അഗളി: അതിജീവനത്തിന്റെ നൂലിഴകള്‍ സ്വയം തുന്നിചേര്‍ത്ത് ആദിവാസി അമ്മമാര്‍ മാതൃകയാകുന്നു. ആദിവാസി കൂട്ടായ്മയായ “തമ്പിന്റെ നേതൃത്വത്തില്‍ കോട്ടത്തറ ഓഫീസ് അങ്കണത്തില്‍, അതിജീവനത്തിനായി സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി കുടനിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനവേദിയായിരുന്നു രംഗം. ആദിവാസി സ്ത്രീകള്‍ക്കായി തമ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച തൊഴില്‍ സംരംഭത്തിന്റെ ആദ്യപടിയായാണ് കുടനിര്‍മാണം നടന്നത്.
ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശെല്‍വി ബാലന്‍ കുടനിര്‍മാണത്തില്‍ പങ്കാളിയായികൊണ്ട് ഉദ്ഘാടനം നിര്‍ഹിച്ചു. “തമ്പ്’ പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.നിര്‍മിച്ച കുടയുടെ ആദ്യവിതരണോദ്ഘാടനം ചെയര്‍പേഴ്‌സണ്‍ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ജീവനക്കാരന്‍ രഘുവിന് നല്കി നിര്‍വഹിച്ചു.സ്വയം നെയ്‌തെടുത്ത കുട ചൂടി നടക്കുമ്പോള്‍ എന്തെന്നില്ലാത്ത ആത്മാഭിമാനം തോന്നുന്നതായി കുടനിര്‍മാണത്തില്‍ പങ്കെടുത്ത ആദിവാസി വീട്ടമ്മയായ ബി. ലക്ഷ്മി പറഞ്ഞു.
കമല, രേവതി, വീരമ്മ തുടങ്ങി 20-ഓളം ആദിവാസി വീട്ടമ്മമാരാണ് കുടനിര്‍മാണത്തില്‍ പങ്കെടുത്തത്. വീട്ടമ്മമാര്‍ നിര്‍മിച്ച കുടകള്‍ കാര്‍തുമ്പി കുടകള്‍ എന്ന പേരില്‍ “തമ്പ്’ വിപണിയില്‍ എത്തിക്കും. കാര്‍തുമ്പി ബ്ലാക്ക്, കളര്‍, ഡിസൈന്‍ എന്നിങ്ങനെ മൂന്നുതരത്തിലുള്ള കുടകളാണ് വിപണയില്‍ എത്തുന്നത്.
കുടകള്‍ കൂടാതെ വാഷിംഗ ്പൗഡര്‍, റാഗി പൗഡര്‍, ടോയിലെറ്റ് ക്ലീനര്‍ വിവിധതരം സോപ്പുകള്‍ എന്നിവ കൂടി വിപണിയില്‍ എത്തിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കുടകള്‍ വാങ്ങാന്‍ താത്പര്യമുള്ളവര്‍ “തമ്പ്’ ഓഫീസുമായി ബന്ധപ്പെടണം. (0492-4209271) കെ.എ.രാമു, ബി.ഉദയകുമാര്‍, ലക്ഷ്മി ഉണ്ണികൃഷ്ണന്‍, കെ.എന്‍.രമേഷ് എന്നിവര്‍ നേതൃത്വം നല്കി.