്ക് പരിഗണിച്ചതായാണ് സൂചന. കഴിഞ്ഞതവണയും അജയകുമാറിനെ ഈ സീറ്റിലേക്ക് പരിഗണിച്ചിരുന്നു. തൃത്താലയില്‍ എം.ആര്.മുരളിയുടെ പേരും പരിഗണനയ്ക്കു വന്നതായാണ് സൂചന. തെരഞ്ഞെടുപ്പ് തീയതി നീട്ടിയതാണ് സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നീണ്ടുപോകാന്‍ കാരണം.